വോട്ടെണ്ണല്‍ യന്ത്രം സൂക്ഷിച്ചിരുന്ന കോഴിക്കോട് ജെഡിടി കോളേജിലെ സ്ട്രോങ് റൂമിനോട് ചേര്‍ന്നുള്ള മെറ്റീരിയല്‍സ് റൂം തുറന്നതില്‍ വിവാദം. റിട്ടേണിങ് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. എന്നാല്‍ സോഫ്റ്റ് വെയര്‍ അപ്ഡേഷന്‍റെ ഭാഗമായാണ് മുറി തുറക്കേണ്ടി വന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിച്ചു. രേഖകളുടെ പകര്‍പ്പ് എടുക്കാന്‍ റിട്ടേണിങ് ഓഫീസര്‍ മറന്നതാണ് മുറി തുറക്കാന്‍ കാരണം. തുറന്നത് സീല്‍ചെയ്യാത്ത മെറ്റീരിയല്‍സ് റൂമാണെന്നും, മുറി തുറന്നത് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണെന്നുമാണ് കലക്ടറുടെ വിശദീകരണം.

 

ശക്തമായ മത്സരം നടന്ന പേരാമ്പ്രയിലെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ് റൂം തുറന്നുവെന്ന വിവരം 11.30ഓടെയാണ് പുറത്തറിയുന്നത്. പിന്നാലെ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കള്‍ ഓടിയെത്തി. സ്ഥാനാര്‍ഥിയെയോ ഏജന്‍റിനെയോ അറിയിക്കാതെ തുറന്നതെന്ന് യുഡിഎഫ് ആരോപിച്ചു. എന്നാല്‍ രാവിലെ എട്ടു മണിയോടെ മുറി തുറക്കുന്ന വിവരം റിട്ടേണിങ് ഓഫീസര്‍ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നതായി സ്ഥാനാര്‍ഥി തന്നെ സ്ഥിരീകരിച്ചു.

 

പിന്നാലെ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ച മുറി തുറന്നില്ലെന്നും, തിരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന മുറിയാണ് തുറന്നതെന്നും റിട്ടേണിങ് ഓഫീസര്‍ വിശദീകരിച്ചു. വോട്ടിങ് മെഷീനുകളും തിരഞ്ഞെടുപ്പ് സാധനങ്ങളും അടുത്തടുത്ത മുറികളില്‍ സൂക്ഷിച്ചതിലും യുഡിഎഫ് സംശയം ഉന്നയിച്ചു. വോട്ടെടുപ്പിന് ശേഷം എന്‍കോര്‍ സോഫ്റ്റ വെയറില്‍ അപ്ഡേറ്റ് ചെയ്യേണ്ട നിര്‍ണായക രേഖകളുടെ പകര്‍പ്പ് എടുക്കാന്‍ റിട്ടേണിങ് ഓഫീസര്‍ മറന്നതാണ് വിവാദത്തിന് ഇടയാക്കിയ മുറി തുറക്കലില്‍ കലാശിച്ചത്. 

ENGLISH SUMMARY:

A controversy has erupted after the materials room adjacent to the strong room—where voting machines were stored at JDT College in Kozhikode—was opened. The UDF has filed a complaint with the Election Commission demanding action against the Returning Officer. However, the Election Commission clarified that the room was opened as part of a software update process. The issue arose because the Returning Officer had forgotten to take copies of certain documents. The Collector explained that the room opened was an unsealed materials room, and it was done in the presence of candidates’ agents.