പാലക്കാട് മണ്ഡലത്തില്‍ വോട്ടിന് വേണ്ടി ബിജെപി പണം വിതരണം ചെയ്തെന്ന് ആരോപണം. ബിജെപിക്കെതിരെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്. കണ്ണാടി തരുവക്കുറുശിയിലാണ് ബിജെപി പ്രവർത്തകർ എത്തിയത്. കോണ്‍ഗ്രസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ ദൃശ്യങ്ങളിലുള്ള വയോധികയുടെ വീട്ടില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരിശോധന ആരംഭിച്ചു.
പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രന് ഒപ്പം എത്തിയ പ്രവർത്തകര്‍ വയോധികയ്ക്ക് പണം കൈമാറുന്ന ദൃശ്യമാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. വയോധികയെ മാറ്റി നിര്‍ത്തി കയ്യില്‍ പണം വച്ചുകൊടുക്കുന്നതും പിന്നാലെ തിരിച്ച് പോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പിന്നാലെ ശോഭാ സുരേന്ദ്രനും ദൃശ്യങ്ങള്‍ പകര്‍ത്തിയ യുഡിഎഫ് പ്രവർത്തകരുമായി തർക്കമുണ്ടാകുന്നതും വിഡിയോയിലുണ്ട്. തന്‍റെ ദൃശ്യങ്ങൾ പകർത്തരുതെന്ന് ശോഭാ സുരേന്ദ്രൻ പറയുന്നതും ക്ഷോഭിക്കുന്നതുമാണ് വിഡിയോയിലുള്ളത്. അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയവരോട് ശോഭ പറയുന്നു. ഫോണ്‍ തട്ടിപ്പറിക്കാന്‍ ശോഭ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം, മരുന്നിന് പണം ചോദിച്ചെന്ന് വയോധിക മാധ്യങ്ങളോട് പറഞ്ഞു. പണം കൈപ്പറ്റിയെന്ന് സമ്മതിച്ചതിന് പിന്നാലെ ബന്ധുക്കള്‍ ഇടപെട്ടതിനെ തുടര്‍ന്ന് വയോധിക മാറ്റിപ്പറയുകയും ചെയ്തു. പണം കൈപ്പറ്റിയിട്ടില്ലെന്നാണ് വയോധികയുടെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചത്. ആരോപണം തള്ളി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. വയോധികയുടെ കയ്യിലിരുന്നത് പെന്‍ഷന്‍ പണമെന്നും ശോഭ ജയിക്കുമെന്ന് കണ്ടപ്പോഴുള്ള ആരോപണിതെന്നും എസ്.സുരേഷ് പറഞ്ഞു.