സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തില്‍ വരുമെന്നുള്ള എക്സിറ്റ് പോളുകള്‍ തള്ളി മന്ത്രി മുഹമ്മദ് റിയാസ്. എക്സിറ്റ് പോളും എക്സാറ്റ് പോളും വ്യത്യസ്തമാകുമെന്നും തുടര്‍ഭരണമുണ്ടാകുമെന്നും വോട്ടെണ്ണിക്കഴിഞ്ഞ് കാണാമെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. എല്‍ഡിഎഫിനെതിരെ ന്യൂനപക്ഷ ഏകീകരണമില്ലെന്നും അങ്ങനെയുണ്ടായിരുന്നുവെങ്കില്‍ 2021 ല്‍ ബേപ്പൂരില്‍ ജയിക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എക്സിറ്റ് പോളാണ് ആകെ എല്ലാം എന്ന് ഒരിക്കലും കരുതുന്ന ഒരു വ്യക്തിയല്ല ഞാൻ, ഞങ്ങളുടെ പ്രസ്ഥാനവും.  2021 ല്‍ എക്സിറ്റ് പോൾ വന്ന സമയത്ത് ഞാൻ ഉൾപ്പെടെ പല എൽഡിഎഫ് സ്ഥാനാർത്ഥികളും പരാജയപ്പെട്ടിരുന്നു. എന്നാല്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ബേപ്പൂർ നിയോജകമണ്ഡലം കണ്ട സർവ്വകാല റെക്കോർഡ് എല്‍ഡിഎഫ് സ്ഥാനാർഥിയായ എനിക്ക് ലഭിച്ചു'- റിയാസ് വിശദീകരിച്ചു. 

ന്യൂനപക്ഷങ്ങള്‍ അന്‍പത് ശതമാനത്തിലധികം വോട്ടു ചെയ്ത മണ്ഡലമണ് ബേപ്പൂരെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് തന്നെ അധികാരത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, എക്സിറ്റ് പോളില്‍ സത്യമുണ്ടാകുമെന്നും കേവല ഭൂരിപക്ഷത്തെക്കാള്‍ മികച്ച വിജയം യുഡിഎഫ് നേടുമെന്നും പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു. മലപ്പുറത്ത് എല്ലാ സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും  ലീഗ് 22 സീറ്റ് വരെ നേടുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചര്‍ച്ചയില്‍ ജനവികാരം കോണ്‍ഗ്രസ് പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Following the Manorama News C-Voter Exit Polls, Minister P.A. Mohammed Riyas expressed confidence in an LDF continuation, stating that "Exit Polls and Exact Polls" differ. He cited his 2021 Beypore victory as proof against minority consolidation theories. Conversely, Panakkad Sadiqali Shihab Thangal claimed the UDF would secure a majority well beyond the mark, predicting the IUML would win up to 22 seats and all segments in Malappuram.