വ്യാജ നോട്ടിസ് ഇറക്കി തേജോവധം ചെയ്യുന്നുവെന്ന് ആരോപിച്ച് പൊട്ടിക്കരഞ്ഞ് അടൂരിലെ കോൺഗ്രസ് സ്ഥാനാർഥി സി.വി. ശാന്തകുമാർ. ആർഡിഒ ഓഫിസിനു മുന്നിലെ പ്രതിഷേധത്തിനിടയാണ് ശാന്തകുമാർ പൊട്ടിക്കരഞ്ഞത്. താൻ ഒരു കേസിലും പ്രതിയല്ലെന്നും തന്നെ ഇല്ലാതാക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
ശാന്തകുമാർ കൊലക്കേസ് പ്രതി എന്ന മട്ടിലായിരുന്നു നോട്ടിസ് പ്രചാരണം. പിന്നാലെ ഇന്നലെ കോണ്‍ഗ്രസ് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശാന്തകുമാർ പ്രതിയല്ല എന്നറിയിച്ച് കലക്ടറാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെ പറക്കോട്ടുനിന്ന് രണ്ടുപേരും മണ്ണടിയിൽ നിന്ന് ഒരാളും കൊടുമണ്ണിൽ നിന്ന് ഒരാളും നോട്ടിസ് വിതരണത്തിനിടെ പിടിയിലാകുകയും ചെയ്തു.
തൊട്ടുപിന്നാലെ സി.പി.ഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാറും മറ്റ് സി.പി.എം നേതാക്കളും അടക്കം അടൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. പൊലീസുമായി വലിയ വാക്കേറ്റമുണ്ടായി. കോൺഗ്രസ് പ്രവർത്തകരാണ് വിതരണം ചെയ്തതെന്നും തങ്ങളുടെ പ്രവർത്തകരെ കുടുക്കിയതാണെന്നും ചിറ്റയം ആരോപിച്ചു. അടൂർ സ്റ്റേഷനിൽ നിന്ന് രണ്ടുപേരെ നേതാക്കൾ ഇറക്കി കൊണ്ടുപോയി. അതേസമയം, ഏനാത്ത് പൊലീസ് പിടികൂടിയ ആളെ വിട്ടയക്കുകയും ചെയ്തു. നോട്ടിസും കരച്ചിലും ഇരു മുന്നണികളുടെയും നാടകമാണെന്നാണ് സംഭവത്തില്‍ ബി.ജെ.പി സ്ഥാനാർഥി പന്തളം പ്രതാപൻ പ്രതികരിച്ചത്.