സിനിമാരംഗത്തുനിന്ന് ഒട്ടേറെപ്പേര്‍ ഈ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാണ്. പ്രചാരണത്തിനിറങ്ങിയും അല്ലാതെയും സിനിമാരംഗത്തുള്ളവര്‍ അവര്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ പ്രചാരണത്തിനിറങ്ങാന്‍ തയാറാണെന്ന് നടന്‍ ആസിഫ് അലി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒരിടത്തും ആസിഫലി നേരിട്ട് പ്രചരണത്തിനെത്തിയില്ല. അതിനുള്ള കാരണം തുറന്നുപറയുകയാണ് നടന്‍ ഇപ്പോള്‍. Also Read: പിഷാരടി വിളിച്ചാല്‍ പ്രചാരണത്തിന് പോവും: ആസിഫ് അലി
തൊടുപുഴയില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ സിനിമാരംഗത്തെ സഹപ്രവര്‍ത്തകരുടെ വിജയസാധ്യതയെക്കുറിച്ച് ചോദ്യമുന്നയിച്ചത്. അതിന് ആസിഫലി നല്‍കിയ മറുപടി ഇങ്ങനെ. ‘ഒരുപാട് പ്രതീക്ഷയുണ്ട്. എന്നോട് ഒരു അഭിപ്രായം ചോദിക്കുകയും ഞാന്‍ എന്‍റെ സുഹൃത്തിനുവേണ്ടി ഇലക്ഷന്‍ പ്രചാരണത്തിന് പോകാനുള്ള മനസ് കാണിക്കുകയും ചെയ്തിരുന്നു. പക്ഷേ അതിനുശേഷമാണ് ഞാന്‍ അറിഞ്ഞത്, എനിക്ക് അടുത്തറിയാവുന്നവരും എന്‍റെ പ്രിയപ്പെട്ടവരും എനിക്ക് ഇഷ്ടമില്ലാത്തവരും താല്‍പര്യമില്ലാത്തവരുമായ ഒരുപാടുപേര്‍ മല്‍സരിക്കുന്നുണ്ടെന്ന്. ആരോടും ഒരു വ്യത്യാസവും കാണിക്കാതിരിക്കാന്‍ വേണ്ടിയിട്ടാണ് പ്രചരണത്തിന് ഇറങ്ങാതിരുന്നത്. പക്ഷ എന്നെക്കൊണ്ട് പറ്റുന്ന സഹായങ്ങള്‍ എന്‍റെ സുഹൃത്തുക്കള്‍ക്കുവേണ്ടി ചെയ്തിട്ടുണ്ട്.’
രമേഷ് പിഷാരടി മാത്രമല്ല, തനിക്ക് വ്യക്തിപരമായി അടുത്തറിയാവുന്നവരും ഇഷ്ടപ്പെടുന്നവരുമായ രാഷ്ട്രീയനേതാക്കളും മല്‍സരരംഗത്തുണ്ടെന്ന് ആസിഫലി പറഞ്ഞു. അതില്‍ ഇപ്പോള്‍ മന്ത്രിമാരായിരിക്കുന്നവരും എംഎല്‍എമാരായിരിക്കുന്നവരും താന്‍ ഉറ്റുനോക്കുന്നവരുമായ പലരുമുണ്ട്. അവരോടൊക്കെ സംസാരിക്കുന്നുണ്ട്. തന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുന്നതെല്ലാം അവര്‍ക്കുവേണ്ടി ചെയ്യുന്നുണ്ടെന്നും ആസിഫലി പറഞ്ഞു.
അടുത്ത സര്‍ക്കാര്‍ എങ്ങനെയാകണം?
എല്ലാ മനുഷ്യര്‍ക്കും സമീപിക്കാന്‍ കഴിയുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹമെന്ന് ആസിഫ് അലി പറഞ്ഞു. മിക്കപ്പോഴും കിട്ടിയിട്ടുള്ളതുപോലെ അഭിപ്രായസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന സര്‍ക്കാരാണ് നമുക്ക് വേണ്ടത്. നമ്മുടെ കയ്യെത്തും ദൂരത്തുള്ള ഒരു ഭരണസംവിധാനവും വേണമെന്നും ആസിഫ് അഭിപ്രായപ്പെട്ടു.
‘സമൂഹമാധ്യമങ്ങളില്‍ക്കൂടിയാണ് ആളുകള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ കമ്യൂണിക്കേറ്റ് ചെയ്യുന്നത്. നേരിട്ട് കണ്ട് അഭിപ്രായങ്ങള്‍ അറിയിക്കുകയും പറയുകയും ചെയ്യുന്ന കാലം മാറി. ഇപ്പോള്‍ ടെക്നോളജി വളരെ മുന്നോട്ടുപോയതുകൊണ്ട് ആളുകള്‍ക്ക് നേരിട്ട് ഇന്‍ററാക്ട് ചെയ്യാന്‍ അവസരങ്ങളുണ്ട്. അതെല്ലാം ഉപയോഗിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്ന, അതിന് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാന്‍ പറ്റുന്ന ഒരു സംവിധാനം ഉണ്ടാകണം.’ – ആസിഫ് അലി പറഞ്ഞു.