ബേപ്പൂരില്‍ തോറ്റാല്‍ തല മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന  പി വി അന്‍വറിന്‍റെ വെല്ലുവിളിക്ക് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാഷ്ട്രീയം വ്യക്തികള്‍ തമ്മിലുള്ള ഗുസ്തി മത്സരമല്ലെന്ന് റിയാസ് പറഞ്ഞു.  താന്‍ ബെറ്റില്‍ നിന്ന് പിന്‍മാറിയിട്ടില്ലന്നും വെല്ലുവിളി ഏറ്റെടുക്കാന്‍  റിയാസിന് ഇനിയും സമയമുണ്ടെന്നും അന്‍വര്‍ കണ്ണൂരില്‍ പറഞ്ഞു. 

വിധിയറിയാന്‍ ഒരു ദിവസം  മാത്രം ശേഷിക്കുമ്പോഴും വാക്കുകളുടെ മൂര്‍ച്ച കൂട്ടുകയാണ് അന്‍വര്‍. ഇതുവരെ ബേപ്പൂരില്‍ നിന്നായിരുന്നു ആരോപണങ്ങളെങ്കില്‍ ഇന്ന് കണ്ണൂരില്‍ വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു വിമര്‍ശനം. ശൈലജയെ പേരാവൂരില്‍ മത്സരിപ്പിച്ചത് കഴിഞ്ഞതവണ പിണറായിയേക്കാള്‍ ഭൂരിപക്ഷം കിട്ടിയത് കൊണ്ടാണെന്നും മരുമോനിസത്തിന്‍റെ ഭാഗമായാണ് ജയരാജന്‍മാരെയടക്കം  തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്നും അന്‍വര്‍.

തല മൊട്ടയടിക്കുമെന്ന് പറഞ്ഞത്  ബൈറ്റിന്‍റെ ഭാഗമാണ്. ആ വെല്ലുവിളി ഏറ്റെടുക്കാന്‍ റിയാസ് ഇതുവരെ തയാറായിട്ടില്ല. വൈകാരികതയല്ല രാഷ്ട്രീയബോധമാണ് തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നായിരുന്നു അന്‍വറിന്‍റെ വെല്ലുവിളിക്ക്   റിയാസിന്‍റെ മറുപടി. അന്‍വറിന്‍റെ വാക്കുകള്‍ ജനങ്ങള്‍ വിലയിരുത്തും. മണ്ഡലം വിട്ടും  വെല്ലുവിളിയും വാക്പോരും അന്‍വര്‍   തുടരുമ്പോള്‍  ബേപ്പൂരിന്‍റെ ജനവിധിയെന്തെന്നറിയാന്‍ രാഷ്ട്രീയ കേരളവും ഉറ്റുനോക്കുകയാണ്. 

ENGLISH SUMMARY:

PV Anwar's election challenge to shave his head and wear a bangle if he loses the Beypore election has drawn a response from Minister P. A. Muhammad Riyas. Riyas stated that politics is not a wrestling match between individuals, emphasizing that emotions should not be the primary focus in elections