യുഡിഎഫ് നേതാവ് രമേശ് ചെന്നിത്തലയെ അധിക്ഷേപിക്കുന്ന തരത്തിൽ കൃത്രിമമായി നിർമ്മിച്ച എഐ (AI) വീഡിയോയ്ക്കെതിരെ ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശപ്രകാരമാണ് പൊലീസ്എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചെന്നിത്തലയുടെ ദൃശ്യങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നിർമ്മിച്ച ഈ വിഡിയോയിൽ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പരാതി.

ഹരിപ്പാട് മണ്ഡലത്തിലെ വിവിധ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഈ വിഡിയോ വ്യാപകമായി പ്രചരിപ്പിച്ചതിനെത്തുടർന്ന് ചെന്നിത്തലയുടെ ഇലക്ഷൻ കമ്മിറ്റി ഭാരവാഹികളായ അനിൽ ബി. കളത്തിലും അഡ്വ. ഷുക്കൂറും നൽകിയ പരാതിയിലാണ് നടപടി.

മതപരമായ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചതിനും വ്യക്തിഹത്യ നടത്തിയതിനും ഭാരതീയ ന്യായസംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി വീഡിയോ പ്രചരിപ്പിച്ചതിന് പിന്നിൽ ബിജെപി പ്രാദേശിക നേതൃത്വമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ, നിലവിൽ പ്രതികളുടെ പേര് രേഖപ്പെടുത്താതെയാണ് എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്.  

ENGLISH SUMMARY:

AI video Ramesh Chennithala is at the center of a case filed by Alappuzha cyber police based on instructions from the Election Commission. The video allegedly contains remarks that hurt religious sentiments, leading to an FIR being registered.