നാടിന്‍റെ മുക്കും മൂലയും ഇളക്കി മറിച്ച്  23 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശവും ആഘോഷവും നിറഞ്ഞ സമാപനം ഒരുക്കി സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. മണ്ഡലങ്ങളില്‍ നിറയുന്ന ത്രികോണപ്പോരിന്‍റെ ചൂടും ചൂരും തെക്കന്‍ കേരളത്തിലെ കലാശക്കൊട്ടിലും പ്രകടമായി. പ്രളയത്തിന് കാരണം സ്പില്‍വേ തുറക്കാത്തതെന്ന് ആരോപിച്ച് റാന്നിയിലും തിരുവല്ലയിലും യു.ഡി.എഫ് കലാശക്കൊട്ട് ഒഴിവാക്കി. 

ഒരിഞ്ച് വിട്ടുകൊടുക്കാത്ത പോരാട്ടം നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ കലാശക്കൊട്ടിലും മല്‍സരമായിരുന്നു. പാട്ടിലും മേളത്തിലും പ്രവര്‍ത്തകരുടെ എണ്ണത്തിലും തുടങ്ങി ക്രയിനില്‍ ഏറ്റവും ഉയര്‍ന്ന് പൊങ്ങുന്നതില്‍ വരെ മൂന്ന് മുന്നണികളും മല്‍സരിച്ചു. നേമത്ത് ശബരീനാഥനും ശിവന്‍കുട്ടിയും കരമനയില്‍ ആഘോഷിച്ചപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ തിരുവല്ലത്തേക്ക് മാറ്റി. ട്രേഡ് മാര്‍ക്കായ ചുവടുകള്‍ രമ്യ ഹരിദാസ് പുറത്തെടുത്തപ്പോള്‍ ചിറയിന്‍കീഴില്‍ പതിവിലും ആവേശം. ത്രികോണപ്പോരിന്‍റെ ചൂട് കുതിച്ചുയരുന്ന കഴക്കൂട്ടത്ത് കലാശപ്പോരുമായി മുന്നണികള്‍ മണ്ഡലം നിറഞ്ഞു.

കലാശക്കൊട്ടിന് വരില്ലായെന്ന പതിവ് തെറ്റിച്ച് കെ.ബി.ഗണേഷ് കുമാര്‍ പ്രത്യക്ഷപ്പെട്ടെങ്കിലും കുറച്ച് കഴിഞ്ഞ് മടങ്ങി. ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഉയര്‍ത്തി കലാശക്കൊട്ട് തുടങ്ങിയ ജ്യോതികുമാര്‍ ചാമക്കാല മക്കളേയും കൂടെക്കൂട്ടി. 

പ്രവര്‍ത്തകന്‍റെ കയ്യില്‍ നിന്ന് പൂത്തിരി തെറിച്ച് വാഹനത്തിലേക്ക് വീണത് പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും പെട്ടെന്ന് പരിഹരിച്ചു. 2018ലെ പ്രളയത്തിന് കാരണം സ്പില്‍വേ തുറക്കാതെ പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതിയെന്ന ആരോപിച്ച് സത്യഗ്രഹം നടത്തിക്കൊണ്ടാണ് ആറന്‍മുളയില്‍ അബിന്‍ വര്‍ക്കി തുടങ്ങിയത്. ഒടുവില്‍ ക്രയിനിലുയര്‍ന്ന് ആഘോഷം. ഒപ്പം ആരോഗ്യമന്ത്രിക്ക് പരിഹാസ ഫ്ളെക്സും.

ലോറിക്ക് മുകളിലേറി ആവേശം നിറയ്ക്കുന്നതിനിടെ വീണ ജോര്‍ജിന്‍റെ വേദി ചെറുതായി ചെരിഞ്ഞത് പരിഭ്രാന്തി പരത്തിയെങ്കിലും പ്രശ്നം വേഗത്തില്‍ പരിഹരിച്ചു കലാശക്കൊട്ട് തുടര്‍ന്നു. റാന്നിയിലെയും തിരുവല്ലയിലെയും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ കലാശക്കൊട്ട് ഒഴിവാക്കി സത്യഗ്രഹ പ്രതിഷേധം സംഘടിപ്പിച്ചു. 

മധ്യകേരളത്തിൽ കലാശക്കൊട്ട് അതിഗംഭീരമാക്കി മുന്നണികൾ. സ്ഥാനാർഥികളുടെ നൃത്തവും, സെലിബ്രിറ്റികളുടെ സാന്നിധ്യവും പരിപാടി കളറാക്കി. കലാശക്കൊട്ടിനിടെ ഹരിപ്പാടും, പെരുമ്പാവൂരിലുമടക്കം പലയിടത്തും പ്രവർത്തകർ തമ്മിൽ ഉന്തുംതള്ളുമുണ്ടായി.  ഒരുമാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചരണം അതിഗംഭീരമായി തന്നെയാണ് മധ്യകേരളത്തിൽ കൊട്ടിക്കലാശിച്ചത്. തനത് കലാരൂപങ്ങളും, നൃത്തവും, ഡിജെയുമെല്ലാം ആഘോഷത്തെ വേറെ ലെവലിലെത്തിച്ചു. സംഗതി വൈബാക്കാൻ സെലിബ്രിറ്റികളടക്കം എത്തിയെങ്കിലും, പലയിടത്തും സ്ഥാനാർഥികൾ തന്നെയായിരുന്നു വെറൈറ്റിയുമായി ഇറങ്ങിയത്. പതിവ് തെറ്റിക്കാതെ ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ്റെ ഡാൻസ് തന്നെയായിരുന്നു മെയിൻ. കട്ട കോമ്പറ്റീഷനുമായി തൃപ്പൂണിത്തുറയിൽ അഞ്ജലി നായരും.

തൃശ്ശൂരിൽ പതിവ് തെറ്റിക്കാതെ കൊട്ടിക്കലാശത്തിലും പുലിയിറങ്ങി. ആലപ്പുഴയിൽ സ്ത്രീകളുടെ നൃത്തവും ശ്രദ്ധിക്കപ്പെട്ടു. മന്ത്രി പി.രാജീവിനൊപ്പം റാപ്പർ വേടനും കൊട്ടിക്കലാശത്തിൽ നിറഞ്ഞുനിന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ഔട്ടാക്കാൻ ആദ്യപന്തെറിഞ്ഞ നടി റിനി ആൻ ജോർജ് പ്രതിപക്ഷ നേതാവിനൊപ്പം വടക്കൻ പറവൂരിൽ അവസാനഘട്ട പ്രചരണത്തിന്റെ ഭാഗമായി. വണ്ടിക്ക് മുന്നിൽ നിന്ന മന്ത്രി റോഷി അഗസ്റ്റിനും, ലോറിയിൽ നിന്നും ക്രെയിനിലേക്ക് കയറിയ ഷോൺ ജോർജും കലാശക്കൊട്ടിലെ കൗതുകങ്ങളായി. ക്ലൈമാക്സ് ഫൈറ്റിനും കുറവുണ്ടായില്ല. പെരുമ്പാവൂരിലെ സംഘർഷവും, കോതമംഗലത്തെ പോർവിളിയും, കളമശ്ശേരിയിലെ ചേരിതിരിഞ്ഞുള്ള മുദ്രാവാക്യങ്ങളും കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന തോന്നലുണ്ടാക്കി

പാലക്കാടും പേരാവൂരിലും കലാശകൊട്ടിനിടെ സംഘര്‍ഷം. തളിപ്പറമ്പ്, പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്താമാടിയപ്പോള്‍ സ്വര്‍ണം കട്ടത് ആരപ്പാ എന്ന പാട്ടിനൊപ്പാണ് പാലക്കാട് രമേഷ് പിഷാരടിയും വി.കെ. ശ്രീകണ്ഠന്‍ എംപിയും ചുവടുവച്ചത്. യുഡിഎഫ് മികച്ച വിജയം നേടുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും തുടര്‍ഭരണം ഉറപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മനോരമ ന്യൂസിനോട് പറഞ്ഞു. 

വീറുറ്റ പോരാട്ടം നടക്കുന്ന പേരാവൂരില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു കയ്യാങ്കളി  ഇരിട്ടി ടൗണിലുണ്ടായ സംഘര്‍ഷത്തില്‍ ലീഗ് പ്രവര്‍ത്തകന് മര്‍ദനമേറ്റു. സ്വര്‍ണം കട്ടത് സഖാക്കളാണപ്പാ എന്ന ഫ്ലെക്സ് സ്ഥാപിച്ചതാണ് സംഘര്‍ഷത്തിന് കാരണം. പാലക്കാട് എല്‍ഡിഎഫ് യുഡിഎഫ് സംഘര്‍ഷത്തില്‍ മൂന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പൊലിസ് ലാത്തി വീശി. കളര്‍ഫുള്‍ കലാശക്കൊട്ടായിരുന്നു എങ്ങും. തളിപ്പറമ്പില്‍ പ്രവര്‍ത്തകര്ക്കൊപ്പമുള്ള പി.കെ. ശ്യാമളയുടെ ഡാന്‍സ് ആയിരുന്നു ഹൈലൈറ്റ്. പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍എംആര്‍ റസാഖും പ്രവര്‍ത്തകര്‍ക്കൊപ്പം ചുവടുവച്ചു. സ്വര്‍ണം കട്ടത് ആരപ്പാ എന്ന പാട്ടിനൊപ്പം ചുവടുവച്ചാണ് രമേശ് പിഷാരടിയും വി.കെ. ശ്രീകണ്ഠന്‍ എംപിയും ഇതിന് മറുപടി നല്‍കിയത്. കൂളിങ് ഗ്ലാസിലായിരുന്നു ശോഭാ സുരേന്ദ്രന്‍റെ വരവ്. മലപ്പുറത്ത് എല്‍‍ഡിഎഫ് എത്തിയത് പച്ച വണ്ടിയില്‍.

കോഴിക്കോട് നോര്‍ത്ത് മാവൂര്‍ റോഡിലും സൗത്ത് പാളയത്തും ആവേശം കൊട്ടിയിറക്കി.  പേരാവൂരില്‍ കെ.കെ. ശൈലജക്കൊപ്പം എംവി ഗോവിന്ദനും കലാശക്കൊട്ടിനെത്തി.  നാദാപുരത്ത് ഷാഫി പറമ്പില്‍ എംപിയുടെ റോഡ് ഷോയോടെയാണ് കെഎം അഭിജിത്ത് പരസ്യപ്രചാരണം അവസാനിപ്പിച്ചത്. 

ENGLISH SUMMARY:

Kerala Assembly Elections 2024 campaign has concluded with vibrant rallies and protests across the state. As the state gears up for polling day, parties engaged in last-minute efforts to sway voters, amidst some unfortunate incidents.