ബേപ്പൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ്. കഴിഞ്ഞ തവണ നേടിയ എണ്‍പത്തിരണ്ടായിരം വോട്ടുകള്‍ ഇക്കുറിയും ഇടതുമുന്നണിക്ക് ലഭിക്കും. എല്‍ഡിഎഫ് മികച്ച വിജയത്തോടെ അധികാരത്തില്‍വരും. നിഷ്പക്ഷര്‍ എല്‍ഡിഎഫിനൊപ്പമാണ്. വ്യക്തി അധിക്ഷേപങ്ങള്‍ക്ക് ജനം മറുപടി നല്‍കുമെന്നും റിയാസ് മനോരമ ന്യൂസിനോടു പറഞ്ഞു.
Also Read: യു.ഡി.എഫിന്റെ നൂറ് സീറ്റ് സ്വപ്നം; കോൺഗ്രസിന് മുന്നിലെ കടമ്പകൾ
അതേസമയം, ബേപ്പൂരിലേത് ഞെരുങ്ങിയ ജയമാകുമെന്ന് എതിര്‍ സ്ഥാനാര്‍ഥി പി.വി അന്‍വര്‍ പറഞ്ഞു. ഭൂരിപക്ഷം 2000–3000നും ഇടയിലാകാനാണ് സാധ്യത . ന്യൂനപക്ഷ–ഭൂരിപക്ഷ ഏകീകരണം നടന്നെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലം കൂടിയാണ് ബേപ്പൂര്‍. തോറ്റാല്‍ തല മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന പി വി അന്‍വറിന്റെ വെല്ലുവിളിക്ക് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം വ്യക്തികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ലെന്ന് റിയാസ് പറഞ്ഞു. അതേസമയം താന്‍ ബെറ്റില്‍ നിന്ന് പിന്‍മാറിയിട്ടില്ലന്നും വെല്ലുവിളി ഏറ്റെടുക്കാന്‍ റിയാസിന് ഇനിയും സമയമുണ്ടെന്നും അന്‍വര്‍ കണ്ണൂരില്‍ പറഞ്ഞു.
വിധിയറിയാന്‍ ഒരു ദിവസം മാത്രം ശേഷിക്കുമ്പോഴും വാക്കുകളുടെ മൂര്‍ച്ച കൂട്ടുകയാണ് അന്‍വര്‍. ശൈലജയെ പേരാവൂരില്‍ മത്സരിപ്പിച്ചത് കഴിഞ്ഞതവണ പിണറായിയേക്കാള്‍ ഭൂരിപക്ഷം കിട്ടിയത് കൊണ്ടാണെന്നും മരുമോനിസത്തിന്‍റെ ഭാഗമായാണ് ജയരാജന്‍മാരെയടക്കം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്നും അന്‍വര്‍ ആരോപിച്ചു.
വൈകാരികതയല്ല, രാഷ്ട്രീയബോധമാണ് തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നായിരുന്നു അന്‍വറിന്റ വെല്ലുവിളിക്ക് റിയാസിന്‍റെ മറുപടി. അന്‍വറിന്‍റെ വാക്കുകള്‍ ജനങ്ങള്‍ വിലയിരുത്തുമെന്നും റിയാസ് പറഞ്ഞു.
വെല്ലുവിളിയും വാക്പോരും അന്‍വര്‍ തുടരുമ്പോള്‍ ബേപ്പൂരിന്റ ജനവിധിയെന്തെന്നറിയാന്‍ രാഷ്ട്രീയ കേരളവും ഉറ്റുനോക്കുകയാണ്.