85ന് മുകളില്‍ സീറ്റ് നേടി ഭരണം നിലനിര്‍ത്തുമെന്ന വിലയിരുത്തലില്‍  സിപിഎം. ഉയര്‍ന്ന പോളിങ് ശതമാനം എല്‍ഡിഎഫിന് അനുകൂലമെന്ന വിലയിരുത്തലാണ് സിപിഎമ്മിനും മുന്നണിക്കുമുള്ളത്. വിജയസാധ്യത വിലിയിരുത്താന്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി നാളെയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറന്നാളും തിരുവനന്തപുരത്ത് ചേരും.  ഭരണവിരുദ്ധവികാരം ഉണ്ടായിട്ടില്ലെന്നും ഭരണതുടര്‍ച്ചയുണ്ടാവുമെന്നും ടി.പി.രാമകൃഷ്ണന്‍ അവകാശപ്പെട്ടു

സര്‍ക്കാര്‍ വിരുദ്ധവികാരമുണ്ടായിട്ടുണ്ടെന്നും പിണറായിയെ താഴയിറക്കാന്‍ ജനങ്ങള്‍ കൂട്ടത്തോടെ വോട്ടു ചെയ്തു എന്നുള്ള  ചര്‍ച്ചകള്‍ക്കിടയിലും സിപിഎമ്മും ഇടതുമുന്നണിയും ആത്മവിശ്വാസത്തിലാണ്. എന്‍പതിനോട് അടുക്കുന്ന വോട്ടിങ് ശതമാനം ഇടതുമുന്നണിയെ പരുക്കേല്‍പ്പിക്കില്ലെന്നാണ് വിലയിരുത്തല്‍. ഉയര്‍ന്ന പോളിങ് ശതമാനം വന്ന 2016ലും  കുറവ് വന്ന 2021ലും  ഭരണം നേടാനായിട്ടുണ്ടെന്നാണ് കാരണമായി നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്. അടിസ്ഥാന വിഭാഗത്തിന്‍റെ വോട്ട്  ഒപ്പം നിന്നിട്ടുണ്ട് , ന്യൂനപക്ഷവോട്ടുകള്‍ യുഡിഎഫിലേക്ക് പൂര്‍ണായും ഏകീകരിച്ചിട്ടില്ലെന്നും അനുകൂലഘടകമായി എല്‍ഡിഎഫ് വിലയിരുത്തുന്നു. 

ബിജെപി വിരുദ്ധവോട്ടുകള്‍ എല്‍ഡിഎഫിന് പലമണ്ഡലങ്ങളിലും അനൂകൂലമായിട്ടുണ്ട്.   ജനക്ഷേമ പദ്ധതികള്‍സ തുടരണം എന്ന നിലപാടാണ് ജനങ്ങള്‍ സ്വീകരിച്ചതെന്നും ഭരണ തുടര്‍ച്ചയുണ്ടാവുമെന്നും  കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഗള്‍ഫ് വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ കുറവ് ആര്‍ക്ക് ഗുണമായി എന്ന് പറയാനാവില്ലെന്നും ടിപി രാമകൃഷ്ണന്‍ 

എം.എല്‍.എ മാരുടെ പ്രവര്‍ത്തനങ്ങള്‍ കാരണം സിറ്റിങ് സീറ്റുകള്‍ അധികം നഷ്ടമാവില്ലെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. കടുത്ത മല്‍സരം നേരിട്ട പേരാമ്പ്രയും നേമവും കഴക്കൂട്ടവും ഉള്‍പ്പടെ വിജയപ്രതീക്ഷവെയ്ക്കാനുള്ള കാരണവും ഇതുതന്നെ . എസ്ഡിപിഐ ബന്ധം പരസ്യമായി നിഷേധിക്കുമ്പോഴും  അവരുടെ ബിജെപി വിരുദ്ധ പ്രവര്‍ത്തനം പല മണ്ഡലങ്ങളിലും സഹായകമാവും.  നാളെ ചേരുന്ന സിപിഐ നേതൃയോഗത്തിലും ഞായാറാഴ്ച ചേരുന്ന സിപിഎം സെക്രട്ടറിയേറ്റിലും പാര്‍ട്ടി നേതൃത്വം മണ്ഡലങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വിലയിരുത്തും.

ENGLISH SUMMARY:

CPM election prediction indicates a strong likelihood of retaining power with over 85 seats, buoyed by a high polling percentage perceived as favorable to the LDF. The party is confident in its prospects despite discussions of anti-incumbency sentiment.