File photo
തൃണമൂല്‍ ബന്ധം ഉപേക്ഷിച്ച് പുതിയ പാര്‍ട്ടിയുമായി പി.വി.അന്‍വര്‍. രാഹുല്‍ ഗാന്ധിയുടെ ആശയങ്ങളോട് യോജിക്കുന്നതാകും പുതിയ പാര്‍ട്ടിയെന്നും പി.വി.അന്‍വര്‍ പറഞ്ഞു.
അടുത്ത മാസം 15 ന് പുതിയ പാർട്ടിയുടെ പേര് തീരുമാനിച്ച് പുതിയ സംഘടന നിലവിൽ വരും. യുഡിഎഫിനൊപ്പം നില്‍ക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ പിന്തുണ ഒരുഘട്ടത്തിലും ലഭിച്ചില്ല. ഒരു ദേശീയ നേതാവിനെ പോലും ഇങ്ങോട്ട് അയച്ചില്ല. സംസ്ഥാന കമ്മിറ്റി ചേർന്ന് ദേശീയ നേതൃത്വവുയുള്ള എല്ലാ ബന്ധവും വിച്ഛേദിച്ചു. ബേപ്പൂരില്‍ തനിക്ക് വിജയം ഉറപ്പാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസിനെതിരായാണ് അന്‍വര്‍ മത്സരിച്ചത്. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിൽ അസോഷ്യേറ്റ് കക്ഷിയായി നേരത്തേ ഉൾപ്പെടുത്തിയിരുന്നു. സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരം നടക്കുന്ന മണ്ഡലമാണ് ബേപ്പൂർ.
1980ന് ശേഷം സിപിഎം സ്ഥാനാർഥികളാണ് മണ്ഡലത്തിൽ തുടർച്ചയായി ജയിച്ചുവരുന്നത്. 2021 ൽ 28,747 ഭൂരിപക്ഷവുമായാണ് റിയാസ് വിജയിച്ചത്. എന്നാൽ 2024 ലോക്സഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഇവിടെ 19,561 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ആകെ 148 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണുള്ളത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഫറോക്ക്, രാമനാട്ടുകര, ചെറുവണ്ണൂർ–നല്ലളം എന്നിവിടങ്ങളിൽ യുഡിഎഫ് കാര്യമായ നേട്ടമുണ്ടാക്കിയെങ്കിലും ബേപ്പൂരിലും കടലുണ്ടിയിലും ഇടത് ആധിപത്യം തന്നെയാണ്.
87 മുതൽ തുടർച്ചയായി കോൺഗ്രസ് ജയിച്ചിരുന്ന നിലമ്പൂർ മണ്ഡലം പിടിച്ചെടുത്താണ് 2016ൽ പി.വി.അൻവറിന്റെ കന്നി നിയമസഭാ തിരഞ്ഞെടുപ്പു വിജയം. 2021ൽ വിജയം ആവർത്തിച്ചു. 2011ൽ സ്വതന്ത്രനായി ഏറനാട് മണ്ഡലത്തിൽ മത്സരിച്ച് എൽഡിഎഫിനെ പിന്തള്ളി രണ്ടാമതെത്തിയിരുന്നു.