തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലെ ബൂത്തില്‍ വോട്ടറുടെ വിരലിലെ തുന്നിക്കെട്ടിനെചൊല്ലി തര്‍ക്കം. മഷി പുരട്ടാന്‍ ഇടതുകൈയിലെ ചൂണ്ടുവിരലിലിലുള്ള മുറിവിലെ കെട്ട് അഴിക്കണമെന്ന് ഉദ്യോഗസ്ഥര്‍. ഉച്ചയ്ക്ക് വന്ന വോട്ടര്‍ ഒടുവില്‍ പോളിങ് സമയം അവസാനിരിക്കെയാണ് വോട്ട് ചെയ്തത്.  മണിക്കൂറുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ ചൂണ്ടുവിരല്‍തുമ്പിന് പകരം വരലിന് മുകളില്‍ മഷിപുരട്ടി വോട്ട് ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. കണ്ണംകുളങ്ങര സ്വദേശിനിയായ അക്ഷയയ്ക്കാണ് ബൂത്തില്‍ ദുരനുഭവമുണ്ടായത്.

മിക്സിയ്ക്കുള്ളിൽ കൈ കുടുങ്ങിയാണ് അക്ഷയയുടെ ചൂണ്ടുവിരലില്‍ മുറിവുണ്ടായത്. ഈ മുറിവിലെ തുന്നിക്കെട്ടുമായാണ് ഉച്ചക്ക് ഒരുമണിക്ക് കുഞ്ഞുമായി കുടുംബസമേതം അക്ഷയ വോട്ട് ചെയ്യാൻ വന്നത്. ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നു. എന്നാല്‍ പ്രിസൈഡിങ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല. മുറിവ് വച്ചുകെട്ടിയത് അഴിക്കണമെന്നാണ് ഉദ്യോഗസ്ഥന്‍റെ ആവശ്യം. മുതിർന്ന ഉദ്യോഗസ്ഥര്‍  ഇടപെട്ടിട്ടും  അക്ഷയയെ വോട്ട്  ചെയ്യാന്‍ പ്രിസൈഡിങ് ഓഫീസര്‍ അനുവദിക്കാതിരിക്കുകയായികുന്നു.

വലിയമുറിവാണെന്നും ഒന്നിലധികം സ്റ്റിച്ചുണ്ടെന്നും അക്ഷയ മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു. ‘ഒന്നര ആഴ്ച എങ്കിലും ഡ്രസ് ചെയ്യണം എന്നാണ് പറഞ്ഞത്. ബുദ്ധിമുട്ടാണെന്ന് ഞാൻ അവരോട് പറഞ്ഞു. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും കാണിച്ചു. പക്ഷേ അവര്‍ ഇത് തുറന്നു കാണിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ മാത്രമേ വോട്ട് ചെയ്യാൻ സമ്മതിക്കുകയുള്ളൂ എന്നും വ്യക്തമാക്കി. മേലുദ്യോഗസ്ഥരോടും പരാതി പറഞ്ഞു. അവര്‍ പറഞ്ഞിട്ടും അദ്ദേഹം സമ്മതിക്കുന്നില്ല’– അക്ഷയ പറഞ്ഞു. താൻ കുഞ്ഞുമായിട്ട് കുറേ മണിക്കൂറുകളായി ഇവിടെ വന്നിരിക്കുന്നുവെന്നും അക്ഷയ പറഞ്ഞു. ‘കുറേ നാളായി വോട്ട് ചെയ്യുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. വോട്ട് ചെയ്തിട്ടേ മടങ്ങൂ എന്നില്ല. മനസ്സിൽ വോട്ട് ചെയ്യാൻ ആഗ്രഹമുള്ളതു കൊണ്ടാണ്  വന്നത്’ അക്ഷയ വോട്ടുചെയ്യുന്നതിന് മുന്‍പ് പറഞ്ഞു.

അതേസമയം, തനിക്കുണ്ടായ തരത്തിലുള്ള ഒരനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്നായിരുന്നു വോട്ട് രേഖപ്പെടുത്തിയ ശേഷം അക്ഷയയുടെ പ്രതികരണം. ‘ഒന്നരയ്ക്ക് വന്നതാണ് ഞാൻ. ഇപ്പോള്‍ ആറുമണി. ഞാനും അച്ഛനും ഭക്ഷണം പോലും കഴിച്ചിട്ടില്ല. ഇത്ര മണിക്കൂർ കാത്തുനിന്നിട്ട് വോട്ട് ചെയ്യാൻ പറ്റുമോ ഇല്ലയോ എന്ന ആശങ്കയുണ്ടായിരുന്നു. ഇപ്പോള്‍ അഭിമാനം തോന്നുന്നു. ജനാധിപത്യത്തിന് വേണ്ടി ഒരു വോട്ട്’– അക്ഷയ പറഞ്ഞു.

സംഭവത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ സിപിഐ നേതാവ് വി.എസ്.സുനില്‍കുമാറും രംഗത്തെത്തിയിരുന്നു. പ്രിസൈഡിങ് ഓഫീസറുടെ നടപടി നിയമവിരുദ്ധമാണെന്നും തങ്ങൾ ഇത് ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘പൗരാവകാശത്തെ ചോദ്യം ചെയ്യുന്നു എന്ന് മാത്രമല്ല  ഇത് മനുഷ്യത്വരഹിതമാണ്. അക്ഷയ അവരുടെ ഐഡന്‍റിറ്റി തെളിയിച്ചിട്ടുണ്ട്. മാത്രമല്ല മറ്റ് രാഷ്ട്രീയ പാർട്ടി ഏജന്‍റുമാർക്കും പരാതികളില്ല. കലക്ടര്‍ വിളിച്ച് പറഞ്ഞു ചെയ്യാൻ പറ്റും, ബുദ്ധിമുട്ടില്ല എന്ന്. ആര്‍ഡിഒ വിളിച്ചു പറഞ്ഞു. എന്നിട്ടും വോട്ട് ചെയ്യിപ്പിച്ചില്ല. തുന്നല്‍ അഴിച്ചു പരിശോധിച്ച് ഇന്‍ഫെക്ഷന്‍ ഉണ്ടായാല്‍ ആര് ഉത്തരവാദിത്തം പറയും?’- സുനില്‍കുമാര്‍ ചോദിച്ചു.

ഒരു വോട്ട് ചെയ്യിപ്പിക്കില്ല എന്ന നിലപാട് പ്രിസൈഡിങ് ഓഫീസല്‍ എടുത്താല്‍ അതിന്‍റെ അർഥം എന്താണെന്നും സുനില്‍കുമാര്‍ ചോദിച്ചു. ‘തിരഞ്ഞെടുപ്പ് കമ്മീഷനാണ് വോട്ട് ചെയ്യാന്‍ വരൂ എന്ന് എല്ലാവരേയും ക്ഷണിച്ചത് കോടിക്കണക്കിന് രൂപയുടെ പ്രചാരണം നടത്തിയത്. എന്നാല്‍ ഇതുപോലെയുള്ള പ്രിസൈഡിങ് ഓഫീസര്‍മാര്‍ വോട്ട് ചെയ്യിപ്പിക്കാതിരിക്കാൻ വേണ്ടി ശ്രമം നടത്തുന്നു’– സുനില്‍കുമാര്‍ പറഞ്ഞു. താന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കറെ ഇക്കാര്യം അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

A tense situation unfolded at a polling booth in Koorkkencheri, Thrissur, after a presiding officer insisted that a voter remove the bandage on her injured finger to apply ink. Akshaya, a native of Kannamkulangara, arrived with a medical certificate for her stitched index finger, but was denied entry for hours. Despite instructions from senior election officials, the presiding officer remained adamant, causing Akshaya to wait with her child until the final hours of polling. She eventually cast her vote just before the deadline, highlighting the rigid stance of booth officials.