ഏത് കൊടുങ്കാറ്റു വന്നാലും ഇളകാത്ത ഇടതുകോട്ടകളാണ് കണ്ണൂരില്‍ എല്‍ഡിഎഫിനുള്ളത്. ആ കോട്ടകളില്‍ വിമതരെ ഉപയോഗിച്ച് വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ് യുഡിഎഫ് എന്ന് മനോരമ ന്യൂസ് സി വോട്ടര്‍ എക്സിറ്റ് പോള്‍ സൂചിപ്പിക്കുന്നു. രക്തസാക്ഷി ഫണ്ട് തട്ടിപ്പില്‍ പയ്യന്നൂരില്‍ തുടങ്ങിയ വിവാദം ഈ തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനമെങ്ങും നിറഞ്ഞു നിന്നു. കണക്കില്‍ ക്രമക്കേടുണ്ടെന്നും തട്ടിപ്പ് നടന്നുവെന്നും ചൂണ്ടിക്കാട്ടി വി.കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടി വിട്ടതും തളിപ്പറമ്പില്‍ പി.കെ.ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി ടി.കെ.ഗോവിന്ദന്‍ പാര്‍ട്ടി വിട്ടതും വലിയ തലവേദന സിപിഎമ്മിന് സൃഷ്ടിച്ചു.
കണ്ണൂരില്‍ 44 ശതമാനം വോട്ട് ഷെയര്‍ എല്‍ഡിഎഫും 43 ശതമാനം യുഡിഎഫും ഒന്‍പത് ശതമാനം എന്‍ഡിഎയും നേടുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. ആകെ 11 സീറ്റുകളില്‍ ആറു മുതല്‍ എട്ടുവരെ സീറ്റുകള്‍ വരെ എല്‍ഡിഎഫ് നേടിയേക്കാമെന്നും മൂന്ന് മുതല്‍ അഞ്ച് സീറ്റുവരെ യുഡിഎഫ് നേടിയേക്കാമെന്നും എക്സിറ്റ് പോള്‍ പറയുന്നു. എന്‍ഡിഎയ്ക്ക് മണ്ഡലത്തില്‍ ജയസാധ്യത ഇല്ല.
കെ.സുധാകരന്‍ സ്ഥാനാര്‍ഥിത്വം ആഗ്രഹിച്ചതിന്‍റെ പേരില്‍ വിവാദമുനയില്‍ നിന്ന കണ്ണൂര്‍ മണ്ഡലം ഇക്കുറി കടുത്ത പോരാട്ടമെന്നാണ് എക്സിറ്റ് പോള്‍ഫലം. കോണ്‍ഗ്രസിലെ ടി.ഒ.മോഹനനും സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ രാമചന്ദ്രന്‍ കടന്നപ്പള്ളിയും ഏറ്റുമുട്ടുന്ന കണ്ണൂരില്‍ മോഹനനാണ് നേരിയ മുന്‍തൂക്കം.
സിപിഎം സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദന്‍റെ ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതുവഴി പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവച്ച തളിപ്പറമ്പില്‍ എല്‍ഡിഎഫിന് തന്നെയാണ് മേല്‍ക്കൈ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 22,689 വോട്ടിനാണ് എം.വി.ഗോവിന്ദന്‍ ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിലെ അഡ്വ. വി.പി.അബ്ദുല്‍ റഷീദായിരുന്നു എതിരാളി. എന്നാല്‍ ഇക്കുറി എം.വി.ഗോവിന്ദന്‍റെ ഭാര്യ പി.കെ.ശ്യാമളയെ നേരിട്ടത് യുഡിഎഫ് പിന്തുണയോടെ സിപിഎം ജില്ലാസെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ.ഗോവിന്ദനാണ്. തളിപ്പറമ്പില്‍ വിയര്‍ത്തെങ്കിലും പി.കെ.ശ്യാമള ജയിക്കുമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. അതേസമയം, കുടുംബാധിപത്യത്തിനെതിരെയാണ് തന്‍റെ മല്‍സരമെന്നും യോഗ്യരായ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിച്ചില്ലെന്നും ചൂണ്ടിക്കാട്ടി പാര്‍ട്ടി വിട്ട ടി.കെ.ഗോവിന്ദന്‍ ശക്തമായ മല്‍സരം കാഴ്ചവച്ചെങ്കിലും ഇടത് മേല്‍കൈ തകര്‍ക്കാനായില്ലെന്ന് എക്സിറ്റ് പോള്‍ സുചിപ്പിക്കുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മട്ടന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് വിജയിച്ച കെ.കെ.ശൈലജയെ രംഗത്തിറക്കിയാണ് പേരാവൂരില്‍ എല്‍ഡിഎഫ് മല്‍സരം കടുപ്പിച്ചത്. സിറ്റിങ് എംഎല്‍എയും കെപിസിസി പ്രസിഡന്‍റുമായ സണ്ണി ജോസഫിന് പക്ഷേ മണ്ഡലം സുരക്ഷിതമാണെന്നാണ് എക്സിറ്റ് പോള്‍ഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സണ്ണി ജോസഫ് സിപിഎമ്മിലെ കെ.വി.സക്കീര്‍ ഹുസൈനെ 3172 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കെ.കെ.ശൈലജ 2021ല്‍ മട്ടന്നൂര്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് 60,963 വോട്ടിന്‍റെ മഹാഭൂരിപക്ഷത്തിനായിരുന്നു. ബിഡിജെഎസിലെ പൈലി വാത്യാട് ആണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി. 2021ല്‍ ബിജെപിയാണ് പേരാവൂരില്‍ മല്‍സരിച്ചത്. 8956 വോട്ടായിരുന്നു അവരുടെ സമ്പാദ്യം.