udf

അത്യുജ്വല ഭൂരിപക്ഷവുമായി വിസ്മയകരമായി തിരിച്ചുവരുമെന്ന് യുഡിഎഫ് വിലയിരുത്തൽ. അഞ്ച് ജില്ലകൾ തൂത്തുവാരുമെന്ന് ഉറപ്പിക്കുകയാണ് യുഡിഎഫ് നേതൃത്വം. നൂറ് സീറ്റ് വെറുതേ പറഞ്ഞതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചരിത്ര വിജയമെന്ന് രമേശ് ചെന്നിത്തലയും മഹാഭൂരിപക്ഷമുണ്ടാകുമെന്ന് കെ.സി.വേണുഗോപാലും പ്രതികരിച്ചു.  

വോട്ടെല്ലാം പെട്ടിയിലായ ശേഷമുള്ള യുഡിഎഫ് വിലയിരുത്തൽ ലളിതമാണ്. മലബാറിൽ തരംഗം, മധ്യകേരളത്തിൽ സമ്പൂർണ ആധിപത്യം. തെക്കൻ കേരളത്തിൽ മേൽക്കൈ നൽകുന്ന നിശബ്ദ തരംഗം. കൂട്ടലും കിഴിക്കലും കഴിഞ്ഞപ്പോൾ അഞ്ച് ജില്ലകൾ തൂത്തുവാരുമെന്നായി. എറണാകുളം, ഇടുക്കി, മലപ്പുറം, പത്തനംതിട്ട, വയനാട്. ഇതിൽ കഴിഞ്ഞതവണ ഒരു സീറ്റും കിട്ടാത്ത ഇടമാണ് പത്തനംതിട്ട. ആത്മവിശ്വാസം ഇരട്ടിച്ച സതീശൻ നൂറുമേനി പ്രവചനം വെറുതേ നടത്തിയതല്ലെന്ന് പറഞ്ഞു. 

തിരുവനനന്തപുരം ജില്ലയിൽ 6 മുതൽ എട്ടുവരെയും കൊല്ലം ജില്ലയിൽ 6 സീറ്റ് വരെയും നേടാമെന്നാണ് കണക്കൂക്കൂട്ടൽ.രണ്ട് ജില്ലകളിലും കൂടി കഴിഞ്ഞതവണ കിട്ടിയത് വെറും മൂന്നു സീറ്റാണ്. സി.എസ്.ഐ സഭയുടെ പിന്തുണ തിരുവനന്തപുരം ജില്ലയിൽ വഴിത്തിരിവായെന്നാണ് പ്രതീക്ഷ. സംഘടനാമികവ് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തെന്ന് കോൺഗ്രസ് വിലയിരുത്തി.  യുഡിഎഫ് അനുകൂല തരംഗം തന്നെയാണ് എ.ഐ.സി.സിയും കാണുന്നത്.  ബൂത്തുതലങ്ങളിൽ നിന്ന് ലഭിച്ച കണക്കുകൾ ശേഖരിച്ച് ക്രോഡീകരിച്ചുള്ള സമഗ്ര വിലയിരുത്തലിലേക്ക് അടുത്തദിവസം നേതൃത്വം കടക്കും.

ENGLISH SUMMARY:

UDF win prediction suggests a remarkable comeback with a massive majority. The UDF leadership is confident of sweeping five districts, with leaders like VD Satheesan and Ramesh Chennithala expressing strong optimism about a historic victory.