സിപിഎം മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി പി.വി. അൻവർ. പയ്യന്നൂർ വെള്ളൂരിലെ കുഞ്ഞികൃഷ്ണന്റെ വസതിയിൽ വെച്ചായിരുന്നു സന്ദർശനം. കുഞ്ഞികൃഷ്ണൻ എഴുതിയ 'നേതൃത്വത്തെ ജനങ്ങൾ തിരുത്തണം' എന്ന പുസ്തകം ഏറ്റുവാങ്ങുന്ന ചിത്രം അൻവർ ഫെയ്ബുക്കിൽ പങ്കുവെച്ചു.

'അതെ, നേതൃത്വത്തെ അണികൾ തിരുത്തിയിട്ടുണ്ട്. അല്പം കൂടി കാത്തിരിക്കൂ…' എന്നാണ് ചിത്രം പങ്കുവെച്ച് അൻവർ കുറിച്ചത്. അരമണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ ഇരുവരും ഗൗരവതരമായ വിഷയങ്ങൾ സംസാരിച്ചതായാണ് വിവരം. അൻവർ നടത്തുന്ന പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്. 

പയ്യന്നൂരിലെ സിപിഎം ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വവുമായി അകന്നുനിൽക്കുകയാണ് വി. കുഞ്ഞികൃഷ്ണൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞികൃണൻ യുഡിഎഫ് പിന്തുണയിൽ മത്സരിക്കുകയും ചെയ്തിരുന്നു. അസംതൃപ്തരായ ഇടതുപക്ഷ നേതാക്കളെയും പ്രവർത്തകരെയും ഏകോപിപ്പിക്കാനുള്ള അൻവറിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ സന്ദർശനമെന്നും വിലയിരുത്തപ്പെടുന്നു.

അതേസമയം കൂടിക്കാഴ്ചയ്ക്ക് ശേഷം പി.വി. അൻവർ മാധ്യമങ്ങളോട്,  ഇതൊരു വ്യക്തിപരമായ സന്ദർശനം മാത്രമാണെന്നാണ് പ്രതികരിച്ചത്. കുഞ്ഞികൃഷ്ണനെ കാണാൻ എത്തിയതാണെന്നും ഇതിൽ മറ്റ് അർഥങ്ങൾ ഇല്ലെന്നും അൻവർ പറഞ്ഞു.

ENGLISH SUMMARY:

PV Anwar met with CPM former Area Secretary V Kunhikrishnan. The meeting, held at Kunhikrishnan's residence, is being viewed as a strategic political move by Anwar, aiming to unite dissatisfied Left leaders and workers.