കണ്ണൂർ ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം. തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയ അഴീക്കോട് സ്വദേശി മുനീറിന്റെ കാലിൽ ഗുരുതരമായ അണുബാധയുണ്ടായെന്നാണ് കുടുംബത്തിന്റെ പരാതി. കാലിലെ പ്രധാന ഞരമ്പ് പഴുത്ത് ഗുരുതരമായതോടെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയാണ്. അതേസമയം ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ രംഗത്തെത്തി. 

തെരുവുനായയുടെ കടിയേറ്റതിനെത്തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതാണ് അഴീക്കോട് സ്വദേശി പി.പി. മുനീർ. ഓഗസ്റ്റ് നാലിനായിരുന്നു വലതുകാലിൽ നായയുടെ കടിയേറ്റത്. വാക്സിനേഷന് പിന്നാലെ അസ്വസ്ഥതകൾ ഉണ്ടായെന്നും ആശുപത്രിയെ വിവരം അറിയിച്ചപ്പോൾ സാധാരണമാണെന്നാണ് മറുപടി ലഭിച്ചതെന്നും ഭാര്യ റഷീദ പറയുന്നു. പിന്നീട് മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് കാലിലെ അണുബാധ ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ കാലിലെ മാംസം നീക്കം ചെയ്യേണ്ടിവന്നു. 

നിലവിൽ കാലിലെ പ്രധാന ഞരമ്പ് പഴുത്ത് ചീഞ്ഞതിനെത്തുടർന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയാണ്. തുടർചികിത്സയുടെ ഭാഗമായി പ്ലാസ്റ്റിക് സർജറിയും വേണ്ടിവരും. ശസ്ത്രക്രിയയോടെ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടേക്കാം എന്ന് ഡോക്ടർമാർ അറിയിച്ചതോടെ ആശങ്കയിലാണ് കുടുംബം. ചികിത്സയ്ക്കായി വലിയ തുക ചെലവാകുന്നതോടെ സാമ്പത്തിക പ്രതിസന്ധിയിലാണ് കുടുംബം. ചികിത്സാപ്പിഴവിൽ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, മുനീറിന് കൃത്യമായ ചികിത്സ നൽകിയിരുന്നെന്നും ഇദ്ദേഹം പ്രമേഹരോഗിയാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ENGLISH SUMMARY:

Kannur district hospital medical negligence has been alleged by the family of a stray dog bite victim who suffered severe infection and nerve damage. The hospital authorities have denied the claims, stating that proper treatment was provided to the patient.