സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലമായി ബിജെപി വിലയിരുത്തുന്ന മഞ്ചേശ്വരത്തെ എസ്ഐആര്‍ കണക്കുകളില്‍ നേതൃത്വത്തിന് ആശങ്കയെന്ന് റിപ്പോര്‍ട്ട്. വോട്ടര്‍ പട്ടികയിൽ നിന്ന് ബിജെപിവോട്ടുകൾ നഷ്ടമായതും, യുഡിഎഫ് കൂടുതൽ വോട്ടർമാരെ ചേർത്തതും തിരിച്ചടിക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ. കനത്ത തോൽവി ഉണ്ടായാൽ ബിജെപിയിൽ ആഭ്യന്തര കലഹത്തിനും അത് വഴിവച്ചേക്കും.
കഴിഞ്ഞതവണ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 745 വോട്ടിനാണ് ജയം നഷ്ടമായത്. കേരളത്തിന്റെ അതിർത്തി മണ്ഡലമായ മഞ്ചേശ്വരത്തു നിന്നും തങ്ങൾക്ക് അനുകൂലമായ 4000 ത്തോളം വോട്ടുകൾ എസ്ഐആറിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടതായാണ് വിലയിരുത്തൽ. പല വോട്ടുകളും കർണാടകയിലേക്ക് ചേർക്കപ്പെട്ടു. മഞ്ചേശ്വരത്ത് ബിജെപി പുതുതായി ചേർത്തത് ആകട്ടെ 8000 ത്തോളം വോട്ടുകൾ മാത്രം. എന്നാൽ യുഡിഎഫ് 12000 ത്തോളം വോട്ടുകൾ അധികമായി ഉൾപ്പെടുത്തി. ഈ കണക്കുകളാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നത്.
മഞ്ചേശ്വരത്ത് എസ്ഐആറിന്റെ ഭാഗമായി വോട്ടുചേർക്കുന്നതിൽ ജില്ല നേതൃത്വം വീഴ്ച വരുത്തിയതായാണ് സുരേന്ദ്രൻ പക്ഷത്തിന്റെ വിലയിരുത്തൽ. ജില്ലയുടെ ചുമതലയുള്ള സി.ശ്രീകൃഷ്ണകുമാർ കാസർകോഡ് എത്തി നടത്തിയ മണ്ഡലം അവലോകന യോഗത്തിൽ ഈ അഭിപ്രായം ചില നേതാക്കൾ ഉന്നയിച്ചു. എ ക്ലാസ് മണ്ഡലത്തിൽ കനത്ത തോൽവി ഉണ്ടായാൽ ബിജെപിയിൽ ആഭ്യന്തര തർക്കം രൂക്ഷമാകാനും ഇടയുണ്ട് . എന്നാൽ യുദ്ധത്തെ തുടർന്ന് പ്രവാസി വോട്ടർമാർ കൂടുതലായി എത്താത്തതിനാൽ യുഡിഎഫിന് പ്രതീക്ഷിച്ച നേട്ടം ഉണ്ടാവില്ല എന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ മഞ്ചേശ്വരത്ത് വിജയിച്ചു കയറാൻ സാധിക്കുമെന്നും വിലയിരുത്തുന്നു.