കേരളത്തിലെ പരാജയത്തോടെ ഇടതുപക്ഷ ഭരണമില്ലാത്ത രാജ്യമായി ഇന്ത്യ. ആദ്യം ബംഗാളും പിന്നെ ത്രിപുരയും കൈവിട്ടപ്പോഴും കേരളമാണ് കൂടെനിന്നത്. അതും നഷ്ടപ്പെട്ടതോടെ ഗൗരവമായ പുനര്‍വിചിന്തനത്തിന് സി.പി.എമ്മും സി.പി.ഐയും അടക്കമുള്ളവര്‍ തയാറാകേണ്ടിവരുംഇന്ത്യയില്‍ ഒരുപക്ഷേ ലോകത്തുതന്നെ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കുപ്പെട്ട ആദ്യ ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തിലായിരുന്നു. 

 

തുടര്‍ച്ചയായി രണ്ടുതവണ ഭരിക്കാന്‍ അവസരം നല്‍കി സംസ്ഥാനം പിന്നെയും ചരിത്രമെഴുതി. ഇന്ന് ഇടതുഭരണമില്ലാത്ത രാജ്യമായി ഇന്ത്യ മാറുന്നതും കേരളത്തിലൂടെ... 1957 ല്‍ ഇ.എം.എസ്. സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരമേറ്റതോടെയാണ് കമ്മ്യൂണിസ്റ്റ് ഭരണത്തിന് തുടക്കമാവുന്നത്. പിന്നെ ഇടതും വലതും വന്നും പോയുമിരുന്നു. പക്ഷേ ബംഗാളിലും ത്രിപുരയിലും അങ്ങനെയായിരുന്നില്ല. പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി ചെങ്കൊടിപാറി. 1977 മുതല്‍ 34 വര്‍ഷക്കാലം ബംഗാളിലും 1993 മുതല്‍ 25 വര്‍ഷം ത്രിപുരയിലും ഇടതുപക്ഷം തോല്‍വിയറിഞ്ഞില്ല. തുടര്‍ജയങ്ങള്‍ സ്ഥിര പരാജയത്തിന്‍റെ തുടക്കമായിരുന്നു എന്ന് വൈകിയാണ് പാര്‍ട്ടികള്‍ തിരിച്ചറിഞ്ഞത്. ബംഗാള്‍ ആദ്യം വീണു. 2011 ല്‍ മമത ബാനര്‍ജിയിലൂടെ . ഏഴുവര്‍ഷം കൂടി പിടിച്ചുനിന്ന ത്രിപുര 2018 ല്‍ ബി.ജെ.പിക്കു വഴിമാറി.

 

 രണ്ടു സംസ്ഥാനങ്ങളും പിന്നീടൊരിക്കലും ഇടതിനെ തുണച്ചില്ല. അപ്പോഴും ആശ്വാസമായി കേരളമുണ്ടായിരുന്നു. ആ തുരുത്താണ് ഇപ്പോള്‍ ഇല്ലാതായത്. കാലത്തിനൊപ്പം മാറിയില്ല, ജനങ്ങളില്‍ നിന്ന് അകന്നു, നയങ്ങളും നിലപാടുകളും രണ്ടുവഴിക്കായി, വലതുപക്ഷ വ്യതിയാനം... പരാജയത്തിന് വിമര്‍ശകര്‍ക്ക് ചൂണ്ടിക്കാട്ടാന്‍ കാരണങ്ങള്‍ പലതുമുണ്ടാകും. നിലപാടുകള്‍ പലപ്പോഴും സ്വന്തം മുഖത്തുനോക്കി കൊഞ്ഞനംകുത്തുന്നതിനും കമ്മ്യൂണിസ്റ്റുകള്‍ സാക്ഷിയായിട്ടുണ്ട്. അതിന്‍റെയെല്ലാം ആകെത്തുകയാണ് ഇപ്പോഴത്തെ പരാജയം... സി.പി.എം അടക്കം ഇടതുപാര്‍ട്ടികള്‍ക്ക് ഇനി ആത്മപരിശോധനയുടെ കാലമാണ്.