യുഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആരാകുമെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിക്കേ, ഫെയ്സ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ ഒമര്‍ ലുലു. ഇക്കാര്യത്തില്‍ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ആഭ്യന്തര മത്സരം അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് അദ്ദേഹം കുറിച്ചു.
'കേന്ദ്രത്തിലും സംസ്ഥാനത്തും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭരണത്തിൽ ഇല്ലാതെ കഴിഞ്ഞ നീണ്ട 10 വർഷങ്ങള്‍. ഭരണമില്ലാത്ത ഈ കാലയളവിലും യുഡിഎഫ് എന്ന കൂട്ടായ്മയിൽ ഒറ്റക്കെട്ടായി തങ്ങളുടെ ഒപ്പം ഉറച്ചു നിന്ന മറ്റ് പാർട്ടികളെ കോൺഗ്രസ് നേതാക്കൾ ഒരിക്കലും മറക്കരുത്. അധികാരം ഇല്ലാത്ത സമയത്തും ആത്മാർഥമായി കൂടെ നിന്ന കൂട്ടാളികൾക്ക് അധികാരം ലഭിക്കുമ്പോൾ അത് പങ്കിടുന്നതാണ് യഥാർഥ രാഷ്ട്രീയം.
ബന്ധങ്ങളുടെ വില മനസ്സിലാക്കുന്ന ഉയർന്ന രാഷ്ട്രീയ സംസ്കാരമാണത്. പികെ കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രിസ്ഥാനം നൽകുന്നത് ഒരു സാധാരണ രാഷ്ട്രീയ നീക്കമെന്നതിലുപരി, പ്രതിസന്ധി കാലങ്ങളിൽ തങ്ങളുടെ ഒപ്പം നിന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനോടുള്ള വിശ്വാസവും നന്ദിയും പ്രകടിപ്പിക്കുന്ന ഒരു അവസരമാണ്.
മുസ്ലിം ലീഗ് മാത്രമല്ല, ഒപ്പം നിന്ന കേരള കോൺഗ്രസിനെയും മറ്റ് സഹയാത്രികരെയും കോൺഗ്രസ് നേതൃത്വം ചേർത്തുപിടിച്ച് ഇത്തവണ ഒരു മാതൃകാപരമായ നീക്കം നടത്തണം. വിശ്വാസം കാത്തുസൂക്ഷിക്കുന്ന കൂട്ടുകെട്ടുകളാണ് ദീർഘകാല വിജയത്തിന്റെ അടിസ്ഥാനം. അതിനാൽ കോൺഗ്രസ് പാർട്ടി ഇത്തവണ ഒരു നിർണായക തീരുമാനം എടുത്താൽ, അത് എന്നും സ്മരിക്കപ്പെടുന്ന ഒരു ചരിത്ര നിമിഷമായി മാറും'.– അദ്ദേഹം വ്യക്തമാക്കി.