File photo

വോട്ടെടുപ്പിനു പിന്നാലെ അവകാശവാദങ്ങളും പ്രതീക്ഷകളുമായി മുന്നണികള്‍. ശക്തമായ ത്രികോണ മത്സരം നടക്കുന്ന നേമത്ത് നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി. ഭൂരിപക്ഷം അധികമുണ്ടാകില്ല. ഇഞ്ചോടിഞ്ച് പോരാട്ടമാണ്. എന്നാലും ജയിക്കും. ചിലയിടങ്ങളില്‍ ബിജെപി വോട്ടുകള്‍ പിന്നോട്ടു പോയിട്ടുണ്ട്. ഇത് യുഡിഎഫിലേക്കാണെന്ന് സംശയിക്കുന്നെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. 

 

അതേസമയം, എല്ലാ വിഭാഗങ്ങളുടേയും വോട്ടുകള്‍ ലഭിച്ചെന്നായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരിനാഥിന്റെ പ്രതികരണം. ചില വിഭാഗത്തിന്റെ മാത്രം വോട്ടായിരുന്നു എല്‍ഡിഎഫ് –ബിജെപി ലക്ഷ്യമെന്നും ശബരിനാഥ് പറഞ്ഞു. 

 

Also Read: വിരലില്‍ മുറിവ്; കെട്ടഴിക്കാതെ വോട്ട് ചെയ്യാന്‍ പറ്റില്ലെന്ന് പ്രീസൈഡിങ് ഓഫീസര്‍; ഒടുവില്‍ നീതി

 

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു മുതൽ 10 സീറ്റ് വരെ നേടുമെന്നാണ് ബി.ജെ.പിയുടെ പ്രാഥമിക വിലയിരുത്തൽ. 30 മണ്ഡലങ്ങളിൽ എൻ.ഡി.എ സ്ഥാനാർഥികൾ കടുത്ത മൽസരം കാഴ്ച്ചവച്ചു. പോളിങ് ശതമാനം കൂടിയത് എൻ.ഡി.എയ്ക്ക് അനുകൂലമാണ്. കുന്നത്തുനാട് വലിയ പ്രതീക്ഷയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലേതുപോലെ ബൂത്ത് തല വിലയിരുത്തലിലേക്ക് ബി.ജെ.പി ഇന്ന് കടക്കും. അതിന് ശേഷം കൃത്യമായ സാധ്യതകളിലേക്ക് എത്തുമെന്നാണ് നേതാക്കൾ പറയുന്നത്. തിരുവനന്തപുരം ജില്ലയിൽ നാലു സീറ്റുകൾ വരെ നേടുമെന്നാണ് മൂന്ന് സംഘടനാ ജില്ലകളിലെ നേതാക്കളുടെ അവകാശവാദം.

 

85ന് മുകളില്‍ സീറ്റ് നേടി ഭരണം നിലനിര്‍ത്തുമെന്ന വിലയിരുത്തലിലാണ്  സി.പി.എം. ഉയര്‍ന്ന പോളിങ് ശതമാനം എല്‍.ഡി.എഫിന് അനുകൂലമെന്ന വിലയിരുത്തലാണ് സി.പി.എം പ്രാഥമികമായി നടത്തിയിട്ടുള്ളത്. മുന്നണിയുടെ വിജയസാധ്യത പരിശോധിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഞായറാഴ്ച ചേരും. താഴെത്തട്ടില്‍ നിന്നും മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും സ്വരൂപിച്ച നല്‍കിയ കണക്കാണ് സി.പി.എം പരിശോധിക്കുക. ഉയര്‍ന്ന പോളിങ് ശതമാനം തിരിച്ചടിയാവില്ലെന്ന വിലയിരുത്തലാണ് സി.പി.എം നേതൃത്വത്തിനുള്ളത്. ഉയര്‍ന്ന പോളിങ് ശതമാനം വന്ന 2016ലും കുറവ് വന്ന 2021ലും എല്‍.ഡി.എഫിന് ഭരണം നേടാനായിട്ടുണ്ടെന്നു സി.പി.എം നേതാക്കള്‍ സൂചിപ്പിക്കുന്നു. സിറ്റിങ് സീറ്റുകളില്‍ കാര്യമായ തിരിച്ചടിയുണ്ടാവില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.. ബി.ജെ.പി വിജയിച്ചേക്കാമെന്ന് തോന്നലുണ്ടായ നേമം, കഴക്കൂട്ടം പോലെയുള്ള മണ്ഡലങ്ങളില്‍ ന്യൂനപക്ഷ മതേതര വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്ന് സി.പി.എം കരുതുന്നു. കണ്ണൂരിലുണ്ടായ വിവാദങ്ങള്‍ വടക്കന്‍ കേരളത്തില്‍ കാര്യമായ തിരിച്ചടിക്ക് കാരണമാവില്ല. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും തിരിച്ചടിയുണ്ടായാലും തെക്കന്‍ കേരളം കൈവിടില്ലെന്നതാണ് ഇടതുമുന്നണിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം.

 

അത്യുജ്വല ഭൂരിപക്ഷവുമായി  വിസ്മയകരമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാംപ്. വോട്ടെടുപ്പിന് ശേഷവും സീറ്റ് നില 100 കടക്കുമെന്ന് പറയുന്ന യുഡിഎഫ് നേതൃത്വം 90 താഴെ പോകില്ലെന്ന് ഉറപ്പിക്കുന്നു. മലബാറിൽ യുഡിഎഫ് അനുകൂല തരംഗം ഉണ്ടായെന്നും മധ്യകേരളത്തിൽ സമ്പൂർണ ആധിപത്യം ആണെന്നും ആണ് പ്രാഥമിക വിലയിരുത്തൽ. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച പ്രകടനം ഉണ്ടാകുമെന്ന് കരുതുന്ന തെക്കൻ കേരളത്തിൽ നിശബ്ദ തരംഗം ഉണ്ടെന്നാണ് യുഡിഎഫിന്റെ പൊതു വിലയിരുത്തൽ

 

ഏറ്റവും ഒടുവിലെ വിവരം അനുസരിച്ച് 78.27 ശതമാനം പേർ വോട്ടു ചെയ്തിട്ടുണ്ട്. 2021നെ മറികടക്കുന്ന വോട്ടിങ്ങ് ശതമാനമാണിത്. 81.35 ശതമാനം വോട്ടർമാർ സമ്മതിദാന അവകാശം രേഖപ്പെടുത്തിയ കോഴിക്കോട് ജില്ലയാണ് വോട്ടുകണക്കിൽ മുന്നിൽ. പാലക്കാട് 80.57%, എറണാകുളം 79.89 ശതമാനം എന്നിങ്ങനെയാണ് വോട്ടു ചെയ്തത്. 70.76 എന്ന ശതമാനക്കണക്കുമായി പത്തനംതിട്ടയാണ് പിന്നിൽ. 84 ശതമാനം വോട്ട് വീതം രേഖപ്പെടുത്തിയ കുന്നത്തുനാടും ചിറ്റൂരുമാണ് നിയമസഭാ മണ്ഡലങ്ങളിൽ മുന്നിൽ. അന്തിമ വോട്ടു കണക്ക് ഇന്ന് ലഭ്യമാകുമ്പോള്‍ പ‌ോളിങ് സംബന്ധിച്ച വ്യക്തമായ ചിത്രം കിട്ടും.

 

 

 

 

 

ENGLISH SUMMARY:

Nemom election results are being analyzed by political parties with claims and counter-claims following the voting. LDF candidate V Sivankutty expressed confidence in winning Nemom with a narrow margin, suspecting a shift of BJP votes towards UDF. UDF candidate K S Sabarinath countered by stating they received votes from all sections, while LDF and BJP targeted specific community votes.