kerala-election-results-ldf-ministers

കേരളം ഇനി ആര് ഭരിക്കുമെന്ന് അറിയാൻ മൂന്നുദിവസം കൂടി മാത്രം. പ്രതീക്ഷ കൈവിടാതെ വോട്ടെണ്ണൽ ദിനമായ തിങ്കളാഴ്ചത്തേക്കുള്ള ഒരുക്കത്തിലാണ് മൂന്ന് മുന്നണികളും. എക്സിറ്റ്​ പോൾ ഫലങ്ങളെല്ലാം അനുകൂലമായതിന്റെ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്. എക്സിറ്റ്​ പോള്‍ പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റ് നേടി ഭരണം തിരിച്ചു പിടിക്കും എന്നാണ് യുഡിഎഫിന്റെ ഉറച്ച വിശ്വാസം. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ചർച്ചകളും കോൺഗ്രസിൽ കൂടുതൽ സജീവമായി. എന്നാൽ ഭരണത്തുടർച്ച എന്ന പ്രതീക്ഷയ്ക്ക് എക്സിറ്റ് പോളുകൾ മങ്ങലേൽപ്പിച്ചതിന്റെ ആശയക്കുഴപ്പം ഇടതു ക്യാമ്പിൽ പ്രകടമാണ്. ഇന്നലെ വൈകിട്ട് പുറത്തുവന്ന ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോളിൽ സംസ്ഥാനത്ത് ബലാബലം എന്ന പ്രവചനം ഇടത് ക്യാമ്പിന് നേരിയ ആശ്വാസം നൽകുന്നുമുണ്ട്. അതിനാൽ വോട്ടെണ്ണുമ്പോൾ നേരിയ സീറ്റുകൾക്കെങ്കിലും ഭരണം തുടരാൻ ആകുമെന്ന് പ്രതീക്ഷയിലാണ് എൽഡിഎഫ്, മെയ് നാലിനായി കാത്തിരിക്കുന്നത്. ഭൂരിഭാഗം എക്സിറ്റ് പോളുകളും അക്കൗണ്ട് തുറക്കുമെന്ന് പ്രവചിച്ചത് ബിജെപി ക്യാംപിനും ആവേശം നൽകിയിട്ടുണ്ട്.

അതേസമയം, തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച മുഖ്യമന്ത്രി ഉള്‍പ്പടെ  20 മന്ത്രിമാരില്‍ വിജയസാധ്യത ഉറപ്പുള്ളത് കേവലം ഏഴു പേര്‍ക്ക് മാത്രം.  വി ശിവന്‍കുട്ടിയും കെ എന്‍ ബാലഗോപാലും എം ബി രാജേഷും വീണ ജോര്‍ജും ഉള്‍പ്പടെയുള്ളവരുടെ കാര്യത്തില്‍ വോട്ടെണ്ണി കഴിഞ്ഞാല്‍ മാത്രമേ ഉറപ്പിക്കാനാവൂ. വോട്ടെണ്ണുമ്പോള്‍ മന്ത്രിമാര്‍ കൂട്ടത്തോടെ തോല്‍ക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവായ വി.ഡി.സതീശന്‍റെ വാക്കുകള്‍. ഇത് ആദ്യം പുച്ഛിച്ച് തള്ളിയെങ്കിലും വോട്ടെണ്ണല്‍ അടുക്കുമ്പോള്‍ അതേ ആശങ്കയിലാണ് ഇടതുകേന്ദ്രങ്ങള്‍.  

മല്‍സരിക്കാനിറങ്ങിയ മന്ത്രിമാരില്‍ എത്രപേര്‍ ജയിച്ചുകയറുമെന്നത് വലിയ ചോദ്യചിഹ്നമാണ്.  20 മന്ത്രിമാരില്‍ 7 പേര്‍ക്ക് മാത്രമാണ് എല്‍ഡിഎഫിന്‍റെ കണക്കില്‍ നൂറ് ശതമാനം വിജയസാധ്യതയുള്ളത്. ധര്‍മടത്ത് മല്‍സരിച്ച   മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് വിജയിക്കുന്നവരുടെ പട്ടികയില്‍ ആദ്യമുള്ളത് . സിപിഐയുടെ മല്‍സരിച്ച നാലുമന്ത്രിമാരും വിജയസാധ്യത ഉറപ്പുള്ളരാണെന്നത് സിപിഐക്ക് ആശ്വാസമാണ് . ഒല്ലൂരില്‍ കെ രാജന്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന്  പ്രതീക്ഷിക്കപ്പെടുന്നു.  നെടുമങ്ങാട് ജി ആര്‍ അനിലും വിജയം ഉറപ്പിക്കുന്നുണ്ട്. ചടയമംഗലത്ത്   ചിഞ്ചുറാണിയും ചേര്‍ത്തലയില്‍ പി പ്രസാദും വിജയം  ഉറപ്പുള്ളവരുടെ  പട്ടികയിലാണ്. 

സിപിഎമ്മില്‍ നിന്ന് മുഖ്യമന്ത്രി കഴിഞ്ഞാല്‍  വിജയസാധ്യത ഉറപ്പുള്ളത്  ചെങ്ങന്നൂരില്‍ സജി ചെറിയാന് മാത്രമാണ്.  എലത്തൂരില്‍ മല്‍സരിച്ച  എന്‍സിപിയുടെ  എ.കെ.ശശീന്ദ്രന്‍ ഇത്തവണയും വിജയിച്ചു കയറുമെന്നാണ് സിപിഎം കണക്കാക്കുന്നത്. കടുത്ത മല്‍സരമാണ് നേരിട്ടതെങ്കിലും വിജയിച്ചു കയറുമെന്ന് സിപിഎം പ്രതീക്ഷിക്കുന്ന  മന്ത്രിമാരാണ് കൊട്ടാരക്കരയില്‍ മല്‍സരിച്ച  കെ.എന്‍.ബാലഗോപാലും പത്തനാപുരത്ത് മല്‍സരിച്ച കെ.ബി.ഗണേഷ് കുമാറും. ബേപ്പൂരില്‍ മുഹമ്മദ് റിയാസിനു വിജയസാധ്യതയുണ്ടെങ്കിലും കടുത്ത മല്‍സരം നേരിട്ടതിനാല്‍  നൂറ് ശതമാനം വിജയിക്കുന്നവരുടെ പട്ടികയില്‍ ഇടതു കേന്ദ്രങ്ങള്‍ റിയാസിനെ  കൂട്ടിയിട്ടില്ല. 

നേമത്ത് വി.ശിവന്‍കുട്ടി, ആറന്‍മുളയില്‍ വീണ ജോര്‍ജ്,  കളമശ്ശേരിയില്‍ പി.രാജീവ് , തൃത്താലയില്‍ എം.ബി.രാജേഷ്   എന്നിവരും  കടുത്ത് മല്‍സരമാണ് നേരിട്ടത്. അതിനാല്‍ ഇവരുടെ വിജയത്തില്‍ കാര്യമായ ആത്മവിശ്വാസം സിപിഎം കേന്ദ്രങ്ങള്‍ക്കില്ല. മന്ത്രിസഭയിലെ പ്രബലനായ വി.എന്‍.വാസവനും കടുത്ത മല്‍സരം നേരിട്ടതിനാല്‍ ഫലത്തില്‍ ആത്മവിശ്വാസമില്ല . താനൂരില്‍ നിന്ന്  തിരൂരിലേക്ക് മാറി മല്‍സരിച്ച  വി.അബ്ദുറഹിമാന്‍റെ വിജയവും ഈ ഘട്ടത്തില്‍ സിപിഎം ഉറപ്പിക്കുന്നില്ല.  ഇരിങ്ങാലക്കുടയില്‍ ആര്‍.ബിന്ദു, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍  മാനന്തവാടിയില്‍  ഒ.ആര്‍ .കേളു, കണ്ണൂരില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി  എന്നിവരുടെ സ്ഥിതിയും സുരക്ഷിതമല്ലെന്നാണ് സിപിഎം  കരുതുന്നത്. ഭരണം നഷ്ടമാവുമോ എന്നത് മാത്രമല്ല  മന്ത്രിമാര്‍ എത്ര പേര്‍ വിജയിക്കുമെന്നതും എല്‍ഡിഎഫ് കേന്ദ്രങ്ങളെ ആശയകുഴപ്പത്തിലാക്കിയിരിക്കെയാണ്.

ENGLISH SUMMARY:

With the election results just days away, the LDF is facing growing anxiety as internal reports suggest only 7 out of 20 contesting ministers are in the "safe zone." While CM Pinarayi Vijayan and CPI ministers are expected to win, heavyweights like Mohammed Riyas, KN Balagopal, and MB Rajesh are in tight races. Exit polls favoring the UDF have intensified the suspense, though "Today's Chanakya" predicts a neck-and-neck battle, giving slight hope to the Left.