ലൈംഗികമായി സ്പര്‍ശിച്ചെന്ന യുവതിയുടെ പരാതിയില്‍ കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്‍റ് എം സി അതുലിനെതിരെ കേസ്. കേസില്‍ പ്രതികരണവുമായി അതുല്‍ രംഗത്തെത്തി. സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റ് രീതിയിൽ വ്യാഖ്യാനിച്ച് മുന്നോട്ട് പോകുന്നത് ശരിയാണോ എന്നത് കാലം തെളിയിക്കും എന്നാണ് അതുല്‍ ഫെയ്സ്ബുക്കില്‍ എഴുതിയത്. ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ വനിതാ പൊലീസ് സ്റ്റേഷനിലാണ് അതുലിനെതിരെ കേസ്.
വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതൽ പലവിധത്തിൽ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണ്. `നിന്നെ ഫിനിഷ് ചെയ്യും' എന്നാണ് അടക്കം പറിച്ചിൽ. എല്ലാ നെറികെട്ട കളിയും പ്രതീക്ഷിച്ചു തന്നെയാണ് മുന്നോട്ടുപോയത്. പക്ഷേ ഇത് അല്പം കടന്ന കയ്യായ്പ്പോയി എന്നും അതുല്‍ എഴുതി. ഒരാളെ ചീറ്റ് ചെയ്യണം എന്നുള്ള ഉദ്ദേശത്തിലോ സ്ത്രീകളെ അപമാനിക്കണമെന്നുള്ള ഉദ്ദേശത്തിലോ ഒരു കാലഘട്ടത്തിലും മുന്നോട്ടു പോയിട്ടില്ല. പല വിദ്യാർഥികളുമായും ഇടപഴകി മുന്നോട്ട് പോയ ഒരാളെന്ന നിലയിൽ അവര്‍ക്ക് എന്‍റെ രാഷ്ട്രീയത്തെപ്പറ്റി അറിയാം എന്നും അതുല്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ എഴുതി.
കണ്ണൂര്‍ സ്വദേശിനിയായ യുവതി സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്. 2018 മുതല്‍ അതുലുമായി സൗഹൃദമുണ്ടെന്നും 2026 ല്‍ ഒരു യാത്രക്കിടെയാണ് തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായതെന്നും കെഎസ്‌യു പ്രവര്‍ത്തക കൂടിയായ യുവതി പറയുന്നു. വിവാഹവാഗ്ദാനം നല്‍കുകയും പണം വാങ്ങി തിരിച്ചു നല്‍കാതെ തന്നെ വഞ്ചിച്ചതായും പരാതിയിലുണ്ട്. 1.60 ലക്ഷം രൂപ തന്റെ കയ്യില്‍ നിന്നും അതുല്‍ കൈക്കലാക്കി എന്നാണ് യുവതിയുടെ പരാതി.