നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന എക്സിറ്റ് പോളുകളെ തള്ളി എല്‍ഡിഎഫ്. കേരളത്തിന്‍റെ യഥാര്‍ഥ വിധിയുമായി പൊരുത്തപ്പെടുന്നതല്ലെന്നും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. പിണറായി വിജയന് വലിയ അംഗീകാരമാണ് എക്സിറ്റ് പോളുകള്‍ നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തിരഞ്ഞെടുപ്പ് ഫലം എന്താകുമെന്നതില്‍ ഉത്കണ്ഠയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഭരണവിരുദ്ധ വികാരമില്ലെന്നും എക്സിറ്റ് പോളുകളും അതാണ് സൂചിപ്പിക്കുന്നതെന്നും എല്‍ഡിഎഫ് ജയിക്കുമെന്ന് എക്സിറ്റ് പോളുകള്‍ രഹസ്യമായി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ പിണറായി തന്നെയെന്നാണ് എക്സിറ്റ് പോളുകളും പറയുന്നത്. ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, എക്സിറ്റ് പോള്‍ എക്സാറ്റ് പോളാകുമെന്ന് കോണ്‍ഗ്രസ് നേതാവും വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.മുരളീധരന്‍. എക്സിറ്റ് പോളുകളില്‍ വിശ്വാസമുണ്ടെന്നും പാര്‍ട്ടി കണക്കും എക്സിറ്റ് പോളും ഏകദേശം തുല്യമാണെന്നും യുഡിഎഫിന് 90 സീറ്റ് വരെ കിട്ടുമെന്നും കെ.മുരളീധരന്‍ പറഞ്ഞു. അതേസമയം, പിണറായിക്ക് മുന്‍തൂക്കം ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.