കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര് വിജയിച്ചാലും അത് ഉൾക്കൊള്ളാൻ കഴിയും വിധം നമ്മുടെ വിചാരവികാരങ്ങളെയും വിവേകത്തെയും നമ്മൾ ഇപ്പൊഴേ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്ന് കേരള ടൂറിസം വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്.
നമ്മൾ എന്നു പറയുമ്പോൾ രാഷ്ട്രീയ പാർട്ടികളും ബഹുജനവും അതിലുള്‍പ്പെടും. എല്ലാ തിരഞ്ഞെടുപ്പുകളെയും പോലെയല്ല കേരളത്തിൽ നടന്ന ഇത്തവണത്തെ തെരഞ്ഞെടുപ്പ് എന്നതുകൊണ്ട് ഈ രൂപപ്പെടുത്തി എടുക്കലിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ പത്തുവർഷം അധികാരത്തിലിരുന്ന ഒരു മുന്നണി സംവിധാനം വീണ്ടും അധികാരത്തിലേറിയാൽ അത് അംഗീകരിച്ചു കൊടുക്കാനുള്ള പൂർണ്ണ മനസ്സ് എതിർപക്ഷത്തിനും എല്ലാ ജനാധിപത്യ വിശ്വാസികൾക്കും ഉണ്ടായിരിക്കണം.അങ്ങനെ ഒരു വിജയം അവർക്ക് ഉണ്ടാവുകയാണെങ്കിൽ, അതിനെ നമ്മൾ പിആര്‍ സ്റ്റണ്ടിന്റെ ഫലം എന്ന് പിന്നീട് വിളിച്ചതുകൊണ്ട് കാര്യമില്ല. അങ്ങനെയാണെങ്കിൽ ആ പി.ആർ ജനം അംഗീകരിച്ചു, അവർ ചെയ്ത പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരായിരുന്നു, ഭരണ വിരുദ്ധ വികാരം ഭൂരിപക്ഷം ജനങ്ങളിലും ഉണ്ടായില്ല എന്നതാണ് അതിൻ്റെ അർത്ഥം.
മറ്റൊന്നും ജനത്തിന് വലിയ വിഷയമായില്ല എന്നും അതിനർത്ഥം ഉണ്ട്. അങ്ങനെ വരുമ്പോൾ ആ വിജയത്തെ അംഗീകരിക്കുക തന്നെ വേണം.
ആ വിജയത്തിൻ്റെ തിളക്കത്തെ വ്യാജ ബോധ്യങ്ങളും ന്യായങ്ങളും കൊണ്ട് പിന്നീട് മറയ്ക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല. അതിനെ മതപരമായ ധ്രുവീകരണങ്ങളിലും കള്ളവോട്ട് ആരോപണങ്ങളിലും മറ്റും കൊണ്ട് കെട്ടിയിട്ടും കാര്യമില്ല.അതൊക്കെ ചെറിയ ഘടകങ്ങൾ ആയിരിക്കാം എന്നു മാത്രം.
ഇനി മറിച്ച്, കഴിഞ്ഞ പത്ത് വർഷത്തെ ഭരണസംവിധാനത്തെ ജനം തള്ളുകയാണെങ്കിൽ, അത് അംഗീകരിക്കാൻ ഈ പറഞ്ഞ വിവേകത്തോടുകൂടി അവരും തയ്യാറാകണം. ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു എന്നും, തങ്ങളിൽ ജനം ഒട്ടും തന്നെ തൃപ്തരായിരുന്നില്ല എന്നുമുള്ള വസ്തുത അവർ അംഗീകരിക്കണം. അതിനനുസരിച്ചുള്ള അടുത്ത അഞ്ചു വർഷത്തെ പ്രവർത്തനങ്ങളാണ് അവർ പ്ലാൻ ചെയ്യേണ്ടത്. പ്രത്യയശാസ്ത്ര വാചാടോപങ്ങൾക്കപ്പുറം മാനവികതയ്ക്കാണ് അവർ പിന്നീടെങ്കിലും ഊന്നൽ നൽകേണ്ടത്.
പുതിയ ഭരണസംവിധാനത്തിന് ന്യായമായ കാര്യങ്ങളിൽ പിന്തുണ നൽകുന്നതിനുപകരം സാമൂഹികാന്തരീക്ഷം കലുഷിതമാക്കുന്ന, ദേശം യുദ്ധക്കളമാക്കുന്ന പ്രക്ഷോഭങ്ങളിലേക്കും സമര രീതികളിലേക്കും പോകരുത്. അത് എല്ലാ വിഭാഗം ജനങ്ങളിലും എതിർപ്പ് കൂട്ടുകയേയുള്ളൂ.
പ്രധാനമായും വേണ്ടത് തിരുത്തലുകളാണ്. താമസിച്ചാണെങ്കിൽക്കൂടിയും ധാരാളം തിരുത്തലുകൾക്ക് കലാകാലങ്ങളിൽ തയ്യാറായ പ്രസ്ഥാനമാണ് സിപിഎം. അവരെപ്പറ്റിയുള്ള ആക്ഷേപവും വൈകി മാത്രം തിരുത്തുന്നവർ എന്നതാണല്ലോ.പക്ഷേ ഇനി ആ തിരുത്തലുകൾക്ക് കാലതാമസവും തടസ്സങ്ങളും ഉണ്ടാകരുത്.
അങ്ങനെ വന്നാൽ ഈ പറഞ്ഞതുപോലെ അത് ഒരു സർവ്വനാശത്തിലേക്ക് നയിച്ചു എന്നു വരും. അപചയങ്ങൾ സുവ്യക്തമായി തിരിച്ചറിഞ്ഞുള്ള
അടിയന്തര പരിഹാര പ്രക്രിയകളാണ് ആവശ്യം. കേരളത്തിൽ പൂർണമായും നശിച്ചു മണ്ണടിയേണ്ട ഒന്നാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ എന്ന് ഞാൻ കരുതുന്നില്ല. അത് ഞാൻ മുമ്പും എഴുതിയിട്ടുണ്ട് . കേരളത്തിൻ്റെ പുരോഗമന ചിന്താസരണിയെ വികസിപ്പിച്ചെടുത്തതിൽ അവർക്ക് ഒരു വലിയ പങ്കുണ്ട്. കലാകാരന്മാരെയും സാഹിത്യകാരന്മാരെയും അതുപോലുള്ള പ്രതിഭകളെയും വളർത്തിയെടുക്കുന്നതിൽ ഇന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ ഒഴികെ മറ്റുള്ളവരെല്ലാം കേരളത്തിൽ ബഹുദൂരം പിന്നിലാണ്.
ഭൂരിപക്ഷം സാഹിത്യകാരന്മാരും കലാകാരന്മാരും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് പിന്നാലെയാണ് ഇന്നും എന്നതാണ് അതിൻ്റെ ഏറ്റവും വലിയ തെളിവ്. 'തപസ്യ' ആയാലും 'സംസ്കാരസാഹിതി'യായാലും തങ്ങളുടെ വിശ്വാസധാരകളോട് ചേർന്നു നിൽക്കുന്ന കലാകാരന്മാരെയും സാഹിത്യകാരന്മാരെയും വളർത്തിയെടുക്കുന്നതിലും പിന്തുണയ്ക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അവർക്ക് വേദികൾ ഒരുക്കി കൊടുക്കുന്നതിലും ഇന്നും വളരെ പിന്നിലാണ്.
ഈ സത്യം അവർ ഇനിയും മനസ്സിലാക്കാത്തത് എന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയിട്ടില്ല. തോൽവി ഒരു നിതാന്ത നിരാശയിലേക്ക് ഒരുപക്ഷത്തെയും കൊണ്ടു പോകേണ്ട കാര്യമില്ല. തോൽവി സൃഷ്ടിക്കുന്ന വികാരം വിവേകത്തെ ചിലപ്പോൾ മറികടക്കുക സ്വാഭാവികം. അത് ആഹ്ലാദത്തിമിർപ്പുകളുടെ നിർദ്ദോഷകരമായ ആഘോഷങ്ങളിലും ശക്തമായ പ്രതികരണങ്ങളിലും ഒതുങ്ങണം.
അതുവേണ്ട എന്ന് പറയാൻ കഴിയില്ല. പ്രതികരണങ്ങൾ കാര്യകാരണസഹിതം ശക്തമായിത്തന്നെ ഉണ്ടാകും.
അതിൽ പരിഹാസവും അധിക്ഷേപവും ഉണ്ടാകും. അത് തോൽക്കുന്നവർ സഹിച്ചേ പറ്റുകയുള്ളൂ. ജയിച്ചു വരുന്നവർ തങ്ങളെ തോൽപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ കാട്ടേണ്ടത് ജനാധിപത്യ മര്യാദയാണ്.
തോൽപ്പിക്കാൻ ശ്രമിച്ചു എന്ന ഒറ്റക്കാരണം ഓർത്തു വച്ചുള്ള പ്രതികാര നടപടികൾ അല്ല ആർക്കെതിരെയും വേണ്ടത്. അവരെയും അടുത്ത അഞ്ചു വർഷക്കാലം ചേർത്തുനിർത്താനാണ് ശ്രമിക്കേണ്ടത്. തോൽപ്പിക്കാൻ വേണ്ടി ശ്രമിച്ചവർക്ക് അവരുടേതായ രാഷ്ട്രീയവും സാമൂഹികപരവുമായ കാരണങ്ങൾ ഉണ്ടായിരുന്നു, അതിന് ഇനി പ്രസക്തിയില്ല എന്ന് ചിന്തിച്ചാൽ തീരുന്നതാണ് അവർക്കെതിരെയുള്ള എല്ലാ വികാരവും.
അങ്ങനെയുള്ള നിലപാട് എടുക്കുകയാണെങ്കിൽ, എതിർപക്ഷത്തെ ചിലരെങ്കിലും പിന്തുണയ്ക്കുന്ന ഒരു അവസ്ഥയിലേക്ക് വരികയും ചെയ്യും.
അതേ സമയം ,വിജയപരാജയങ്ങളിൽ തങ്ങളുടേതായ ന്യായീകരണങ്ങൾ കണ്ടെത്താൻ ഇരുപക്ഷത്തിനും അവകാശമുണ്ട്. അത് തീർച്ചയായും ഉണ്ടാവും. ഇടതുപക്ഷ മുന്നണി ഒരിക്കൽ കൂടി അധികാരത്തിൽ വന്നാൽ, അത് കേരളത്തിൽ സിപിഎമ്മിന്റെ അവസാനമായിരിക്കും എന്ന് കരുതുന്നവരുണ്ട്. എനിക്കതിൽ സംശയമുണ്ട്.
കാരണം ബംഗാളിലുണ്ടായിരുന്നതുപോലുള്ള വേരുകളാണ് കേരളത്തിൽ പാർട്ടിക്കുള്ളത് എന്ന് എനിക്ക് തോന്നുന്നില്ല. ആ വേരുകളുടെ വ്യാപനം എന്നത് പാർട്ടിക്കുപോലും ഊഹിക്കാവുന്നതിനപ്പുറമാണ്. അതു മുറിച്ചു മാറ്റുക എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല. അതു മുറിച്ചുമാറ്റപ്പെട്ട് ആ വൃക്ഷം കടപുഴകുകയാണെങ്കിൽ അതിനർത്ഥം ആ വേരുകൾ അത്രത്തോളം ജീർണ്ണിച്ചുപോയി എന്നതാണ്.
അങ്ങനെ സംഭവിക്കാതിരിക്കട്ടെ. മാനവികതയിലൂന്നിയ ഒരു പുതിയ സംസ്കാരത്തിലേക്ക് പോകാൻ സിപിഎമ്മിന് കഴിയട്ടെ.
ഉപദേശിക്കാൻ നമ്മൾ ആരുമല്ല. നമ്മൾ അർഹരുമല്ല. അഭിപ്രായങ്ങളും ആഗ്രഹങ്ങളുമാണ് പങ്കുവെച്ചത്. അതിനുള്ള അവകാശമുണ്ട്.
ഒരു വിജയത്തിൽ യുഡിഎഫ്, പ്രത്യേകിച്ച് കോൺഗ്രസ്സ് അമിതമായി ആഹ്ലാദിക്കേണ്ടതില്ല. അതിൻ്റെ കാരണം ഇനിയും എഴുതേണ്ടതില്ലല്ലോ!
അടുത്ത അഞ്ചുവർഷം അവർക്ക് പരീക്ഷണ കാലഘട്ടമാണ്.അതു തരണം ചെയ്യാനുള്ള പ്രൊഫഷണൽ സമീപനമാണ് വേണ്ടത്.
അല്ലെങ്കിൽ വീണ്ടും കാലിടറും. ബി.ജെ.പി ഇനിയും കടന്നു കയറാത്തത് കേരളത്തിന്റെ സാംസ്കാരിക ഭൂമികയിലേക്കാണ്. കേരളത്തിൻ്റെ മനസ്സ് ഒരു സാംസ്കാരിക ഭൂപടം പോലെയാണ്. അതിൽ പരമാവധി പടർന്നു കയറാൻ കഴിയുമ്പോഴാണ് ബി.ജെ.പി കേരളത്തിൽ കൂടുതൽ ശക്തമാവുക എന്ന് ഞാൻ കരുതുന്നു. ഒപ്പം മികവുള്ള കൂടുതൽ നേതാക്കളെ വളർത്തിയെടുക്കുകയും അവരുടെ പേരുകൾ
കേരളീയ മനസ്സുകളിൽ ആഴത്തിൽ പതിയുകയും വേണം. അത്തരത്തിൽ ആഴത്തിൽ പതിഞ്ഞ പേരുകൾ ഇപ്പോൾ തീരെ കുറവാണ്.
മൂന്ന് മുന്നണി സംവിധാനങ്ങളും ഏറെക്കുറെ ഒരുപോലെ ശക്തമാകുന്ന ഒരു കേരളമായിരിക്കും അനതി വിദൂരഭാവിയിൽ ഉണ്ടാവുക എന്നാണ് ഞാൻ കണക്കു കൂട്ടുന്നത്. ഒരു സംവിധാനവും പൂർണമായി തകരും, നാമാവശേഷമാകും എന്നു കരുതാൻ തക്കവണ്ണം ഒന്നും കാണുന്നില്ല.
അത് ജനാധിപത്യത്തിൻ്റെ ശക്തി കൂടിയാണ്.– അദ്ദേഹം വിലയിരുത്തുന്നു.