കോവളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എം.വിന്‍സെന്റിന്റെ ഓഫിസ് ആക്രമിച്ചെന്ന് പരാതി. ഉച്ചക്കടയിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാണ് അജ്ഞാതർ അടിച്ചുതകർത്തത്. ഇലക്ഷനുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും പ്രിന്ററും അക്രമികൾ പൂർണ്ണമായും നശിപ്പിച്ചു. ഇതിന് പുറമെ ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന വലിയ ഫ്ലെക്സ് ബോർഡുകളും വലിച്ചുകീറിയ നിലയിലാണ് കണ്ടെത്തിയത്. ഓഫീസിന് കാവലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ രാവിലെ പ്രാഥമിക ആവശ്യങ്ങൾക്കായി വീട്ടിലേക്ക് പോയ സമയത്താണ് ആക്രമണം നടന്നതെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.
സെക്യൂരിറ്റി ജീവനക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥാനാർഥി എം.വിന്‍സെന്റ് നേരിട്ടെത്തി ഓഫീസ് പരിശോധിക്കുകയും തുടർന്ന് പൊലീസിനെ സമീപിക്കുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
രാഷ്ട്രീയ എതിരാളികൾക്കെതിരെ യുഡിഎഫ് കേന്ദ്രങ്ങൾ ഇതുവരെ പരസ്യമായി ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി നടക്കുന്നതിനിടെയാണ് കോവളത്ത് സ്ഥാനാർഥിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടത്. ആരാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.