വടക്കയേറ്റത്ത് വലിയ പ്രതീക്ഷകളോടെയാണ് മൂന്നുമുന്നണികളും തിരഞ്ഞെടുപ്പിനെ നേരിട്ടത്. വിഐപി മണ്ഡലമായ മഞ്ചേശ്വരമടക്കം അഞ്ചുസീറ്റുകളില്‍ ശക്തമായ മത്സരമാണ് നടന്നത്. എന്‍ഡിഎ എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന മഞ്ചേശ്വരത്ത് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് വിജയമുറപ്പിക്കാനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കിയത്. പക്ഷേ മണ്ഡലത്തില്‍ മാറ്റമില്ലെന്നാണ് മനോരമ ന്യൂസ്-സി വോട്ടര്‍ എക്സിറ്റ് പോള്‍ ഫലം.
യുഡിഎഫ് സ്ഥാനാര്‍ഥിയും മുസ്‍ലിം ലീഗിലെ എ.കെ.എം. അഷ്റഫ് മണ്ഡലം നിലനിര്‍ത്തുമെന്ന് എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 745 വോട്ടിന് സുരേന്ദ്രന്‍ പരാജയപ്പെട്ട മണ്ഡലത്തില്‍ ഇക്കുറി യുഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയതായും എക്സിറ്റ് പോള്‍ വ്യക്തമാക്കുന്നു.
മഞ്ചേശ്വരം, ഉദുമ, കാസര്‍കോട്, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന കാസര്‍കോട് ജില്ലയില്‍ രണ്ടുമുതല്‍ നാലുസീറ്റുകള്‍വരെ യുഡിഎഫ് നേടുമെന്നാണ് എക്സിറ്റ് പോള്‍. എല്‍ഡിഎഫിന് ഒന്നുമുതല്‍ മൂന്ന് സീറ്റുകള്‍ വരെ ലഭിക്കാം.
കാസര്‍കോട് ജില്ലയില്‍ 41 ശതമാനം വോട്ടാണ് എക്സിറ്റ് പോള്‍ യുഡിഎഫിന് പ്രവചിക്കുന്നത്. എല്‍എഫിന് 37 ശതമാനം വോട്ട് ലഭിക്കും. എന്‍ഡിഎക്ക് 18 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.