മുഖ്യമന്ത്രി ചർച്ചയിൽ വി.ഡി.സതീശന് പിന്തുണ നൽകി മുസ്‌ലിം ലീഗ് മുന്നോട്ടു പോകുമ്പോൾ പ്രതിസന്ധിയിലായി കോൺഗ്രസ്. വി.ഡി.സതീശനെ അനുകൂലിക്കുന്ന ലീഗ് നിലപാടിനെതിരെ മലപ്പുറം കോട്ടയ്ക്കലിൽ മുസ്‌ലിം ലീഗ് ഓഫീസിൽ മുന്നിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിച്ചോട്ടെ സതീശന്‍റെ പിആറിൽ നമ്മുടെ നേതാക്കൾ വീഴരുതെന്നുമാണ് കോട്ടയ്ക്കൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിലുള്ളത്.

വി.ഡി.സതീശന് ജനപിന്തുണയുണ്ടെന്നും ജനസ്വീകാര്യത കൂടി പരിഗണിച്ചാവും യുഡിഎഫ് തീരുമാനമെടുക്കുക എന്നുമുള്ള പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവന ഫലത്തിൽ പിന്തുണ തന്നെയാണ്. കഴിഞ്ഞദിവസം കോഴിക്കോട് ചേർന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിലും കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച പ്രധാന വിഷയമായി. വി.ഡി.സതീശനെ അനുകൂലിച്ചും യോഗത്തിൽ നേതാക്കൾ സംസാരിച്ചു. ഫലം വരും മുൻപേ ലീഗ് നേതൃത്വം സതീശന് പിന്തുണ പ്രഖ്യാപിക്കുന്നത് കോൺഗ്രസ് നേതൃത്വത്തെ ശരിക്കും വെട്ടിലാക്കുന്നുണ്ട്.

ഏറ്റവും നിർണായക സ്വാധീനമുള്ള ലീഗിന്‍റെ നേതാക്കൾ പരസ്യ പ്രതികരണം ഒഴിവാക്കി പകരം ഹൈക്കമാന്‍റിനെ വികാരം ധരിപ്പിക്കണമെന്നാണ് ഭൂരിഭാഗം കോൺഗ്രസ് നേതാക്കളുടെയും അഭിപ്രായം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രസ്താവനയ്ക്ക് പിന്നാലെ കോൺഗ്രസിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ലീഗാണെന്ന ആക്ഷേപവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയതും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. എന്നാൽ വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവനയെ ലീഗ് നേതൃത്വം തള്ളിയിട്ടുണ്ട്.

Muslim League’s Support for V.D. Satheesan Sparks Dispute:

While the Muslim League leadership, including Panakkad Sadiqali Shihab Thangal, openly supports V.D. Satheesan for the Chief Minister post, internal dissent grows. Flex boards appeared in Kottakkal warning League leaders not to fall for Satheesan's PR. The Congress leadership is concerned that such open declarations might backfire, especially after Vellapally Natesan's critical remarks.