സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പോളിങ് ശതമാനം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. അന്തിമ ശതമാനക്കണക്കുകള്‍ കമ്മിഷന്‍ പുറത്തുവിട്ടിട്ടില്ല. ഇത് അടിയന്തരമായി പുറത്തുവിടണമെന്നാണ് ആവശ്യം. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണം എന്നും കമ്മീഷനോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അതേസമയം, വോട്ടെടുപ്പ് കണക്കുകള്‍ ക്രോഡീകരിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രതികരണം. റിട്ടേണിങ് ഓഫീസർമാരും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ക്രോഡീകരണ ജോലികളിലാണ്. ഇതെല്ലാം പതിവ് നടപടി ക്രമങ്ങളാണ്. അന്തിമ കണക്ക് നല്‍കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

വോട്ടുകളുടെ അന്തിമ കണക്ക് പുറത്തുവിടാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകാത്തത് തികച്ചും അസ്വാഭാവികമാണെന്ന് വി.ശിവന്‍കുട്ടിയും പ്രതികരിച്ചു. ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ട്, സർവീസ് വോട്ട്, പോസ്റ്റൽ വോട്ട്, വീട്ടിലെ വോട്ട് എന്നിവയൊക്കെ ചേർത്ത അന്തിമ എണ്ണം എത്രയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉടൻ തന്നെ പുറത്തുവിടണം. വോട്ടെടുപ്പ് കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും ഈ കണക്കുകൾ കൃത്യമായി നൽകുന്നതിൽ കമ്മീഷന്റെ മുന്നിലുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കണം. സാങ്കേതിക വിദ്യ ഇത്രയേറെ വികസിച്ച കാലത്ത് വിവരങ്ങൾ ക്രോഡീകരിക്കാൻ ഇത്രയും കാലതാമസം വരുന്നത് ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണ്. ജനങ്ങൾക്കിടയിലുള്ള ആശങ്ക പരിഹരിക്കാൻ കമ്മീഷൻ അടിയന്തരമായി ഇടപെടുകയും എല്ലാ വിഭാഗം വോട്ടുകളുടെയും കൃത്യമായ കണക്ക് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും വേണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വോട്ടെടുപ്പ് കഴിഞ്ഞ് നാല് ദിവസമായിട്ടും അന്തിമ ശതമാന കണക്ക് പുറത്തുവിടാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. ആകെ പോൾ ചെയ്ത വോട്ടർമാരുടെ എണ്ണം, സംസ്ഥാനം, ജില്ല, മണ്ഡലം എന്നിവ തിരിച്ചുള്ള പോളിങ് കണക്കുകളും നൽകിയിട്ടില്ല. ചില ജില്ലകളിൽ ഈ വിവരം ഇൻഫർമേഷൻ വകുപ്പ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എങ്കിലും പൂര്‍ണമല്ല. മാത്രമല്ല, വീടുകളിൽ വോട്ട് ചെയ്തവർ, തപാൽവോട്ട് ചെയ്ത പോളിങ് ഉദ്യോഗസ്ഥർ, അവശ്യസേവന വിഭാഗത്തിലെ ഉദ്യോഗസ്ഥർ എന്നിവരുടെ കണക്കുകളും ലഭ്യമായിട്ടില്ല.

നിലവിലെ കണക്കുകളനുസരിച്ച് നിലവിലെ കണക്കനുസരിച്ച് 78.27 ശതമാനമാണ് സംസ്ഥാനത്തെ പോളിങ്. കഴിഞ്ഞതവണത്തേക്കാള്‍ ഉയര്‍ന്ന പോളിങ് ശതമാനമാണിത്. 81.33% രേഖപ്പെടുത്തിയ കോഴിക്കോടാണ് ഏറ്റവും കൂടിയ പോളിങ്. പാലക്കാട്ട് 80.56 ശതമാനവും എറണാകുളത്ത് 79.80 ശതമാനവുമാണ് പോളിങ്. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ അന്തിമ കണക്കുകള്‍ പുറത്തുവരുന്നതോടെ ഈ കണക്കുകള്‍ ഇനിയും മാറാം.

ENGLISH SUMMARY:

Opposition Leader VD Satheesan has written to the Election Commission demanding the immediate release of final polling percentages for the 2026 Kerala Assembly elections. State Minister V. Sivankutty also criticized the delay, calling it unusual and a threat to democratic transparency. Despite voting ending four days ago, comprehensive data on postal ballots, home voting, and service votes remain undisclosed. The Election Commission maintained that data compilation by Returning Officers is underway and final figures will be released shortly. Current estimates suggest a state-wide turnout of 78.27%, with Kozhikode recording the highest at 81.33%. Political leaders are concerned that the lack of official data is creating confusion and doubt among the public regarding the election process.