Chief minister pinarayi vijayan and opposition leader VD Satheesan. Thiruvananthapuram 2025 : Photo by : J Suresh

  • ഭരണം നിലനിര്‍ത്തുമെന്ന് സിപിഎം
  • യുഡിഎഫ് ഭരിക്കുമെന്ന് സതീശന്‍
  • 10 സീറ്റ് വരെ നേടുമെന്ന് എന്‍ഡിഎ

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. ഏറ്റവും ഒടുവിലെ വിവരം അനുസരിച്ച് 78.27 ശതമാനം പേർ വോട്ടു ചെയ്തു. 2021നെ മറികടക്കുന്ന വോട്ടിങ്ങ് ശതമാനമാണിത്. 81.35 ശതമാനം വോട്ടർമാർ സമ്മതിദാന അവകാശം രേഖപ്പെടുത്തിയ കോഴിക്കോട് ജില്ലയാണ് വോട്ടുകണക്കിൽ മുന്നിൽ. പാലക്കാട് 80.57%, എറണാകുളം 79.89 ശതമാനം എന്നിങ്ങനെയാണ് ജനങ്ങള്‍ വോട്ടു ചെയ്തത്. 70.76 എന്ന ശതമാനക്കണക്കുമായി പത്തനംതിട്ടയാണ് പിന്നിൽ. 84 ശതമാനം വോട്ട് വീതം രേഖപ്പെടുത്തിയ കുന്നത്തുനാടും ചിറ്റൂരുമാണ് നിയമസഭാ മണ്ഡലങ്ങളിൽ മുന്നിൽ. അന്തിമ വോട്ടു കണക്ക് ഇന്ന് ലഭ്യമാകുമ്പോള്‍ പ‌ോളിങ് സംബന്ധിച്ച വ്യക്തമായ ചിത്രം കിട്ടും.

85ന് മുകളില്‍ സീറ്റ് നേടി ഭരണം നിലനിര്‍ത്തുമെന്ന വിലയിരുത്തലിലാണ് സിപിഎം. ഉയര്‍ന്ന പോളിങ് ശതമാനം എല്‍ഡിഎഫിന് അനുകൂലമെന്ന വിലയിരുത്തലാണ് സിപിഎം പ്രാഥമികമായി നടത്തിയിട്ടുള്ളത്. മുന്നണിയുടെ വിജയസാധ്യത പരിശോധിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഞായറാഴ്ച ചേരും. താഴെത്തട്ടില്‍ നിന്നും മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും സ്വരൂപിച്ച നല്‍കിയ കണക്കാണ് നേതൃത്വം പരിശോധിക്കുക. ഉയര്‍ന്ന പോളിങ് ശതമാനം തിരിച്ചടിയാവില്ലെന്ന വിലയിരുത്തലാണ് സിപിഎം നേതൃത്വത്തിനുള്ളത്. ഉയര്‍ന്ന പോളിങ് ശതമാനം വന്ന 2016ലും കുറവ് വന്ന 2021ലും എല്‍ഡിഎഫിന് ഭരണം നേടാനായിട്ടുണ്ടെന്നു സിപിഎം നേതാക്കള്‍ സൂചിപ്പിക്കുന്നു. സിറ്റിങ് സീറ്റുകളില്‍ കാര്യമായ തിരിച്ചടിയുണ്ടാവില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ബിജെപി വിജയിച്ചേക്കാമെന്ന് തോന്നലുണ്ടായ നേമം, കഴക്കൂട്ടം പോലെയുള്ള മണ്ഡലങ്ങളില്‍ ന്യൂനപക്ഷ മതേതര വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചിട്ടുണ്ടെന്ന് സിപിഎം കരുതുന്നു. കണ്ണൂരിലുണ്ടായ വിവാദങ്ങള്‍ വടക്കന്‍ കേരളത്തില്‍ കാര്യമായ തിരിച്ചടിക്ക് കാരണമാവില്ല. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും തിരിച്ചടിയുണ്ടായാലും തെക്കന്‍ കേരളം കൈവിടില്ലെന്നതാണ് ഇടതുമുന്നണിക്ക് പ്രതീക്ഷ നല്‍കുന്ന ഘടകം.

എന്നാല്‍ വന്‍തോതില്‍ ഭരണവിരുദ്ധ വികാരമുണ്ടായെന്നും അത് വോട്ടായി പ്രതിഫലിച്ചുവെന്നുമാണ് യുഡിഎഫ് വിലയിരുത്തുന്നത്. യുഡിഎഫ് ഭരിക്കുമെന്ന ആത്മവിശ്വാസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രകടിപ്പിച്ചു. പോളിങ് ശതമാനം ഉയര്‍ന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്നും വന്‍തോതില്‍ ന്യൂനപക്ഷവോട്ടുകള്‍ യുഡിഎഫിലേക്ക് മടങ്ങിയെത്തിയെന്നുമാണ് വിലയിരുത്തല്‍.

അഞ്ചു മുതൽ 10 സീറ്റ് വരെ നേടുമെന്ന് ബിജെപിയുടെ പ്രാഥമിക വിലയിരുത്തൽ. 30 മണ്ഡലങ്ങളിൽ എന്‍ഡിഎ സ്ഥാനാർഥികൾ കടുത്ത മൽസരം കാഴ്ച്ചവച്ചു. പോളിങ് ശതമാനം കൂടിയത് അനുകൂലമാണെന്നും നേതാക്കള്‍ പറയുന്നു. കുന്നത്തുനാട് വലിയ പ്രതീക്ഷയാണ്. തദ്ദേശ തിരഞ്ഞെടുപ്പിലേതുപോലെ ബൂത്ത് തല വിലയിരുത്തലിലേക്ക് ബിജെപി ഇന്ന് കടക്കും. അതിന് ശേഷം കൃത്യമായ സാധ്യതകളിലേക്ക് എത്തുമെന്നാണ് നേതാക്കൾ പറയുന്നത്. തിരുവനന്തപുരം ജില്ലയിൽ നാലു സീറ്റുകൾ വരെ നേടുമെന്നാണ് മൂന്ന് സംഘടനാ ജില്ലകളിലെ നേതാക്കളുടെ അവകാശവാദം.

ENGLISH SUMMARY:

The 2026 Kerala Assembly Elections recorded a high voter turnout of 78.27%, surpassing the 2021 figures. While the LDF estimates winning over 85 seats to retain power, the UDF claims a massive anti-incumbency wave will lead to their victory. The BJP-led NDA expects significant gains in 5 to 10 seats, particularly in Thiruvananthapuram and Kunnathunad. Kozhikode district topped the voter turnout with 81.35%, while Pathanamthitta remained at the bottom. Political parties are now moving into micro-level booth assessments ahead of the final results.