ma-baby-2

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ സീറ്റുകളില്‍ എല്‍ഡിഎഫ്  സെഞ്ചറി തികയ്ക്കുമെന്നു സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ.ബേബി. കഴിഞ്ഞ രണ്ടു തവണയും സാധിക്കാത്തത് ഇത്തവണ സാധിക്കും. യുഡിഎഫ് ഗ്യാരന്‍റികള്‍ ജനം വിശ്വസിക്കില്ലെന്നും പിണറായിയുടെ മുഖം മാത്രമുള്ള ഹോര്‍ഡിങ്ങുകളില്‍ പ്രശ്നമില്ലെന്നും ബേബി കൂട്ടിച്ചേര്‍ത്തു.

 

എല്ലാക്കാലവും നേതാക്കന്‍മാരെ ആഘോഷിക്കാറുണ്ടുണ്ടെന്നു പറഞ്ഞ ബേബി എല്‍ഡിഎഫ് അല്ലാതെ മറ്റാരുണ്ട് എന്നുള്ള ടാഗ്ലൈനിലാണ് മുഖ്യമന്ത്രിയുടെ ചിത്രമുള്ളതെന്നും പ്രതികരിച്ചു. കൊല്ലത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.

 

അതേസമയം, കേരളം ഇനി ആര് ഭരിക്കുമെന്ന് ജനങ്ങള്‍ നിശ്ചയിക്കുന്ന ദിവസത്തിന് രണ്ട് പകലിന്‍റെ അകലം മാത്രം. വോട്ടര്‍മാരുടെ മനസില്‍ കയറിക്കൂടാനുള്ള അവസാന അടവും പുറത്തെടുത്ത് മുന്നണികളുടെ കലാശക്കൊട്ട് ഇന്ന്. ഇതോടെ ഇന്നത്തെ പകല്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആവേശം ഉച്ചസ്ഥായിലെത്തും. 

 

രാവിലെ മുതല്‍ റോഡ് ഷോയും റാലികളുമായി കളം നിറയാനാണ് ഭൂരിഭാഗം സ്ഥാനാര്‍ഥികളും തീരുമാനിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം മണ്ഡലാടിസ്ഥാനത്തില്‍ കലാശക്കൊട്ട് സംഘടിപ്പിക്കും.  വയനാട് എംപി പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് സ്വന്തം ജില്ലയിലെത്തും.  സംസ്ഥാനത്ത് 2500 പ്രശ്നസാധ്യത പോളിങ് ബൂത്തുകളെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍.  

ENGLISH SUMMARY:

LDF century seats in the Kerala assembly elections is predicted by CPM General Secretary M.A. Baby, who believes they will surpass previous performances. He also stated that the public will not believe UDF guarantees and expressed no concerns about Pinarayi Vijayan's prominent presence on campaign hoardings.