r-sreelekha-walks-out-election

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥി ആർ.ശ്രീലേഖ. പ്രമുഖ വോട്ടർമാരുമായി നടത്തിയ സംവാദത്തിനിടെ കേന്ദ്ര മന്ത്രി എസ്.ജയശങ്കർ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചാണ് ശ്രീലേഖ വേദി വിട്ടത്. യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത ജയശങ്കർ പേര് പറഞ്ഞതും വോട്ട് അഭ്യർഥിച്ചതും രാജീവ് ചന്ദ്രശേഖറിനു വേണ്ടിയാണ്.

വേദി വിട്ട ശ്രീലേഖ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ജി.സോമനോട് കയർക്കുകയും ചെയ്തു. പിന്നീട് നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച് ശ്രീലേഖയെ തിരികെ എത്തിക്കുകയായിരുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ വി.വി രാജേഷ്, രാജീവ് ചന്ദ്രശേഖർ എന്നിവരെയും ശ്രീലേഖ അതൃപ്‌തി അറിയിച്ചതായാണ് വിവരം.

മുന്‍പും പലതവണ തനിക്ക് അതൃപ്തിയുണ്ടായപ്പോളെല്ലാം അത് ശ്രീലേഖ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ജനുവരിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത ബിജെപി പൊതു സമ്മേളന വേദിയില്‍ മോദിയുടെ അടുത്ത് പോലും പോകാതെ മേയറാക്കാത്തതിലെ അതൃപ്തി ശ്രീലേഖ പ്രകടിപ്പിച്ചിരുന്നു. മേയര്‍ വി.വി.രാജേഷും, കെ.സുരേന്ദ്രനും ഉള്‍പ്പടെയുള്ള നേതാക്കള്‍ മോദിയെ യാത്രയാക്കുന്ന ഘട്ടത്തിലും ശ്രീലേഖ ആ പരിസരത്തേക്ക് പോലും പോകാതെ മാറിനില്‍ക്കുകയായുരുന്നു.

അതിനും മുന്‍പ് തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർമാരുടെ ഡൽഹി യാത്രയിൽ നിന്നും ശ്രീലേഖ വിട്ടുനിന്നിരുന്നു. മേയര്‍ പദവി ലഭിക്കാത്തതില്‍ നീരസം പ്രകടമാക്കുകയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ പ്രായത്തിൽ കേരള എക്സ്പ്രസിൽ ഒരു യാത്ര നടത്താൻ പ്രയാസമാണെന്നും വ്യക്തിപരമായ മറ്റ് കാരണങ്ങളുമുണ്ടെന്നുമാണ് ശ്രീലേഖ പിന്നീട് വിശദീകരിച്ചത്.

ENGLISH SUMMARY:

BJP candidate for Vattiyoorkavu, R Sreelekha, walked out of an election interaction after Union Minister S Jaishankar failed to mention her name during his virtual address. While Jaishankar sought votes for Rajeev Chandrasekhar, Sreelekha expressed her displeasure to party leaders including G Soman and VV Rajesh. This incident follows a series of public displays of discontent by the former DGP, reportedly over not being considered for the Mayor post in Thiruvananthapuram. Despite being persuaded back to the venue by senior leaders, the internal friction within the BJP camp has become a talking point in the 2026 Kerala Assembly Election.