cpm-alappuzha

ആലപ്പുഴ ജില്ലയിൽ മൂന്നു മണ്ഡലങ്ങളിൽ പതിനായിരത്തിനു മേൽ വോട്ടിന്‍റെ ദൂരിപക്ഷം ലഭിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. മൂന്നു മണ്ഡലങ്ങൾ നഷ്ടമാകുമെന്ന് ബൂത്ത് തല കണക്കുകൾ അടിസ്ഥാനമാക്കി സിപിഎം വിലയിരുത്തുന്നു. അമ്പലപ്പുഴയിൽ പ്രതികൂല ഘടകങ്ങൾ അടിസ്ഥാനമാക്കി 6000 വോട്ടിന് പിന്നിലാണെന്ന് പാർട്ടി  കണക്ക് കൂട്ടുമ്പോഴും 62,000 വോട്ട് കിട്ടുമെന്നും കുറഞ്ഞത് 5000 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കുമെന്നും എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആത്മ വിശ്വാസം പ്രകടിപ്പിച്ചു. 

 

Also Read: ജയിക്കുന്നത് ആരൊക്കെ? കണക്കുകള്‍ കൂട്ടികിഴിക്കാന്‍ സിപിഎം; 5 മന്ത്രിമാരുടെ ജയത്തില്‍ ആത്മവിശ്വാസം


ചെങ്ങന്നൂരില്‍ 17,000ൽ പരം വോട്ടിന്‍റെയും മാവേലിക്കരയിൽ 18,000 ൽ കൂടുതൽ വോട്ടിന്‍റെയും ചേർത്തലയിൽ 13,000 ൽ പരം വോട്ടിന്‍റെയും ഭൂരിപക്ഷം ലഭിക്കുമെന്നാണ് ബൂത്ത് തല കണക്കുകൾ അടിസ്ഥാനമാക്കി സിപിഎം വിലയിരുത്തുന്നത്. ജി. സുധാകരൻ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച അമ്പലപ്പുഴയിലും, അരൂർ, കുട്ടനാട് മണ്ഡലങ്ങളിലാണു യുഡിഎഫ് മുന്നേറ്റം പറയുന്നത്. അരൂരിലും കുട്ടനാട്ടിലും നേരിയ വോട്ടുകളുടെ മുൻകൈയിലാണ് യുഡിഎഫ് മുന്നേറ്റമെന്നാണ് പാർട്ടിയുടെ കണക്കുകൾ. അമ്പലപ്പുഴയിൽ 6000 ൽ പരം വോട്ടുകളുടെ മേൽക്കൈ യുഡിഎഫിനുണ്ടെന്ന വിലയിരുത്തലാണ് പാർട്ടിക്ക്. എന്നാൽ പാർട്ടി കേഡർമാർ, പരമ്പരാഗത പാർട്ടി വോട്ടർമാർ, അനുഭാവികൾ എന്നിവർ ചെയ്ത വോട്ടിന്‍റെ അടിസ്ഥാനത്തിലുള്ള നിഗമനമാണിതെന്ന വിശദീകരണമുണ്ട്. നിഷ്പക്ഷമതികളുടേതും സാമുദായിക ധ്രുവീകരണം വഴി കിട്ടുന്നതും യുഡിഎഫിൽ നിന്ന് ചോർന്ന് ലഭിക്കുന്നതുമായ വോട്ടുകൾ എന്നിവ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് നേതാക്കൾ പറയുന്നു.

നിലവിൽ യുഡിഎഫിന്റെ ഏക മണ്ഡലമായ ഹരിപ്പാട്ട് രമേശ് ചെന്നിത്തല വീണ്ടും വിജയിക്കും. മൂന്ന് മണ്ഡലങ്ങളിൽ 10,000ൽ താഴെ ഭൂരിപക്ഷത്തിലാകും വിജയമെന്നും കണക്ക് കൂട്ടലുണ്ട്. അമ്പലപ്പുഴയിൽ എൽഡിഎഫിന് അനുകൂലമായി ചില വിഭാഗങ്ങളുടെ ഏകീകരണമുണ്ടായെങ്കിൽ എച്ച്. സലാം 10000ൽ ഏറെ വോട്ടിനു ജയിക്കുമെന്നും വിലയിരുത്തലുണ്ട്. അതേസമയം, ലഭിക്കുന്ന വോട്ടും  കിട്ടാൻ സാധ്യതയുള്ള ഭൂരിപക്ഷവും പറഞ്ഞ് ഫെയ്സ് ബുക്ക്  പോസ്റ്റുമായി അമ്പലപ്പുഴയിലെ LDF സ്ഥാനാർത്ഥി എച്ച് സലാം രംഗത്ത് വന്നു.

എൽഡിഎഫ് അമ്പലപ്പുഴയിൽ 62 ,000 വോട്ട് പിടിക്കും ജി സുധാകരന് 5000 ബിജെപി വോട്ട് ലഭിച്ചാൽ എൽഡിഎഫ് ഭൂരിപക്ഷം 5000 ആകും. ബിജെപി ഇരുപതിനായിരം വോട്ടു പിടിച്ചാൽ എൽഡിഎഫ് ഭൂരിപക്ഷം 10 ,000 കടക്കുമെന്ന് സലാം എഫ് ബി കുറിപ്പിൽ പറയുന്നു. ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർഥി പി.പി.ചിത്തരഞ്ജൻ 1500 വോട്ടിനും കായംകുളത്തു യു. പ്രതിഭ 6000 വോട്ടിനും മുന്നിലെത്തുമെന്നാണ് സിപിഎം കണക്ക്.

ENGLISH SUMMARY:

Alappuzha election analysis reveals varying predictions for LDF and UDF across constituencies. While CPM anticipates over 10,000 vote margins in three seats, booth-level data suggests potential UDF gains in Ambalappuzha, Aroor, and Kuttanad.