നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറുസീറ്റിലധികം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അക്കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും തിരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് പറഞ്ഞതൊന്നും തനിക്ക് മാറ്റിപ്പറയേണ്ടി വന്നിട്ടില്ലെന്നും സതീശന്‍ മനോരമന്യൂസിനോട് പറഞ്ഞു. വയനാട്ടിലെ വീട് നിര്‍മാണത്തില്‍ സിപിഎമ്മാണ് നിലവില്‍ പ്രതിരോധത്തിലെന്നും അവരുടെ കളവ് മറച്ചുവയ്ക്കാന്‍ ചെയ്തതാണ് അതെന്നും സതീശന്‍ ആരോപിച്ചു. ആപ്പുവഴിയാണ് കോണ്‍ഗ്രസ് പണം ശേഖരിച്ചത്. അതിന്‍റെ കണക്കുകള്‍ ഹാജരാക്കി. ഞങ്ങള്‍ ഒന്നിലും പിന്നോട്ട് പോയിട്ടില്ല. പയ്യന്നൂരിലും അഭിമന്യുവിന്‍റേതും വിഷ്ണുവിന്‍റേതും ഉള്‍പ്പടെ മൂന്ന് രക്തസാക്ഷികളുടെ ഫണ്ട് സിപിഎം അടിച്ചുമാറ്റി. ശവംതീനികളാണ്. അയ്യപ്പന്‍റെ സ്വര്‍ണവും അടിച്ചുമാറ്റി. ദ്വാരപാലക ശില്‍പം കൊണ്ടുപോയി കോടീശ്വരന് വിറ്റു. കമിഴ്ന്ന് വീണാല്‍ കാല്‍പ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ സര്‍ക്കാരാണിതെന്നും സതീശന്‍ ആരോപിച്ചു. കോവിഡ് കാലത്ത് ജനങ്ങള്‍ കഷ്ടപ്പെട്ട് ഓടി നടക്കുമ്പോള്‍ സര്‍ക്കാര്‍ കാലാവധി കഴിഞ്ഞ മരുന്ന് വിറ്റ് 80 ശതമാനം കമ്മിഷന്‍ നേടിയെന്ന ഗുരുതര ആരോപണവും പ്രതിപക്ഷ നേതാവ് ഉയര്‍ത്തുന്നു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗ് ഭരിക്കുമെന്ന് സിപിഎം പറയുന്നതാണ് വര്‍ഗീയത. ലീഗ് അഞ്ചും പത്തും സീറ്റ് കൂടുതല്‍ ചോദിക്കുമെന്ന് പറഞ്ഞു, സീറ്റ് വിഭജനം കഴിഞ്ഞപ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ സീറ്റ് കിട്ടിയതെന്ന് കേരളം കണ്ടതാണ്. ഒരപസ്വരവും കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. വോട്ടിനായി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന് പറഞ്ഞവര്‍ അതാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു. പിഡിപി, ആര്‍എസ്എസ്,എസ്ഡിപിഐ തുടങ്ങി എല്ലാവരും സിപിഎമ്മിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയില്‍ ഒരു ഡസന്‍ മന്ത്രിമാര്‍ വീഴുമെന്നും വന്‍മരങ്ങള്‍ കടപുഴകുമെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. ഒരു മന്ത്രി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, എല്‍ഡിഎഫും യുഡിഎഫും ബിജെപിയെ ഭയക്കുന്നുവെന്നും അതുകാരണമാണ് ഓരോരോ പ്രചാരണം അഴിച്ചുവിടുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എത്രസീറ്റ് കിട്ടുമെന്ന് കൃത്യമായ വിലയിരുത്തലുണ്ട്, എന്നാലത് പരസ്യമായി പറയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ക്രോസ് വോട്ടുചെയ്യാന്‍ ഇത്തവണയും സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കും. എന്നാല്‍ ഞങ്ങളെ തോല്‍പ്പിക്കാന്‍ സമ്മതിക്കരുതെന്ന് ബൂത്തുകളിലും വീടുവീടാന്തരവും കയറി ജനങ്ങളോട് പറഞ്ഞു. ബിജെപിയുടെ ശക്തായ പ്രചാരണം പോളിങ് ശതമാനത്തില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.