വി.ഡി.സതീശനു വേണ്ടി വീണ്ടും ഫ്ലക്സുകള്‍. കെ.സി.വേണുഗോപാല്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നോട്ടമിട്ടിട്ടുണ്ടെന്ന് പ്രചരിക്കുന്ന  ഇരിക്കുറിലടക്കം സതീശനായി ഫ്ലക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പരസ്യനിലപാടുകളില്‍ നിന്ന് നേതാക്കള്‍ പിന്‍വലിഞ്ഞതിന് പിന്നാലെയാണ് അണികളുടെ ഫ്ലക്സ് പോരാട്ടം .

 

ഫ്ലക്സ് പോരില്‍ വി.ഡി.സതീശന് പിന്നിലാണ് കുടുതല്‍ പേരുള്ളത്.  തൊട്ടുപിന്നിലുണ്ട് രമേശ് ചെന്നിത്തലയുടെ ആരാധകര്‍.  കെ.സി വേണുഗോപാലിനായും ചിലയിടങ്ങളില്‍  ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടു.  മുഖ്യമന്ത്രി ചര്‍ച്ചയില്‍ പരസ്യ പ്രതികരണം വിലക്കിയതോടെ ഫ്ലക്സാണ് ആയുധം. ഒപ്പം സാമൂഹ്യമാധ്യ ചര്‍ച്ചകളും. കെ.സി വേണുഗോപാലിന്‍റെ സ്വന്തം തട്ടകമായ ഇരിക്കൂര്‍ മണ്ഡലത്തില്‍ ആദ്യമായാണ് സതീശനു വേണ്ടി ഫ്ലക്സ് ഉയരുന്നത്. മുഖ്യമന്ത്രിയായാല്‍ ആറു മാസം കൊണ്ട് ഇരിക്കൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്തി കെ.സി വേണുഗോപാല്‍ ജയിച്ചുവരുമെന്നാണ് അണിയറ ചര്‍ച്ച. അതേസ്ഥലത്ത് കെ.സി വേണുഗോപാലിനായി ആരും ഫ്ലക്സ് വെച്ചില്ലെന്നതതാണ് സവിശേഷത.

 

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങള്‍ എന്ന തലവാചകത്തോടെയാണ് ഇരിക്കൂര്‍ മണ്ഡലത്തിലെ ശ്രീകണ്ഠാപുരത്ത് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. കൊട്ടൂര്‍വയല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ഫ്ലക്സ്. തൊടുപുഴയിലും സതീശനായി കൂറ്റന്‍ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു, പട നയിച്ചവന്‍ നാട് നയിക്കുമെന്ന തലക്കെട്ടിലാണ് ടീം യുഡിഎഫ് തൊടുപുഴയുടെ പേരില്‍ പട്ടയംകവലയിലെ ഫ്ലക്സ് ബോര്‍‍ഡ്. നിലപാടുകളുടെ രാജകുമാരന് അഭിവാദ്യമെന്നും ബോര്‍ഡിലുണ്ട്.

ENGLISH SUMMARY:

The leadership debate within the Congress party in Kerala has intensified with new flex boards appearing in support of V.D. Satheesan as the potential Chief Minister candidate. Flex campaigns have surfaced in several places, including Irikkur, the political stronghold of K.C. Venugopal. With party leaders avoiding public statements on the issue, supporters have turned to flex boards and social media campaigns to push their preferred candidates, adding fresh momentum to the Congress power struggle ahead of government formation discussions.