തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളില്‍ മൂത്തകുട്ടി അനോഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി. അനോഷ് കണ്ണു തുറന്നു. നിര്‍ദേശങ്ങളോട് പ്രതികരിക്കുന്നുവെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. വെന്റിലേറ്റര്‍ സപ്പോര്‍ട്ട് തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. പാമ്പുകടിയേറ്റ് മരിച്ച ഇളയസഹോദരന്‍ ആല്‍ജോയുടെ മൃതദേഹം സംസ്കരിച്ചു.  ഇവരുടെ വീട്ടില്‍നിന്ന് വീണ്ടും പാമ്പിന്‍ കുഞ്ഞിനെ കണ്ടെത്തി. 

 

തൃശൂര്‍ കോടാലി സ്വദേശികളായ സില്‍ജോ, ജോണ്‍സി ദമ്പതികളുടെ രണ്ടു മക്കള്‍ക്കാണ് കിടപ്പുമുറിയില്‍ പാമ്പു കടിയേറ്റത്. തലയിണയ്ക്കുള്ളിലായിരുന്നു പാമ്പുണ്ടായിരുന്നത്. എട്ടു വയസുകാരന്‍ അല്‍ജോയ്ക്കും പത്തു വയസുകാരന്‍ അനോഷിനും കടിയേറ്റു. അല്‍ജോയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അനോഷ് ചികില്‍സയിലാണ്. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് കറുകുറ്റി അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. അല്‍ജോയുടെ മരണം പാമ്പുകടിയേറ്റാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. അല്‍ജോയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന സമയത്ത് വീട്ടുവരാന്തയില്‍ മറ്റൊരു പാമ്പിനേയും കണ്ടെത്തി. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെയാണ് കണ്ടെത്തിയത്. 

 

അല്‍ജോയുടെ മൃതദേഹം സംസ്ക്കരിച്ചു. നാടൊന്നാകെ കണ്ണീരാഴ്ത്തിയ വിടവാങ്ങവായിരുന്നു അല്‍ജോയുടേത്. കടമ്പോട് എ.എല്‍.പി. സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു അല്‍ജോ. അനോഷ് നാലാം ക്ലാസ് വിദ്യാര്‍ഥിയും. ഇവര്‍ക്ക് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിനിയായ സഹോദരിയുമുണ്ട്.   വനത്തോടു ചേര്‍ന്നുള്ള ഒറ്റനില ടെറസ് വീടായിരുന്നു ഇവരുടേത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിയോടെ കുട്ടികള്‍ക്ക് വയറുവേദനയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. രാത്രി പുറത്തു നിന്ന് കഴിച്ച ഭക്ഷണത്തിന്‍റെ കുഴപ്പമാണെന്ന് ആദ്യം സംശയിച്ചു. വായില്‍ നിന്ന് നുരയും പതയും വന്നതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  

ENGLISH SUMMARY:

Anosh, the elder of the two brothers who suffered snakebite in Kodaly, Thrissur, has shown signs of recovery. He has opened his eyes and is responding to instructions, according to the medical bulletin. Hospital authorities stated that ventilator support will continue. Meanwhile, the body of his younger brother Aljo, who died due to the snakebite, has been laid to rest. Another baby snake was also found again in their house.