കോടികൾ ചെലവഴിച്ച് നിർമ്മിച്ച കണ്ണൂർ ഒടുവള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ആധുനിക ഐസൊലേഷൻ വാർഡ് ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷമായിട്ടും പ്രവർത്തനം ആരംഭിക്കാതെ കാടുകയറി നശിക്കുന്നു. 2024 ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. മലയോര മേഖലയിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകേണ്ട ചികിത്സാ കേന്ദ്രം ഉദ്ഘാടനത്തിന് ശേഷം ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല.
കിടത്തി ചികിത്സയ്ക്ക് ആവശ്യമായ ബെഡുകളും ആധുനിക ചികിത്സാ ഉപകരണങ്ങളും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ടെങ്കിലും ആവശ്യമായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും നിയമനം നടക്കാത്തതാണ് പ്രധാന തടസ്സമെന്നാണ് നാട്ടുകാർ പറയുന്നത്. ആരോഗ്യവകുപ്പ് ആവശ്യമായ ജീവനക്കാരെ നിയമിച്ചാൽ ആശുപത്രി ഉടൻ പ്രവർത്തിപ്പിക്കാനാകുമെന്നാണ് വിലയിരുത്തൽ. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്നതിൽ ശക്തമായ പ്രതിഷേധമാണ് മലയോര മേഖലയിലെ ജനങ്ങൾ ഉയർത്തുന്നത്.