gen-z-voting-pattern-exit-poll

കന്നിവോട്ടര്‍മാരും 24 വയസില്‍ താഴെയുള്ള മറ്റ് വോട്ടര്‍മാരും വന്‍തോതില്‍ വോട്ട് ചെയ്ത തിരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. ജെന്‍ സീ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മൂന്ന് മുന്നണികളും നൂതനമാര്‍ഗങ്ങള്‍ പരീക്ഷിച്ചു. ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ കാംപയ്നുകളും നേരിട്ടുള്ള ഇടപെടലുകളുമെല്ലാം ഇതിന്‍റെ ഭാഗമായിരുന്നു. പോളിങ് ശതമാനം ഉയര്‍ന്നതോടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ജെന്‍ സീകളും നയന്‍റീസ് കിഡ്സുമെല്ലാം ആര്‍ക്കൊപ്പം നിന്നുവെന്നാണ്. 

മനോരമന്യൂസ് – സി വോട്ടര്‍ എക്സിറ്റ് പോള്‍ ഫലം നല്‍കുന്ന സൂചന ഇങ്ങനെ: പതിനെട്ടിനും ഇരുപത്തിനാലിനുമിടയില്‍ പ്രായമുള്ളവരില്‍ എക്സിറ്റ് പോളില്‍ പങ്കെടുത്ത  49 ശതമാനം പേരും യുഡിഎഫിനെയാണ് പിന്തുണച്ചത്. 35 ശതമാനം എല്‍ഡിഎഫിനൊപ്പം നിന്നു. എന്‍ഡിഎയ്ക്ക് 10 ശതമാനം പിന്തുണ മാത്രമാണ് ലഭിച്ചത്. വിവിധ പ്രായവിഭാഗങ്ങളില്‍ എന്‍ഡിഎ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചത് ജെന്‍ സീകളെ ആകര്‍ഷിക്കുന്ന കാര്യത്തിലാണ്. 25 മുതല്‍ 34 വയസുവരെ പ്രായമുള്ള യുവാക്കള്‍ക്കിടയില്‍ മുന്‍തൂക്കം യുഡിഎഫിനാണെങ്കിലും ഇടതുമുന്നണി തീര്‍ത്തും നിറംമങ്ങിയില്ല. 44 ശതമാനം യുഡിഎഫിനും 38 ശതമാനം പേര്‍ എല്‍ഡിഎഫിനും പിന്തുണ നല്‍കി. ഇവിടെയും എന്‍ഡിഎയ്ക്ക് 12 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

35 മുതല്‍ 44 വരെ പ്രായമുള്ളവരുടെ വോട്ട് യുഡിഎഫിനാണ് കൂടുതലെങ്കിലും എല്‍ഡിഎഫ് അധികം പിന്നില്‍ പോയില്ല. 42 ശതമാനം യുഡിഎഫിനും 39 ശതമാനം എല്‍ഡിഎഫിനും ഒപ്പം നിന്നു. എന്‍ഡിഎ മറ്റ് പ്രായവിഭാഗങ്ങളില്‍ നിന്ന് നില മെച്ചപ്പെടുത്തുന്നതും ഈ വിഭാഗത്തിലാണ്. 14 ശതമാനം. ഇതേ നിലയാണ് 45 മുതല്‍ 54 വയസുവരെയുള്ളവരുടെ കാര്യത്തിലും. 55 വയസിന് മുകളിലുള്ളവരില്‍ 43 ശതമാനം യുഡിഎഫിനെ പിന്തുണച്ചു. എല്‍ഡിഎഫിന് 39 ശതമാനം വോട്ടും കിട്ടി. 13 ശതമാനമാണ് എന്‍ഡിഎയുടെ വിഹിതം.

ചുരുക്കത്തില്‍ ജെന്‍ സീ അടക്കമുള്ള യുവ വോട്ടര്‍മാര്‍ എക്സിറ്റ് പോളില്‍ എന്‍ഡിഎയോട് അത്ര മമത കാട്ടിയില്ല. എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള വിയോജിപ്പുകള്‍ പ്രകടിപ്പിക്കുകയും ചെയ്തു. ഇതാണ് പൊതുവില്‍ യുഡിഎഫിന് ഗുണം ചെയ്തത്.

ENGLISH SUMMARY:

The Manorama News C-Voter Exit Poll reveals that 49% of Gen Z voters (ages 18-24) in Kerala supported the UDF, while the LDF secured 35%. The survey highlights a clear preference for UDF across all age groups, with the NDA struggling to attract younger voters, gaining only 10% support from the 18-24 category. The findings suggest that anti-incumbency and youth-centric campaigns significantly benefited the UDF in the 2026 Assembly elections.