ന്യൂനപക്ഷഅവകാശങ്ങള്‍ക്കുമേല്‍ വലിയ കയ്യേറ്റം നടക്കുന്നുവെന്ന് യാക്കോബായ സഭ നിരണം ഭദ്രസനാധിപൻ ഡോക്ടർ വർഗീസ് മാർ കൂറിലോസ്. ഭരണഘടനപോലും ചോദ്യംചെയ്യുന്നു. ഇനി തിരഞ്ഞെടുപ്പുകള്‍ പോലും ഉണ്ടാകുമോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ന്യൂനപക്ഷ അവകാശങ്ങളുടെ മേൽ വലിയ കയ്യേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടാന്‍ ജനാധിപത്യം പുലരേണ്ടതുണ്ട്. മതേതരത്വം പുലരേണ്ടതുണ്ട്. അത്തരം ശക്തികളെ ജയിക്കാൻ പാടുള്ളൂ എന്നൊരു നിർബന്ധം എനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

'ദേശീയ സാഹചര്യം വളരെ നിർണായകമാണ്. എഫ്.സി.ആർ.എ തൽക്കാലം മൂടിെവയ്ക്കപ്പെട്ടെങ്കിലും വർധിച്ച വീര്യത്തോടുകൂടി തിരിച്ചു വരും. ജനാധിപത്യം സംരക്ഷിക്കപ്പെടാനും ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യ പ്രക്രിയ മുന്നോട്ടു പോകേണ്ടതുണ്ട്. ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയുംമതേതരത്വത്തിന്റെയും സംരക്ഷണത്തിനു വേണ്ടിയും അത് നിലനിൽക്കുവാനുമാണ് ഈ പ്രാവശ്യം വോട്ട് ചെയ്തിരിക്കുന്നത്. ‌' എന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകള്‍. 

ജനങ്ങൾ രാജാക്കൻമാരെന്നും സ്ഥാനാർഥികൾ ദാസൻമാരെന്നും  ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. എഫ്‌സിആർഎയെ സംബന്ധിച്ച് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ടെന്നും അതിനനുസരിച്ച് പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മുട്ടമ്പലം മുനിസിപ്പൽ ലൈബ്രറിയിലെ പോളിങ് സ്റ്റേഷനിൽ കാതോലിക്കാ ബാവാ വോട്ട് ചെയ്തു. എഫ്.സി.ആര്‍.എയില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്ന് ചങ്ങനാശേരി  അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. തിരഞ്ഞെടുപ്പില്‍ ഒരു ട്രെന്‍ഡും ഇല്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും പറഞ്ഞു. 

നാടിന്റെ വളര്‍ച്ചയ്ക്കും നന്മയ്ക്കും വോട്ട് ചെയ്തെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ പ്രതികരിച്ചു. എന്നാല്‍ FCRA തിര‍ഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. വോട്ട് ചെയ്യുന്നതിലൂടെ ഈ നാടിനോടുള്ള പ്രതിബദ്ധതയാണ് നമ്മള്‍ പ്രകടിപ്പിക്കുന്നതെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

ENGLISH SUMMARY:

Minority rights are facing significant encroachment, with the Indian constitution itself being questioned. Concerns about future elections are also rising as democratic and secular principles are perceived to be under threat.