ഭരണം കിട്ടിയാല്‍ മുഖ്യമന്ത്രി ആരെന്നതില്‍ തര്‍ക്കമില്ലെങ്കിലും ഭരണം നഷ്ടമായാല്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്നതില്‍ ആകാംക്ഷ. പിണറായി പ്രതിപക്ഷ നേതാവ് ആയില്ലെങ്കില്‍ അടുത്ത നേതൃത്വം ആരെന്ന ചര്‍ച്ച പാര്‍ട്ടി നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും സജീവമാവുകയാണ്. അടുത്ത നിരയിലേക്ക് പരിഗണിക്കുന്നവരില്‍ ആരൊക്കെ ജയിക്കും എന്നതിലും പാര്‍ട്ടിക്കുള്ളില്‍ ആശങ്കയുണ്ട്.
തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ മുഖ്യമന്ത്രി ചര്‍ച്ചകളാണ് കോണ്‍ഗ്രസിനെ സജീവമാക്കുന്നത്. എന്നാല്‍ ഭരണമില്ലെങ്കില്‍ മുന്നണിയെ സഭയില്‍ പിണറായി നയിക്കുമോ എന്നത് ഇനിയും വ്യക്തതയില്ലാത്ത ചോദ്യമാണ്. നേതാക്കളാക്കട്ടെ പ്രതികരിക്കാന്‍ തയ്യാറുമല്ല.
തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെ ഭരണം നിലനിര്‍ത്താവുമെന്ന് ആത്മവിശ്വാസത്തില്‍ തന്നെയാണ് ഇടതുമുന്നണി. പിണറായി വിജയന്‍ നയിച്ച തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണമുണ്ടാല്‍ മുഖ്യമന്ത്രി പിണറായി അല്ലാതെ മറ്റാരുമല്ല. മറിച്ചാണ് ഫലമെങ്കില്‍ പിണറായി മുന്നണി നയിക്കാന്‍ പ്രതിപക്ഷത്തിരിക്കുമോ എന്നുള്ള ആശങ്ക സിപിഎം നേതാക്കള്‍ക്കും അണികള്‍ക്കുമുണ്ട്. ഇതോടെയാണ് എല്‍ഡിഎഫ് പ്രതിപക്ഷത്തെങ്കില്‍ നേതൃത്വത്തിലേക്ക് ആരെന്ന ചര്‍ച്ചകള്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ സജീവമായിരിക്കുന്നത് .
പാര്‍ട്ടി സെക്രട്ടറിയായും മുഖ്യമന്ത്രിയായും പാര്‍ട്ടിയേയും മുന്നണിയേയും കെട്ടുറപ്പോടെ നയിച്ചത് പിണറായിയാണ്. പിണറായിയുടെ പിന്‍ഗാമിയായി പാര്‍ട്ടി സെക്രട്ടറായിയായ കോടിയേരിയുടെ വിയോഗമാണ് അടുത്ത നേതൃത്വം ആരെന്ന ചിന്തയിലേക്ക് എത്തിക്കുന്നത്. നിലവില്‍ പാര്‍ട്ടി സെക്രട്ടറിയായ പിബി അംഗം എം.വി ഗോവിന്ദന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.രാജീവ്, കെ.എന്‍ ബാലഗോപാല്‍. കെ.കെ ശൈലജ എന്നിവരാണ് പിണറായിയുടെ പകരക്കാരായി എത്തേണ്ടത് . എന്നാല്‍ എം.വി ഗോവിന്ദന്‍ മുന്നണിയെ നയിക്കാനുള്ള സാധ്യത കുറവാണ്.
കളമശേരിയില്‍ മല്‍സരിച്ച പി.രാജീവിന്‍റെയും കൊട്ടാരക്കരയില്‍ മല്‍സരിച്ച കെ.എന്‍. ബാലഗോപാലിന്‍റെ തിരഞ്ഞെടുപ്പ് ഫലം എന്താവും എന്ന ആശങ്ക പാര്‍ട്ടിക്കുള്ളിലുണ്ട്. പിന്നീട് പരിഗണിക്കേണ്ട മറ്റൊരു നേതാവായ കെ.കെ ശൈലജയാവട്ടേ പേരാവൂരില്‍ ജയിക്കുമെന്ന കാര്യത്തില്‍ ഒരു ഉറപ്പും പാര്‍ട്ടിക്കില്ല. പേരാമ്പ്രയില്‍ ടി.പി രാമകൃഷ്ണനും കനത്ത വെല്ലുവിളിയാണ് നേരിട്ടത്. എന്നാല്‍ ജയമായാലും പരാജയമായാലും നേതൃസ്ഥാനത്ത് പിണറായി തന്നെ എന്നതാണ് ഭൂരിപക്ഷം പാര്‍ട്ടി നേതാക്കളുടെയും വിശ്വാസം. എല്‍ഡിഫ് പരാജയപ്പെട്ടാല്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി ഇരിക്കുമെന്ന് കരുതുന്നവരും പാര്‍ട്ടിയിലേറെയാണ്.