പോളിങ് ശതമാനം ഉയര്‍ന്നത് എല്‍ഡിഎഫിന് അനുകൂലമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. 2016 നേക്കാള്‍ സീറ്റുകള്‍ 2021 ല്‍ ഉയര്‍ത്തി. വിജയവും ഭരണതുടര്‍ച്ചയും ഉറപ്പെന്നും പോളിങ്ങിന് ശേഷം ഇനി വീമ്പിളക്കലിന് അര്‍ഥമില്ലെന്നും എം.എ.ബേബി മനോരമ ന്യൂസിനോട് പറഞ്ഞു. തിരഞ്ഞെടുപ്പ് അവലോകനത്തിനായി നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരാനിരിക്കെയാണ് എം.എ. ബേബിയുടെ പ്രതികരണം
നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം കൂടിയത് എൽഡിഎഫിന് അനുകൂലമാകുമെന്നും സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പാണെന്നും സിപിഎം വിലയിരുത്തുന്നു. 2016-നേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഇത്തവണ നിയമസഭയിൽ സെഞ്ച്റി അടിക്കുമെന്നാണ് പാർട്ടിയുടെ പ്രധാന പ്രതീക്ഷ. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസനനേട്ടങ്ങളും വോട്ടായി മാറിയെന്ന് നേതൃത്വം വ്യക്തമാക്കുന്നു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ വിലപ്പോവില്ല. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി വർഗീയതയും കലഹങ്ങളുമില്ലാത്ത സമാധാനപരമായ സംസ്ഥാനമെന്ന നിലയിൽ ജനങ്ങൾ എൽഡിഎഫിനെ വലിയ തോതിൽ പിന്തുണയ്ക്കുമെന്നും പാർട്ടി വിശ്വസിക്കുന്നു. മുൻ തിരഞ്ഞെടുപ്പുകളിൽ 91, 99 എന്നിങ്ങനെയായിരുന്നു മുന്നണിക്ക് സീറ്റുകൾ ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ നൂറിലധികം സീറ്റുകൾ നേടുമെന്നാണ് വിലയിരുത്തൽ.
ഉയർന്ന പോളിങ് ശതമാനം സർക്കാരിന്റെ തുടർഭരണത്തിനുള്ള ജനങ്ങളുടെ അംഗീകാരമായാണ് എൽഡിഎഫ് കാണുന്നത്. ആരോപണങ്ങളുടെ പെരുമഴ സൃഷ്ടിക്കാൻ യുഡിഎഫ് നേതാക്കൾക്ക് കഴിഞ്ഞിട്ടുണ്ടാകാമെങ്കിലും അതൊന്നും വോട്ടിങ്ങിനെ സ്വാധീനിച്ചിട്ടില്ലെന്നും വികസനവും പുരോഗതിയുമാണ് ജനങ്ങൾ ചർച്ച ചെയ്തതെന്നും പാർട്ടി വിലയിരുത്തുന്നു.