നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് യുഡിഎഫിന് ആധിപത്യമെന്ന് മനോരമ ന്യൂസ്– സി വോട്ടര്‍ എക്സിറ്റ് പോള്‍. 12 മുതല്‍ 14 സീറ്റുവരെ യുഡിഎഫിന് ലഭിച്ചേക്കാമെന്നും എക്സിറ്റ് പോള്‍. എല്‍ഡിഎഫിന് പരമാവധി ഒരു സീറ്റാണ് എക്സിറ്റ് പോള്‍ നല്‍കുന്നത്. എന്‍ഡിഎ എവിടെയും അക്കൗണ്ട് തുറക്കില്ല. 46 ശതമാനമാണ് ജില്ലയില്‍ യുഡിഎഫിന്‍റെ വോട്ട് ഷെയര്‍. എല്‍ഡിഎഫിന് 38 ശതമാനവും. എന്‍ഡിഎ 10 ശതമാനത്തില്‍ ഒതുങ്ങുമെന്നും എക്സിറ്റ് പോള്‍ പറയുന്നു.

കളമശേരിയില്‍ ബലാബലമാണ് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍. മന്ത്രി പി.രാജീവ് സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ ഇറങ്ങിയപ്പോള്‍ വി.ഇ.അബ്ദുല്‍ ഗഫൂറാണ് യുഡിഎഫിനായി മല്‍സരിച്ചത്. 2021 ല്‍ 15,336 വോട്ടുകള്‍ക്കായിരുന്നു പി.രാജീവിന്‍റെ ജയം. 49.49 ശതമാനം വോട്ടുകളും അന്ന് എല്‍ഡിഎഫ് പിടിച്ചു.

തൃപ്പൂണിത്തുറയില്‍ യുഡിഎഫിനാണ് നേരിയ മുന്‍തൂക്കം. ദീപക് ജോയി ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി.വൈപ്പിനില്‍ നിന്നും മണ്ഡലം മാറിയെത്തിയ കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ എല്‍ഡിഎഫിനായും ജനവിധി തേടി. 2021 ല്‍ 992 വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ കെ.ബാബു ജയിച്ചത്. 42.14 ശതമാനം വോട്ടുകളാണ് അന്ന് യുഡിഎഫ് നേടിയത്.

കുന്നത്തുനാട്ടില്‍ യുഡിഎഫിന് ജയസാധ്യതയെന്നാണ് എക്സിറ്റ് പോള്‍. വി.പി.സജീന്ദ്രനാണ് യുഡിഎഫിനായി ജനവിധി തേടിയത്. സിറ്റിങ് എംഎല്‍എ പി.വി.ശ്രീനിജനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ട്വന്‍റി20 സ്ഥാനാര്‍ഥിയായിരുന്ന ബാബു ദിവാകരനാണ് എന്‍ഡിഎയ്ക്കായി മല്‍സരിച്ചത്. 2021 ല്‍ വി.പി.സജീന്ദ്രനെതിരെ 2715 വോട്ടുകള്‍ക്കായിരുന്നു പി.വി.ശ്രീനിജന്‍റെ ജയം.

ENGLISH SUMMARY:

The Manorama News C-Voter Exit Poll predicts a UDF sweep in Ernakulam, with the front expected to win 12 to 14 seats. While the LDF faces a major setback, a neck-and-neck battle is projected in Kalamassery between Minister P. Rajeev and V.E. Abdul Gafoor. UDF maintains a slight edge in Thrippunithura and Kunnathunad, while the NDA remains at a 10% vote share without opening its account.