എസ്.ഐ.ആർ നടപ്പാക്കിയിട്ടും കണ്ണൂരിലെ പോളിംഗ് ശതമാനത്തിൽ ഉണ്ടായത് നേരിയ വർദ്ധന. കടുത്ത മത്സരം പ്രതീക്ഷിച്ച പേരാവൂർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ വലിയ വർദ്ധന ഉണ്ടായില്ല. ഇരിക്കൂർ, അഴീക്കോട് മണ്ഡലങ്ങളിൽ പോളിംഗ് കുറയുകയും ചെയ്തു. നല്ല പോളിംഗ് പ്രതീക്ഷിച്ച മുന്നണികൾ ഇതോടെ ആശങ്കയിലായി.
കണ്ണൂർ ജില്ലയിൽ കഴിഞ്ഞതവണ രേഖപ്പെടുത്തിയത് 77.67% വോട്ടുകളാണ്. എസ് ഐ ആർ നടപ്പാക്കുമ്പോൾ പ്രതീക്ഷിച്ചത് 80നു മുകളിലേക്ക് ശതമാന കണക്ക് പോകുമെന്നായിരുന്നു. എന്നാൽ , അന്തിമ പോളിംഗ് കണക്കുകൾ പുറത്തു വരുമ്പോഴും ശതമാനം 78.6 മാത്രം. ഗ്ലാമർ പോരാട്ടം നടന്ന പേരാവൂരിൽ ഉണ്ടായത് ഒരു ശതമാനത്തിന്റെ വർദ്ധന. 79.1 ശതമാനം. പയ്യന്നൂരും തളിപ്പറമ്പും ധർമ്മടവും മട്ടന്നൂരും പതിവുപോലെ ഉയർന്ന പോളിംഗ് രേഖപ്പെടുത്തി. 82.24 ശതമാനം രേഖപ്പെടുത്തിയ മട്ടന്നൂരാണ് ജില്ലയിൽ പോളിങ്ങിൽ മുന്നിൽ. 3 ശതമാനത്തിന്റെ വർദ്ധന. പയ്യന്നൂരിൽ 80. 57% വും തളിപ്പറമ്പിൽ 81 ഉം, ധർമ്മടത്ത് 81.44 ശതമാനവും ആണ് രേഖപ്പെടുത്തിയത്. 2021ൽ നിന്ന് ഒന്നു മുതൽ രണ്ട് ശതമാനം വരെ മാത്രമേ ഇവിടങ്ങളിൽ പോളിംഗ് കൂടിയിട്ടുള്ളൂ. വലിയ രാഷ്ട്രീയ വാഗ്വാദം നടന്ന പയ്യന്നൂരിൽ ഒന്നര ശതമാനത്തിലേറെ പോളിംഗ് വർദ്ധിച്ചത് ഇരു മുന്നണികൾക്കും പ്രതീക്ഷ പകരുന്നുണ്ട്. കണ്ണൂർ മണ്ഡലത്തിൽ 1% വർധനയാണ്.
കൂത്തുപറമ്പ് കല്യാശ്ശേരി അഴീക്കോട് മണ്ഡലങ്ങളിൽ കഴിഞ്ഞതവണത്തേതിന് സമാനമാണ് ഇക്കുറിയും പോളിംഗ്. കല്യാശ്ശേരിയിൽ 76. 99 , കൂത്തുപറമ്പ് 78.46 ,അഴീക്കോട് 77.71 ശതമാനം എന്നിങ്ങനെയാണ് നില. കല്യാശ്ശേരിയിലും കൂത്തുപറമ്പിലും ദശാംശത്തിൽ നേരിയ വർദ്ധനവ് ഉണ്ടായെങ്കിലും അഴീക്കോട് കുറയുകയാണ് ചെയ്തത്. അതേസമയം യുഡിഎഫിന്റെ ഉറച്ച മണ്ഡലമായ ഇരിക്കൂരിൽ പോളിങ്ങിൽ കുറവ് രേഖപ്പെടുത്തി. 75.63 ഉണ്ടായിരുന്ന പോളിംഗ് ശതമാനം ഇക്കുറി രേഖപ്പെടുത്തിയത് 74.32 ആണ്. ഹോം വോട്ടുകളും തപാൽ വോട്ടുകളും കൂടി ചേർക്കുമ്പോൾ നേരിയ വർദ്ധനവ് കൂടി സംഭവിക്കും. 2021ലെ കണക്കിൽ നിന്ന് വലിയ മാറ്റമില്ലാത്ത ഈ കണക്കുകൾ മുന്നണികളുടെ പ്രതീക്ഷകളെയും ആശയക്കുഴപ്പത്തിൽ ആക്കുന്നുണ്ട്.