കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെയും ചൊല്ലിയുള്ള തർക്കങ്ങൾ ഫ്ലക്സ് യുദ്ധത്തിലേക്ക്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിച്ചും കടന്നാക്രമിച്ചും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.
കോഴിക്കോട് ഡി.സി.സി ഓഫീസിന് മുന്നിൽ 'സേവ് കോൺഗ്രസ്' എന്ന പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡില്‍ ക്രിക്കറ്റ് ടീമിനോട് ഉപമിച്ചാണ് വാചകങ്ങൾ. "ടൂർണമെന്റ് ജയിച്ചാൽ കപ്പ് വാങ്ങേണ്ടത് ക്യാപ്റ്റനാണ്. സെലക്ടറും പരിശീലകനും കപ്പ് വാങ്ങാൻ ശ്രമിക്കുന്നത് എതിർപ്പിന് ഇടയാക്കും."
വി.ഡി. സതീശനെ ക്യാപ്റ്റനായി ഉയർത്തിക്കാട്ടുന്ന ഈ ഫ്ലക്സ്, പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കൾക്കെതിരെയുള്ള പരോക്ഷമായ വിമർശനമായാണ് വിലയിരുത്തപ്പെടുന്നത്. സമാനമായ രീതിയിൽ മലപ്പുറത്തെ വണ്ടൂരിലും തവനൂർ മണ്ഡലത്തിലെ പെരുന്തലൂരിലും "കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ" എന്ന പേരിൽ ഫ്ലക്സുകൾ ഉയർന്നിട്ടുണ്ട്.
അതേസമയം, എറണാകുളം ഡി.സി.സി ആസ്ഥാനത്തിന് മുന്നിലും പറവൂർ, ആലുവ, അങ്കമാലി, കളമശ്ശേരി എന്നിവിടങ്ങളിലും വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിലുള്ള ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു. 'കോൺഗ്രസ് ഫാമിലി' എന്ന പേരിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്.
പി.ആർ വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെപ്പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള സതീശന്റെ മോഹം നടക്കില്ലെന്ന് ഫ്ലക്സുകൾ പരിഹസിക്കുന്നു. സതീശന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ പ്രത്യേക പി.ആർ ഏജൻസി പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണവും ഈ ബോർഡുകളിൽ ഉന്നയിക്കുന്നുണ്ട്.