നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എച്ച് സലാം തോല്‍ക്കുമെന്ന് ഉറപ്പായെന്നും അയാള്‍  ഭ്രാന്ത് പിടിച്ച് നടക്കുകയാണോ എന്നും യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരന്‍. അദ്ദേഹത്തിന് തീവ്രവാദബന്ധമെന്ന് താന്‍ പറഞ്ഞിട്ടില്ല. തനിക്കെതിരെ തെളിവ് പുറത്തുവിടാൻ വോട്ടെണ്ണൽ വരെ കാത്തിരിക്കേണ്ടതില്ല . എച്ച് സലാം ഇന്ത്യയുടെ ഭരണഘടനാ വിദഗ്ധനൊന്നുമല്ലല്ലോ. കോടതി സലാമിന്റെ പോക്കറ്റിലിരിക്കുന്ന കളിപ്പാട്ടമല്ലെന്നും സുധാകരന്‍ പരിഹസിച്ചു. തിരുവനന്തപുരത്ത് ഇ.വി. ശ്രീധരൻ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

Also Read: എല്ലാ കണ്ണും കാതും മെയ് നാലിലേക്ക്; ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ; ട്രെന്‍ഡ് എപ്പോള്‍ അറിയാം?

സംസ്ഥാനത്ത് ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് അമ്പലപ്പുഴ. പലപ്പോഴും ജി. സുധാകരന്‍ സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം നടത്തിയിരുന്നു. 

സിപിഎം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്.സുജാതയ്ക്കെതിരെ ജാതി പറഞ്ഞു നടത്തിയ പരാമർശം വിവാദമായിരുന്നു. സുജാത നായന്മാരുടെ വീടുകളിലേ കയറൂവെന്നും നായരാണെന്നു മനസ്സിലാകാൻ തലയിൽ മുല്ലപ്പൂവും തുളസിയും ചൂടുമെന്നുമാണു പറവൂരിലെ സ്വീകരണ യോഗത്തിൽ സുധാകരൻ പ്രസംഗിച്ചിരുന്നു.

 

ഇരുമുന്നണികള്‍ക്കും അമ്പലപ്പുഴയില്‍ ജീവന്മരണപ്പോരാട്ടമാണ്. സുധാകരന്‍ ജയിച്ചാല്‍ പാർട്ടിയോട് മധുരപ്രതികാരത്തിനുള്ള അവസരം കൂടിയാകും. ജയിച്ചാൽ അദ്ദേഹം ‘ഹീറോ’ ആകും. തോറ്റാൽ ‘സീറോ’യും. സിപിഎമ്മിനെ ഈ തിരഞ്ഞെടുപ്പിൽ ഇത്രയേറെ അലോസരപ്പെടുത്തിയ മറ്റൊരു സ്ഥാനാർഥി ഇല്ല. അതുകൊണ്ടുതന്നെ സുധാകരനെ മുട്ടുകുത്തിച്ച് അമ്പലപ്പുഴ നിലനിർത്തേണ്ടത് പാർട്ടിക്കും അഭിമാനപ്രശ്നമാണ്.  

ENGLISH SUMMARY:

G. Sudhakaran criticizes H. Salam, predicting his defeat and questioning his sanity in the Ambalappuzha constituency. This intense political battle is a significant focus in the Kerala assembly elections, with accusations and counter-accusations shaping the narrative.