പാലക്കാട് ജില്ലയിലെ റെക്കോഡ് പോളിങ്ങിന് പിന്നാലെ വലിയ അട്ടിമറികൾ പ്രതീക്ഷിച്ച് യു.ഡി.എഫ്. പാലക്കാടും മണ്ണാർക്കാടും നിലനിർത്തി, നാല് സീറ്റ് വരെ അധികം പിടിക്കാമെന്നാണ് കണക്കുകൂട്ടൽ. ഉറച്ച കോട്ടകൾ തകരില്ലെന്ന് എൽ.ഡി.എഫ് കരുതുമ്പോൾ, എൻ.ഡി.എ ക്യാംപ് വർധിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നില്ല.
ജില്ലയിലെ പോളിങ്ങ് ശതമാനം ആകെ 80 കടന്നത് മൂന്ന് മുന്നണികൾക്കും ചങ്കിടിപ്പേറ്റുന്നതാണ്. 2021ൽ ഇത് 76.2 ശതമാനം ആയിരുന്നു. ഗ്ലാമർ പോരാട്ടം നടന്ന പാലക്കാട്ട് പോളിങ്ങ് 82 ശതമാനമായി കുത്തനെ ഉയർന്നത് അനുകൂലമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. ബിജെപിയെ വെട്ടിലാക്കിയ വോട്ടിന് നോട്ട് വിവാദമെല്ലാം രമേഷ് പിഷാരടിക്ക് സഹായകരമാകുമെന്നും കണക്കുകൂട്ടലുണ്ട്. എൽഡിഎഫുമായി ഇക്കുറി കടുത്ത പേരാട്ടം നടക്കുന്ന ചിറ്റൂർ, കോങ്ങാട്, നെൻമാറ മണ്ഡലങ്ങളിലും പോളിങ്ങ് എൺപതിന് മുകളിൽ ഉയർത്താനായത് യുഡിഎഫ് ശുഭ സൂചനയായി കാണുന്നു. എന്നാൽ എന്ത് അട്ടിമറിയുണ്ടായാലും മലമ്പുഴ, ആലത്തൂർ, ഒറ്റപ്പാലം, ഷൊർണൂർ, തരൂർ തുടങ്ങിയ ഉറച്ച കോട്ടകൾ തകരില്ലെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. പാലക്കാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം തിരിച്ചടിയാകുമെന്ന് ബിജെപിക്കുള്ളിൽ രഹസ്യ വിലയിരുത്തലുണ്ട്. പാലക്കാട് ശോഭാ സുരേന്ദ്രൻ ഇക്കുറി വോട്ട് അധികം പിടിക്കുമെങ്കിലും ഈ പോളിങ്ങ് ട്രൻ്റിൽ വലിയ ആത്മവിശ്വാസം അവർക്കില്ല. മന്ത്രി എം.ബി.രാജേഷും വി.ടി.ബൽറാമും ഏറ്റുമുട്ടുന്ന തൃത്താലയിൽ വോട്ടിങ് ശതമാനം കുറഞ്ഞതും അട്ടിമറിയുടെ സൂചനകളാണ് നൽകുന്നത്.