മലപ്പുറം ജില്ലയിലെ  നിയമസഭാ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്  റൂമുകൾ തുറക്കാൻ കലക്ടർ  നിർദ്ദേശം നൽകിയെങ്കിലും യുഡിഎഫ് പ്രതിഷേധം ഉയർത്തിയതോടെ പിൻവലിച്ചു. ഉപയോഗിക്കാതെ വച്ച റിസർവ് വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂം തുറന്നു മാറ്റാനാണ് നിർദ്ദേശം നൽകിയത്. വോട്ടെണ്ണൽ ദിവസം രാവിലെ തുറക്കേണ്ട സ്ട്രോങ്ങ് റൂം നേരത്തെ തുറക്കുന്നതിന് പിന്നിൽ സർക്കാർ ഗൂഢാലോചന ഉണ്ടെന്ന ആരോപണവുമായി യുഡിഎഫ് ജില്ലാ നേതൃത്വം രംഗത്തെത്തി. സർക്കാരിന്റെ നിർദേശപ്രകാരമാണ് കലക്ടർ ഉത്തരവിട്ടതെന്നും നടപടിയെടുക്കണമെന്നും ജില്ലാ യുഡിഎഫ് ചെയർമാൻ കെ പി അബ്ദുൽ മജീദ് ആവശ്യപ്പെട്ടു.

 

Also Read: ആ പറയുന്നത് പച്ചക്കള്ളം; ഉത്തരവാദിത്തം 17 എണ്ണത്തില്‍ മാത്രം; വിശദീകരണവുമായി സിപി റാഷിദ്


കഴിഞ്ഞ ദിവസം കോട്ടയത്ത് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമിന്റെ വാതിൽ സുരക്ഷാച്ചട്ടങ്ങൾ പാലിച്ചു പൂട്ടുന്നതിനെ കേന്ദ്ര നിരീക്ഷകൻ എതിർത്തതിനെത്തുടർന്നു തർക്കം ഉണ്ടായിരുന്നു; കലക്ടറുടെ നിർദേശപ്രകാരം വാതിൽ പൂട്ടാൻ ചെന്ന ഉദ്യോഗസ്ഥർക്കുനേരെ സുരക്ഷാച്ചുമതലയുള്ള സൈനികർ തോക്കുചൂണ്ടുകയും ചെയ്തു. വൈക്കം മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച കോട്ടയം ബസേലിയസ് കോളജിൽ  ഉച്ചയോടെയായിരുന്നു നാടകീയരംഗങ്ങൾ. കോൺഗ്രസ് പരാതി നൽകിയതിനുപിന്നാലെ വൈകിട്ടോടെ മുറികൾ ചട്ടപ്രകാരംതന്നെ പൂട്ടി.

 

ഏറ്റുമാനൂർ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ കോട്ടയം എംഡി സെമിനാരി സ്കൂളിലും വൈക്കത്തേതു ബസേലിയസ് കോളജിലുമാണു സൂക്ഷിക്കുന്നത്. സ്ട‌്രോങ് റൂമുകൾ പൂട്ടിയശേഷം കേന്ദ്ര നിരീക്ഷകൻ രഞ്ജൻ കുമാർ സിൻഹയുടെ നിർദേശപ്രകാരം താക്കോൽ താഴിനൊപ്പം ചേർത്ത് അവിടെത്തന്നെ സീൽ ചെയ്തുവച്ചതാണു വിവാദമായത്. സ്ട്രോങ് റൂമിന്റെ വാതിലിനു രണ്ടു പൂട്ടുകളാണുള്ളത്. ഇവ പൂട്ടി മുദ്രവച്ചശേഷം ഒരു പൂട്ടിന്റെ താക്കോലുകൾ റിട്ടേണിങ് ഓഫിസറും രണ്ടാമത്തെ പൂട്ടിന്റെ താക്കോലുകൾ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറും സൂക്ഷിക്കുകയെന്ന ചട്ടമാണു പിന്തുടർന്നുപോരുന്നത്. റിട്ടേണിങ് ഓഫിസറും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറും ഒരുമിച്ചുണ്ടെങ്കിലേ പിന്നീട് സ്ട്രോങ് റൂം തുറക്കാനാകൂ എന്നതാണ് ഈ രീതിയുടെ മെച്ചം. വാതിലിനു കുറുകെ പട്ടിക തറച്ചു കൂടുതൽ സുരക്ഷിതമാക്കുകയും ചെയ്യും.

 

എന്നാൽ ബംഗാളിലും അസമിലുമൊന്നും ഇങ്ങനെയല്ലെന്നായിരുന്നു കേന്ദ്ര നിരീക്ഷകന്റെ നിലപാട്. ഇരുപൂട്ടുകളുടെയും ഓരോ താക്കോൽവീതം താഴുകൾക്കൊപ്പം സീൽ ചെയ്തു വയ്ക്കണമെന്നും ബാക്കിയുള്ളത് റിട്ടേണിങ് ഓഫിസർമാർ സൂക്ഷിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാൽ, മുറിയുടെ സുരക്ഷ സംബന്ധിച്ച് കോട്ടയം വെസ്റ്റ് പൊലീസ് സംശയം പ്രകടിപ്പിച്ചു. റിട്ടേണിങ് ഓഫിസറും എതിർപ്പ് അറിയിച്ചു. ഇതിനിടെ, ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി പ്രസിഡന്റുമായ നാട്ടകം സുരേഷും ഇലക്‌ഷൻ ഏജന്റ് ജി.ഗോപകുമാറും കലക്ടർ ചേതൻകുമാർ മീണയ്ക്കും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ കേൽക്കർക്കും പരാതി നൽകി. തുടർന്നു കലക്ടർ സ്കൂളിലെത്തി. ചർച്ചയ്ക്കുശേഷം രണ്ടിടത്തെയും സ്ട്രോങ് റൂമുകൾ പഴയ രീതിയിൽ പൂട്ടാൻ നിർദേശിച്ചു. ഇതിനു ശ്രമിച്ചപ്പോഴാണു ബസേലിയസ് കോളജിൽ കാവൽ നിന്നിരുന്ന സിഐഎസ്എഫ് സൈനികർ ഉദ്യോഗസ്ഥർക്കുനേരെ തോക്ക് ചൂണ്ടിയത്.

 

പിന്നീടു കേന്ദ്ര നിരീക്ഷകനും കലക്ടറും ചേർന്നു തർക്കം പരിഹരിക്കുകയും സ്ട്രോങ് റൂമുകൾ പഴയ രീതിയിൽ പൂട്ടി താക്കോലുകൾ റിട്ടേണിങ് ഓഫിസർക്കും അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർക്കുമായി കൈമാറുകയും ചെയ്തു. വാതിലുകൾ വലിയ പ്ലൈവുഡ് ഷീറ്റ് വച്ചു മറച്ച് അതിനു മുകളിൽ പട്ടിക തറച്ചു സുരക്ഷിതമാക്കി. ജില്ലയിലെ സ്ട്രോങ് റൂമുകളെല്ലാം പിന്നീടു കലക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ചു.

ENGLISH SUMMARY:

Malappuram strong room controversy is the focus as the Collector's order to open strong rooms for reserve voting machines led to a UDF protest, alleging a government conspiracy. This incident follows a similar dispute in Kottayam regarding strong room security protocols.