'ദ ടെലഗ്രാഫ്' മുൻ പത്രാധിപർ ആർ. രാജഗോപാലിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെ തുടർന്ന് അദ്ദേഹത്തിന് പാസ്‌പോർട്ട് പുതുക്കാനുള്ള അനുമതി പൊലീസ് നിഷേധിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. രാജഗോപാലിന്റെ പൗരാവകാശങ്ങൾ നിഷേധിച്ച നടപടി അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹത്തിന്റെ പേര് എത്രയും വേഗം വോട്ടർ പട്ടികയിൽ പുനഃസ്ഥാപിക്കണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ (Editors Guild of India) ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ നടപടിക്കെതിരെ സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച ട്രൈബ്യൂണലിൽ അപ്പീൽ നൽകിയതിന് പിന്നാലെ ആർ. രാജഗോപാൽ മനോരമ ന്യൂസിനോട് പ്രതികരിച്ചു. പാസ്‌പോർട്ട് മുൻനിർത്തിയുള്ള കേന്ദ്ര നയങ്ങളിലെ സുതാര്യതക്കുറവും ആശയക്കുഴപ്പങ്ങളുമാണ് അദ്ദേഹം പ്രധാനമായും പങ്കുവെച്ചത്.
ഫെബ്രുവരി 27-നാണ് പാസ്‌പോർട്ട് പുതുക്കാൻ അപേക്ഷ നൽകിയത്. മാർച്ച് 19-ന് ബയോമെട്രിക്സ് നടപടികൾ വളരെ സുഗമമായി പൂർത്തിയായി. എന്നാൽ ഇതിന് ശേഷമാണ് വോട്ടർ പട്ടികയിൽ നിന്ന് (SIR) തന്റെ പേര് ഒഴിവാക്കപ്പെട്ടതായി മാർച്ച് 27-ന് ഔദ്യോഗികമായി അറിയുന്നത്. സാധാരണഗതിയിൽ വീട്ടിലെത്തി വെരിഫിക്കേഷൻ നടത്തുന്നതിന് പകരം കൊൽക്കത്തയിലെ ബാലികഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് വോട്ടർ ഐഡി ആവശ്യപ്പെടുകയും അത് 'ഡീആക്ടിവേറ്റ്' ആണെന്ന് കണ്ടതോടെ ഒ.ടി.പി ജനറേറ്റ് ചെയ്യാൻ കഴിയില്ലെന്ന് പൊലീസ് നിലപാടെടുത്തു. തുടർന്ന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ഫ്ലാറ്റ് ഉടമസ്ഥാവകാശ രേഖകൾ തുടങ്ങിയവയെല്ലാം ഹാജരാക്കിയിട്ടും അനുകൂല നടപടിയുണ്ടായില്ല.
കൊൽക്കത്ത പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് വിംഗായ സെക്യൂരിറ്റി കൺട്രോൾ ഓർഗനൈസേഷൻ (SCO) വോട്ടർ പട്ടികയിൽ പേര് പുനഃസ്ഥാപിക്കാതെ ക്ലിയറൻസ് നൽകില്ലെന്ന് മേയ് 20-ന് വ്യക്തമാക്കി. തുടർന്ന് ജൂൺ 17-നാണ് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തത് (SIR Deletion) ചൂണ്ടിക്കാട്ടി പാസ്‌പോർട്ട് വെരിഫിക്കേഷൻ റിപ്പോർട്ട് 'അഡ്വേഴ്സ്' (Adverse) ആണെന്ന് പാസ്‌പോർട്ട് ഓഫീസിൽ നിന്ന് ഔദ്യോഗിക കത്ത് ലഭിക്കുന്നത്. ജൂലൈ 17-ന് റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ ഹാജരാകാൻ അറിയിച്ചിട്ടുണ്ടെങ്കിലും എന്തിനാണ് വിളിച്ചതെന്നോ എന്ത് രേഖയാണ് ഇനി നൽകേണ്ടതെന്നോ വ്യക്തതയില്ല.
വർഷങ്ങളോളം ബോംബെയിലും ഡൽഹിയിലുമൊക്കെയായി മാറിത്താമസിച്ച് 2010 മുതലാണ് കൊൽക്കത്തയിൽ വോട്ടറായതെന്ന് രാജഗോപാൽ പറഞ്ഞു. 2002-ലെ വോട്ടർ പട്ടിക കട്ട്-ഓഫ് ആയി നിശ്ചയിച്ച് ബംഗാളിൽ നടന്ന വോട്ടർ പട്ടിക പുതുക്കലിൽ (SIR) പലരുടെയും പേരുകൾ കൂട്ടത്തോടെ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
"2002ൽ എന്റെ പേര് പട്ടികയിൽ ഇല്ലായിരുന്നു. എന്നാൽ തിരുവനന്തപുരത്ത് റിട്ട. പ്രൊഫസറും ഗാന്ധി സ്മാരക നിധി സെക്രട്ടറിയുമായിരുന്ന എന്റെ അച്ഛന്റെ പേര് പോലും അതിൽ ഇല്ലാതെ പോയത് ഞെട്ടിക്കുന്നതായിരുന്നു. ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ച 11 രേഖകളിൽ ഒന്നായ എന്റെ കേരള ഗവൺമെന്റിന്റെ എസ്.എസ്.എൽ.സി ബുക്ക് ഹാജരാക്കിയിട്ടും അപേക്ഷ തള്ളിപ്പോയി. പേരുകളിലെ ഇംഗ്ലീഷ് സ്പെല്ലിംഗ് വ്യത്യാസങ്ങൾ (Logical Discrepancy) മെഷീൻ റീഡിംഗ് വഴി തള്ളിക്കളയുന്നതാകാം ഇതിന് കാരണം. മനുഷ്യർ ഇടപെട്ടിരുന്നുവെങ്കിൽ പരിഹരിക്കാമായിരുന്ന ചെറിയ തെറ്റുകളാണിവ." ആർ. രാജഗോപാൽ പറഞ്ഞു.
വോട്ടർ പട്ടിക ശുദ്ധീകരിക്കാൻ വേണ്ടി മാത്രമാണ് SIR പ്രക്രിയയെന്ന് ഇലക്ഷൻ കമ്മീഷനും സുപ്രീം കോടതിയും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. പൗരത്വവും മറ്റ് ആഭ്യന്തര കാര്യങ്ങളും തീരുമാനിക്കേണ്ടത് ആഭ്യന്തര മന്ത്രാലയമാണ്. ട്രൈബ്യൂണലുകളിൽ 27 ലക്ഷത്തോളം അപ്പീലുകൾ കെട്ടിക്കിടക്കുമ്പോൾ, വോട്ടർ പട്ടികയിലെ ഡാറ്റ ഉപയോഗിച്ച് പൊലീസ് വെരിഫിക്കേഷൻ തടയുന്നത് ഏത് രഹസ്യ ഉത്തരവിന്റെയോ മെമോയുടെയോ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തനിക്ക് നാളെ എവിടെയെങ്കിലും യാത്ര ചെയ്യാൻ വേണ്ടിയല്ല പാസ്‌പോർട്ട്. എന്നാൽ സാധാരണക്കാരായ ജനങ്ങളെ ഇത് ദോഷകരമായി ബാധിക്കുന്നുണ്ട്. വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയതിന്റെ പേരിൽ റേഷൻ തടയുന്നതായും, ജനിച്ച കുഞ്ഞിന് ബർത്ത് സർട്ടിഫിക്കറ്റ് നൽകാൻ തദ്ദേശ സ്ഥാപനങ്ങൾ വിസമ്മതിക്കുന്നതായും വാർത്തകളുണ്ട്.
പതിനായിരക്കണക്കിന് കോടി രൂപ ചെലവഴിച്ച് ആധാർ കൊണ്ടുവന്നപ്പോൾ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായ സിംഗിൾ കാർഡ് എന്ന് പറഞ്ഞ അധികാരികൾ തന്നെ ഇപ്പോൾ അതിന് പൗരത്വ സാധുതയോ വലിയ വിലയോ ഇല്ലെന്ന് പറയുന്നു. പാസ്‌പോർട്ട് കേവലം ഒരു യാത്രാ രേഖ മാത്രമാണെന്ന് കോടതികളും പറയുന്നു. പൗരനെ തെളിയിക്കാൻ വീണ്ടുമൊരു പുതിയ കാർഡ് കൊണ്ടുവരാൻ ശ്രമിക്കുന്നത് വലിയൊരു സ്കാം (Scam) ആയിരിക്കുമെന്നും, കോർപ്പറേറ്റ് കമ്പനികൾക്ക് പ്ലാസ്റ്റിക് കാർഡ് അച്ചടിക്കാനുള്ള കരാർ നൽകാൻ വേണ്ടിയുള്ള ട്രാപ്പാണിതെന്നും രാജഗോപാൽ മുന്നറിയിപ്പ് നൽകി.