വയനാട് പുനരധിവാസത്തില്‍ സർക്കാരിന് കഴിയാത്തത് തങ്ങൾക്ക് കഴിഞ്ഞുവെന്ന അര്‍ഥത്തില്‍ മുസ്ലിംലീഗിന് തീർച്ചയായും അഭിമാനിക്കാമെന്ന് കേരള ടൂറിസം വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്. 51 വീട് എന്നത് നിസ്സാരമല്ലെന്നും, അതും വെറുതേ കെട്ടിക്കൊടുത്ത് കയ്യൊഴിഞ്ഞതല്ലെന്നും ലീഗിനെ പുകഴ്ത്തി അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'വീടുകള്‍ മാത്രമല്ല വീട്ടിലേക്ക് ആവശ്യമുള്ള 'എല്ലാ ഫർണിച്ചറുകളും ഒരു മാസത്തേക്കുള്ള ഭക്ഷണക്കിറ്റും ഉൾപ്പെടെ നൽകി. അത് ജാതിയും മതവും നോക്കിയല്ല നല്‍കിയതും. തിരഞ്ഞെടുപ്പിന് മുമ്പ് ഇതിനെപ്പറ്റി ഒരു വലിയ ഓളം ഇളക്കി ബഹളം സൃഷ്ടിച്ചില്ല എന്നത് ലീഗിൻ്റെ മേന്മയാണ്. സർക്കാരിൻ്റെ പദ്ധതിയിൽ തങ്ങൾ വിശ്വസിച്ചതും, അത് വൈകും എന്ന് മനസ്സിലാക്കിയപ്പോൾ, വൈകി മാത്രം ശ്രമങ്ങളാരംഭിച്ചതുമാണ് കോൺഗ്രസിന്‍റെ ഭവന നിർമ്മാണ പദ്ധതി വൈകാൻ കാരണമെന്ന് കുഞ്ഞാലിക്കുട്ടി സാഹിബ് വ്യക്തമായി പറയുന്നുണ്ട്.
മാത്രമല്ല കർണാടക സർക്കാരും കോൺഗ്രസിന്‍റെ എംഎൽഎമാരും സർക്കാരിൻ്റെ പദ്ധതിയിലേക്ക് പണം കൊടുത്തതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അതെന്തായാലും മുസ്ലീംലീഗിന്‍റെ പ്രൊഫഷണലിസത്തിനും മാനവികതയ്ക്കും പ്രതിബദ്ധതയ്ക്കും നൂറു മാർക്ക്. ബാക്കിയുള്ള 54 വീടുകളും ഉടൻ പൂർത്തിയാവുകയാണ്. 105 വീടുകൾ മുസ്ലിം ലീഗ് പോലെ ഒരു സംഘടന ഒരുക്കിക്കൊടുക്കുന്നതിനെ ആരും നിസ്സാരവൽക്കരിച്ചു കാണരുത്. മുസ്ലിം ലീഗ് എന്ന പാർട്ടിയെ അതിലെ മുസ്ലിം എന്ന പദം ഉള്ളതുകൊണ്ട് ഒരു കടുത്ത വർഗ്ഗീയ പാർട്ടിയായാണ് ഞാൻ ഒരിക്കൽ കണ്ടിരുന്നത്. പക്ഷേ മുസ്ലിം ലീഗ് ശക്തമായതുകൊണ്ടാണ് കേരളത്തിൽ അപകടകരമായ വർഗ്ഗീയ ധ്രുവീകരണം നടക്കാത്തത് എന്നാണ് എനിക്ക് പിന്നീട് മനസ്സിലായത്.
കേരളത്തിൽ ന്യൂനപക്ഷ വർഗീയത വളരാത്തത് തങ്ങളുടെ സാന്നിധ്യം കൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അത് ശരിയെന്ന് വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം. അവരുടെ മതപരമായ വിശ്വാസങ്ങളിൽ നമുക്ക് യോജിക്കാൻ കഴിയാത്ത പലതും ഉണ്ടാകും. അവർക്ക് തിരിച്ചും. അതുകൊണ്ടുതന്നെ മതപരമായ വിഷയങ്ങളിൽ പരസ്പരം നമ്മൾ ഇടപെടാതിരിക്കുന്നതാണ് നല്ലത്. പരസ്പരം മതവിശ്വാസങ്ങൾ നമ്മൾ പൊതു ഇടങ്ങളിൽ അടിച്ചേൽപ്പിക്കാതിരിക്കുകയും ഇതര മതവിരോധം ഉപേക്ഷിക്കുകയും വേണം.. മതവിശ്വാസങ്ങളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടത് കാലാകാലങ്ങളിൽ അതാത് മതങ്ങളാണ്. ഇന്ത്യയിൽ ഒരു മതത്തിനും കാര്യമായി അതിന് കഴിഞ്ഞിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല.
ഇന്നലെയും അത് എഴുതിയിരുന്നു. അല്ലെങ്കിൽ ദോഷകരമല്ലാത്ത മതവിശ്വാസങ്ങളെ ഹനിക്കാത്ത രീതിയിൽ രാജ്യം പൊതുവായ നിയമങ്ങൾ കൊണ്ടുവരണം. അതിലും ചർച്ചകൾ നടന്ന് സമവായത്തിൽ എത്തണം. എനിക്ക് അനുഭവങ്ങളിൽ നിന്നും മനസ്സിലായിട്ടുള്ള ഒരു കാര്യം , അവരുടെ മതവിശ്വാസങ്ങളിൽ ഇടപെടാതെ നമ്മൾ അവരെ സ്‌നേഹിച്ചാൽ, നമ്മളെ ജാതി മതം നോക്കാതെ ഹൃദയത്തോട് ചേർത്തു നിർത്തുന്നവരാണ് കേരളത്തിലെ മുസ്ലീം സഹോദരങ്ങൾ എന്നതാണ്. അതിന് തെളിവാണ് വയനാട്ടിൽ ലീഗ് ഒരുക്കിയ 'ഹൃദയഗേഹങ്ങൾ'!.
ഈയടുത്ത കാലത്ത് ലീഗ് ഭരിക്കുന്ന ഊരകം പഞ്ചായത്തിൽ അവർ ക്ഷണിച്ചു ചെന്നപ്പോൾ കണ്ടതാണ് അവർ തരുന്ന സ്നേഹം, പരിഗണന ഒക്കെ. മുസ്ലീം ലീഗിന് ഹൃദയത്തിൽ നിന്നും ഒരു കുടന്ന പനിനീർപ്പൂക്കൾ'.– അദ്ദേഹം കുറിച്ചു.