കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂരിനെതിരെ ഫെയ്സ്ബുക്കിലൂടെ പരസ്യമായി രംഗത്തെത്തിയ നാട്ടികയിലെ യുഡിഎഫ് സ്ഥാനാർത്ഥി സുനിൽ ലാലൂരിനെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ. പരാതികൾ ഉണ്ടെങ്കിൽ അത് പറയേണ്ടത് പാർട്ടി വേദികളിലാണെന്നും സോഷ്യൽ മീഡിയയിലല്ലെന്നും മുരളീധരൻ ഓർമ്മിപ്പിച്ചു. പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്ന് ചർച്ച ചെയ്യേണ്ട കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിച്ചിഴക്കുന്നത് ശരിയായ നടപടിയല്ലെന്ന് മുരളീധരൻ വ്യക്തമാക്കി.
നാട്ടികയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ജോസ് വള്ളൂർ മാറിനിന്നു എന്ന് ആരോപിച്ചാണ് സുനിൽ ലാലൂർ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ബിജെപി മനസ്സുമായി നടന്ന സി.സി. മുകുന്ദനെ ഡൽഹിയിലെത്തിച്ച് സീറ്റ് വാങ്ങി നൽകാൻ ശ്രമിച്ചവർക്ക് ജനങ്ങൾ മറുപടി നൽകുമെന്ന് സുനിൽ കുറിച്ചു. സ്ഥാനാർത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് പര്യടനത്തിൽ വരാത്ത നേതാക്കൾ ഇനി വീട്ടിലിരുന്നാൽ മതിയെന്നും സുനിൽ ലാലൂർ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.