140 അംഗ നിയമസഭയിൽ ഇരുപക്ഷത്തും 70 പേർ വീതം വന്നാൽ എന്ത് സംഭവിക്കും. 1981 ഡിസംബർ 28 മുതൽ 1982 മാ‍ർച്ച് 17 വരെ കേരളത്തിൽ അത്തരമൊരു സാഹചര്യം നിലവിലുണ്ടായിരുന്നു. ഞാണിന്മേൽ കളിച്ച ആ മന്ത്രിസഭ വെറും 80 ദിവസം കൊണ്ട് വീണു. 1980 തിലെ തിരഞ്ഞെടുപ്പിന് ശേഷം ആന്‍റണിയും മാണിയും ഇടതുമുന്നണിക്കൊപ്പം ചേർന്നുണ്ടാക്കി ഇ.കെ നായനാ‍ർ മന്ത്രിസഭ വീണതോടെയാണ് കേരളത്തിൽ സീറ്റ് എണ്ണിയുള്ള രാഷ്ട്രീയ കളി നടന്നത്. 

1980 തിലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിച്ചത് 93 സീറ്റ്. സിപിഎമ്മിന്- 35, കോൺഗ്രസ് യു വിന് -21, സിപിഐയ്ക്ക് 17, കേരള കോൺഗ്രസിന് എട്ട്, ആർഎസ്പി 6, അഖിലേന്ത്യ ലീഗിന് അഞ്ച്, കേരള കോൺ​ഗ്രസ് പിള്ള വിഭാ​ഗത്തിന് ഒന്ന്  എന്നിങ്ങനെയായിരുന്നു ഇടതുമുന്നണിയുടെ കക്ഷി നില. മറുഭാ​ഗത്ത് കോൺഗ്രസിന് 17 സീറ്റുകിട്ടി. ലീഗ് 14 സീറ്റും കേരള കോൺഗ്രസ് ജോസഫിന് ആറും എൻഡിപിക്ക് 3 സീറ്റും പി.എസ്.പിക്ക് ഒരു സീറ്റും ലഭിച്ചു. ജനതാ പാർട്ടി മൂന്ന് സീറ്റ് നേടി. 1980 ജനുവരി 25-ന് നായനാർ മുഖ്യമന്ത്രിയായി ചുമതലയേറ്റു. പക്ഷേ ഭരണം അധികം നീണ്ടില്ല.

ആദ്യം മുന്നണി വിട്ടത് ആന്‍റണിയുടെ നേതൃത്വത്തിലുള്ള കോൺ​ഗ്രസ് യു. 21 പേരുള്ള പാർട്ടി മുന്നണി വിട്ടെങ്കിലും 72 പേരുടെ പിന്തുണ ഇടതു സ‌ർക്കാറിനുണ്ടായിരുന്നു. തൊട്ടുപിന്നാലെ എട്ടു പേരുള്ള കേരള കോൺ​ഗ്രസ് മാണിയും മുന്നണി വിട്ടതോടെ നായനാർ മന്ത്രിസഭ രാജിവച്ചു. 

കോൺ​ഗ്രസ് മുന്നണിക്കൊപ്പം ചേരാനുള്ള ആന്‍റണിയുടെ തീരുമാനത്തിൽ കോൺ​ഗ്രസ് യുവിൽ ഭിന്നതയുണ്ടായി. കേന്ദ്ര നേതൃത്വം തീരുമാനത്തെ എതിർത്തു. പി.സി ചാക്കോ, എൻ.സി ഷൺമുഖദാസ്, എ.കെ. ശശീന്ദ്രൻ, ടി.പി. പീതാംബരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, വി.സി കബീർ എന്നി ആറു എംഎൽഎമാർ കോൺ​ഗ്രസ് എസ് എന്ന പാർട്ടിയായി ഇടതുമുന്നണിക്കൊപ്പം നിന്നു. 

​ഗവർണർ നിയമസഭ പിരിച്ചുവിട്ടിരുന്നില്ല. നായനാർ മന്ത്രിസഭ രാജി വെച്ച് 69 ദിവസങ്ങൾക്ക് ശേഷം കെ. കരുണാകരൻ മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു. കോൺഗ്രസ്, ആന്‍റണി കോൺഗ്രസ്, കേരള കോൺഗ്രസ് മാണി, ജോസഫ് വിഭാഗങ്ങൾ, ഇന്ത്യൻ യൂണിയൻ മുസ്ലീ ലീഗ്, എൻഡിപി, ആർ എസ് പിയിൽ നിന്നും വിട്ട കടവൂ‌ർശിവദാസന്‍റെ ആർ.എസ്.പി (എസ്) എന്നീ പാർട്ടികളുടെ പിന്തുണയിലായിരുന്നു സർക്കാർ. 

പത്തനംതിട്ടയിൽ നിന്നും സ്വതന്ത്രനായി മത്സരിച്ചു ജയിച്ചു കെ.കെ നായർ കോൺഗ്രസ് മുന്നണിക്കൊപ്പം നിന്നു. പത്തനംതിട്ട ജില്ല നൽകാം എന്നതായിരുന്നു വാഗ്ദാനം. ജനതാ പാർട്ടിയുടെ അഞ്ച് പേരുടെ പിന്തുണയ്ക്കായി ശ്രമിച്ചെങ്കിലും പാർട്ടി പിളർന്നു. എം. കമലം, പിസി തോമസ്, എം ഭാസ്കരൻ എന്നിവർ കോൺ​ഗ്രസ് മുന്നണിക്കൊപ്പം ചേർന്നു. അങ്ങനെ ഇരുപക്ഷത്തും 70-70 എന്നായി കക്ഷി നില. നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗത്തിന്‍റെ പിന്തുണ കോൺഗ്രസിന് ലഭിച്ചു. നിയമസഭയിൽ 71-70 ആയി നില. ആന്‍റണി പക്ഷക്കാരനായ എ.സി ജോസ് സ്പീക്കറായതോടെ വീണ്ടും 70 -70 എന്ന നിലയിലായി നിയമസഭയിലെ കക്ഷി നില. 

80 ദിവസം മാത്രമേ  ആയുസുണ്ടായിരുന്നുള്ളൂവെങ്കിലും സ്പീക്കർ എ സി ജോസിന്റെ കാസ്റ്റിങ് വോട്ടാണ്  പലപ്പോഴും മന്ത്രിസഭയെ പിടിച്ചു നിർത്തിത്. ഇതോടെ മന്ത്രിസഭയ്ക്ക് കാസ്റ്റിങ് സഭയെന്ന പേരും വീണു. പക്ഷേ ഈ സഭ അധികകാലം നീണ്ടില്ല,  ലോനപ്പൻ നമ്പാടൻ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചു. ഇതോടെ കരുണാകരൻ രാജിവച്ചു.

ENGLISH SUMMARY:

In a hung assembly scenario where both sides have an equal number of MLAs, the government's stability becomes precarious, as seen in Kerala during the 1981-82 period. This precarious balance often leads to a short-lived government, heavily reliant on factors like casting votes and shifting alliances.